ഉത്തരം കിട്ടാത്ത ജീവിത യാത്രയില്‍ നിന്നും അടര്‍ത്തിയെടുത്ത അര്‍ദ്ധനഗ്ന സത്യങ്ങള്‍
Saturday, June 19, 2010
ആശാന്റെ അനശ്വര ഗാനങ്ങള്‍..
Wednesday, May 19, 2010
കഥ, തിരക്കഥ, സംഭാഷണം: "മനു"
ഒരു ഉദാഹരണം പറഞ്ഞാല്‍,
ആരെങ്കിലും അവനോടു ചോദിക്കുന്നു:
"എടാ മനൂ.. നീ എങ്ങോട്ട് പോകുവാ? "
"എന്റെ കൂട്ടുകാരന്‍ ഗള്‍ഫീന്ന് വരുന്നുണ്ട്. "
"ഓ.. നീ എയര്‍പോര്‍ട്ടില്‍ പോകുവാണോ?"
"അല്ലെടാ. അവന്‍ ഒരു കുപ്പി കൊണ്ടുവരും."
"ഓഹോ. അപ്പൊ വീശാന്‍ പോകുവാണോ? "
"അല്ലെടാ. വീശാന്‍ പോകാന്‍ ഇപ്പൊ വയ്യ. ചെറിയ ജലദോഷം ഉണ്ട്. കഴിഞ്ഞ ആഴ്ച വീഗാ ലാന്‍ഡില്‍ പോയപ്പോ പിടിച്ചതാ . ആ..അവിടെ വെച്ച് നമ്മുടെ രതീഷിനെ കണ്ടാരുന്നു. അവന്റെ കയ്യില്‍ കിടിലം ഒരു മൊബൈല്‍. അവനിപ്പോ പാസ്പോര്‍ട്ട്‌നു അപ്ലൈ ചെയ്തിട്ട് നില്‍ക്കുവാ. പാസ്പോര്‍ട്ട് കിട്ടിയില്ലേല്‍ ആകെ കുഴപ്പമാകും. അവനു കുവൈറ്റില്‍ ഒരു ജോലി ശരിയായിട്ടുണ്ട്. അവന്റെ അനിയനാണെങ്കില്‍ കാലൊടിഞ്ഞു ഹോസ്പിറ്റലില്‍ കിടക്കുവാ. എന്ത് ചെയ്യാനാ. മനുഷ്യന്റെ കാര്യങ്ങളല്ലേ"
ആകെ കുടുങ്ങി.അവന്‍ നാക്ക് ഫിഫ്ത്ത് ഗിയറില്‍ ഇട്ടു.മനുവിന്റെ വൈവിധ്യമാര്‍ന്ന സംഭാഷണങ്ങള്‍ കേട്ട്, ചോദ്യം ചോദിക്കുന്നവന്‍ പിന്നെ മൌനത്തിലേക്ക് ഊളിയിടും . വിഷയം കൈവിട്ടു പോയിരിക്കുന്നു. വയാഗ്രയില്‍ തുടങ്ങിയ സംസാരം നയാഗ്രയില്‍ പോയി ഒരു ചെറു കുളിയും പാസ്സാക്കി നില്‍ക്കുന്നു. ഈ രീതിയിലുള്ള സംഭാഷണം ഒരു പത്തു മിനിറ്റ് കഴിഞ്ഞതിനു ശേഷം നമ്മള്‍ വീണ്ടും ആ പഴയ ചോദ്യം ചോദിച്ചാല്‍ ചിലപ്പോ മറുപടി കിട്ടിയെന്നിരിക്കും.
"എടാ അപ്പൊ നീ എവിടെ പോകുവാ?"
"ഞാന്‍ ചുമ്മാ നടക്കാന്‍ ഇറങ്ങിയതാ.."
ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങള്‍.!!!!
ഇന്ത്യ ക്രിക്കറ്റ് മാച്ച് ജയിച്ചാല്‍ അതിനെ 'ഇന്ത്യ മൊരിഞ്ഞു' എന്നും തോറ്റാല്‍ 'ഇന്ത്യ സ്പാറി' എന്നും ഒക്കെയാണ് പുള്ളിയുടെ ഭാഷകള്‍. ജയിച്ചോ തോറ്റോ എന്നറിയണമെങ്കില്‍ നമ്മള്‍ വല്ല പത്രത്തിലോ മറ്റോ നോക്കണം. അവന്റെ കോഡുകള്‍ ഡീകോഡ് ചെയ്തു ചെയ്തു ഞങ്ങള്‍ ചെന്നയിലെ കനത്ത ചൂടിലും കുളിര് കൊണ്ടു.
ഒരിക്കല്‍ മനു എന്നോട് ഒരു ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു കൊടുക്കാന്‍ പറഞ്ഞു. അവന്റെ ഓണ്‍ലൈന്‍ അക്കൗണ്ട് എന്തോ പ്രോബ്ലം ആണെന്നും പറഞ്ഞു. എല്ലാ DETAILS ഉം മെയിലില്‍ അയച്ചു തന്നത് കൊണ്ട് കുഴപ്പമില്ലാതെ ബുക്ക് ചെയ്തു. നേരിട്ട് പറഞ്ഞു തന്നിരുന്നേല്‍, ചെന്നൈയില്‍ നിന്നും എറണാകുളം പോകാനുള്ള ടിക്കറ്റ് നു പകരം അങ്കമാലീന്നും ജോളാര്‍പെട്ടയിലേക്ക് ബുക്കിയേനെ. അത്രയ്ക്കാണ് അദ്ധേഹത്തിന്റെ 'കാര്യങ്ങള്‍ വളച്ചു പറയല്‍' സ്കില്‍ !!!!
അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു.. അന്നാണ് മനുവിന് യാത്ര ചെയ്യേണ്ടത്. വൈകിട്ട് എട്ടു മണിയ്ക്കാണ് ട്രെയിന്‍. പക്ഷെ രാവിലെ തന്നെ അവന്‍ ആകെ നിരാശന്‍ ആയി കാണപ്പെട്ടു. പിറ്റേന്ന് ഞങ്ങള്‍ കാറില്‍ പോണ്ടിച്ചേരിയില്‍ പോകുന്നുണ്ടെന്ന നഗ്ന സത്യം അവനു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അവനെ കൊതിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. 'പോണ്ടിച്ചേരിയില്‍ ചെന്നിട്ടു ദദ് ചെയ്യും, ദിദ് ചെയ്യും, തലയും കുത്തി നില്‍ക്കും, മദാമ്മമാരോടോത്ത് ബീച്ച് വോളിബോള്‍ കളിക്കും, അതിനു ശേഷം അവരുടെ കൂടെത്തന്നെ സണ്‍ ബാത്ത് നടത്തും, etc etc'.
ഇതൊക്കെ ഇമാജിന്‍ ചെയ്തു അവനു വട്ടായി.
ഒടുവില്‍ സഹികെട്ട് അവന്‍ എന്നോട് പറഞ്ഞു:
"എടാ നീ ബുക്ക് ചെയ്ത ആ ടിക്കറ്റ് ഇല്ലേ.. ഇന്ന് വൈകിട്ട് വരുമ്പോ അതങ്ങ് കശക്കിയേരെ"
"കശക്കാനോ?" ഒന്നും മനസ്സിലാകാത്തത് കൊണ്ട് ഞാന്‍ ചോദിച്ചു.
"നീ വൈകിട്ട് വരുമ്പോ അതിന്റെ പരിപ്പെടുത്തോണ്ട് വാ. ഇപ്പൊ തന്നെ ടൈം ഓവര്‍ ആയി..ഇനിയെങ്കിലും അത് ചെയ്തില്ലെങ്കില്‍ കുഴപ്പമാ.."
ഓ അതുശരി, അപ്പൊ അവന്‍ ഞങ്ങളുടെ കൂടെ പോണ്ടിച്ചേരിയില്‍ വരാന്‍ തന്നെ തീരുമാനിച്ചു. ശരി, കശക്കിയേക്കാം.. നമ്മുടെ പയ്യനല്ലേ.. മാത്രവുമല്ല അവന്‍ കൂടെ ഉണ്ടെങ്കില്‍ പിന്നെ പൂരപ്പാട്ട് പാടാന്‍ വെളീന്ന് വേറെ ആളെ വിളിക്കേണ്ട കാര്യവുമില്ല.
ഓഫീസിലെത്തി നേരെ തന്നെ അക്കൗണ്ട് ലോഗിന്‍ ചെയ്തു കയറി ആ കാര്യം അങ്ങ് സാധിച്ചു.. ടിക്കറ്റ് നല്ല വെടിപ്പായി അങ്ങ് കശക്കി. ഇനിയും ലേറ്റ് ആയാല്‍ തിരിച്ചു കിട്ടുന്ന തുക കുറയും. REFUND amount Rs . 242 നാല് ദിവസത്തിനുള്ളില്‍ നമ്മുടെ അക്കൌണ്ടില്‍ വരുന്നതാണെന്ന് എന്ന് എഴുതി കാണിച്ചു..ചെറിയ ഒരു മനസ്സമാധാനം.. ജീവിതത്തില്‍ ഒരു ഉപകാരം കൂടി അങ്ങ് ചെയ്തു. ഈശ്വരാ.. എനിക്ക് ഇതൊക്കെ തുടരുവാനുള്ള ആയുസ്സും ആരോഗ്യവും ഓജസ്സും നല്‍കണേ.. മനമുരുകി പ്രാര്‍ഥിച്ചു..
വൈകിട്ട് വീട്ടിലെത്തിയപ്പോ മനു അവിടെയുണ്ട്.
"എടാ കശക്കിയോ?"
"രാവിലെ തന്നെ കശക്കിയാരുന്നു"
"എങ്കില്‍ ഇങ്ങു തന്നേരെ.."
"എടാ refund ചെയ്യാന്‍ മൂന്ന് നാല് ദിവസം എങ്കിലും എടുക്കും. കാശ് കിട്ടുമ്പോ ഞാന്‍ തരാം"
" REFUND ഓ? പ്രിന്‍റ് എടുക്കുന്നതിന് എന്തിനാ REFUND? "
"printo?. ക്യാന്‍സല്‍ ചെയ്യാനല്ലേ നീ പറഞ്ഞത്.. ഞാന്‍ ടിക്കറ്റ് അങ്ങ് ക്യാന്‍സല്‍ ചെയ്തു.."
" എടാ *&*&&$%@@@#$#$$$#$.. നാളെ എനിക്ക് വീട്ടില്‍ ചെല്ലേണ്ടതാ.. നീയെന്തു പണിയാ കാണിച്ചേ? ഇനി ഞാനെങ്ങനെ വീട്ടിപ്പോകും?
"നീ കശക്കാന്‍ പറഞ്ഞപ്പോ ഞാന്‍ കരുതി ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞതാണെന്ന്.."
"പോടാ *&&&%%#$$#@@$$#$.. ഇവനോടൊക്കെ പറഞ്ഞ എന്നെ വേണം അടിക്കാന്‍.. #$%*%%?$$###^^%%$%###@@ "
ഇനി രക്ഷയില്ല.. ഇവന്റെ കയ്യീന്ന് ഞാന്‍ ഇപ്പൊ മേടിച്ചു കെട്ടും. തെറി മോഡ് ON ചെയ്താല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല... അപ്പോഴാണ് ദൈവദൂതനെ പോലെ ശ്രീജിത്ത് അങ്ങോട്ട് വന്നത്..
" നിന്റെ സംസാരം കേട്ടാല്‍ ആരായാലും ക്യാന്‍സല്‍ ചെയ്തു പോകും.. ഞാനും വിചാരിച്ചത് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞതാണെന്നാ. മനുഷ്യന് മനസ്സിലാവാത്ത കുറെ വാക്കുകളുമായി ഇറങ്ങിക്കോളും. ടിക്കറ്റ് കശക്കണം പോലും.."
ഭാഗ്യം.. ശ്രീജിത്തിന്റെ ഡയലോഗ് കേട്ടപ്പോ മനു ഒന്ന് അയഞ്ഞു. എന്നെയിട്ട് അലക്കുന്നത് നിര്‍ത്തി..കുറെ നേരം അവിടെയൊക്കെ കറങ്ങി കറങ്ങി നിന്ന ശേഷം ജനറല്‍ ടിക്കറ്റ് എടുത്തു പോകാം എന്നും പറഞ്ഞു എന്റെ നേര്‍ക്ക് ഒരു കലിപ്പ് നോട്ടവും പാസാക്കി അവന്‍ പടിയിറങ്ങി!!!!
ഈ സംഭവത്തിന് ശേഷം മനുവിന്റെ സംഭാഷണത്തില്‍ കാതലായ രണ്ടു മാറ്റം സംഭവിച്ചു
1. അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒരു ചെറിയ 'അശ്വമേധം' പരിപാടി പോലെ മൂന്നോ നാലോ ചോദ്യങ്ങള്‍ക്കുള്ളില്‍ ഒരു പരിധിവരെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു..!!!
2. രണ്ടു മണിക്കൂറുള്ള സിനിമാക്കഥ നാല് മണിക്കൂറു കൊണ്ട് പറഞ്ഞിരുന്നത്, ഒരു രണ്ടു രണ്ടര മണിക്കൂര്‍ ആയി കുറക്കാന്‍ അവന് സാധിച്ചു!!!!
Thursday, May 6, 2010
ഒരു വേട്ടയും വെടിയിറച്ചിയും
"പുള്ളിക്കാരന്‍ വീട്ടില്‍ ഉള്ള മിക്കവാറും രാത്രികളില്‍ തൊട്ടടുത്തുള്ള നിബിഡ വനത്തില്‍ പോയി മാന്‍, പന്നി, കാട്ടുപോത്ത്, വെരുക്, മരപ്പട്ടി മുതലായവയെ വേട്ടയാടി കൊണ്ടുവന്നു വീട്ടില്‍ വെച്ച് വെടിയിറച്ചി സാപ്പിട്ട് നിര്‍വൃതി കൊള്ളും പോലും"!!!!
വയ്യസ്സ് ഇടങ്ങഴി ഉണ്ടെങ്കിലും ഒരു കളിത്തോക്ക് പോലും നേരെ ചൊവ്വേ പിടിക്കാന്‍ അറിയാത്ത ഈ മനുഷ്യനാണോ ഘോര വനത്തില്‍ പോയി കാട്ടുമൃഗങ്ങളുടെ പള്ളയ്ക്ക് ഇട്ടു താങ്ങുന്നത്? ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല. പൊളിച്ചടുക്കിയെ തീരു. അല്ലെങ്കില്‍തന്നെ, വേട്ട based തള്ളുകള്‍ക്ക് ഒരുപാട് സ്കോപ്പ് ഉള്ളതാ. വെറുതെ വിട്ടാല്‍ പുള്ളി തലേ കേറിയിരുന്നു ചാണകമിടും .
സുരേഷാണ് ആദ്യ വെടി ഉതിര്‍ത്തത്: "വേട്ടക്കിടയില്‍ ചേട്ടന് അപകടം വല്ലതും പറ്റിയിട്ടുണ്ടോ" ?
"ഉണ്ടോന്നോ? കൊള്ളാം, എത്ര തവണ. ദാ ഈ പാട് കണ്ടോ, കഴിഞ്ഞ ആഴ്ച ഒരു കരടി മാന്തിയതാ".
കയ്യിലെ മുട്ടിനു താഴെ ഉണ്ടായിരുന്ന വട്ട ചൊറി കാണിച്ചിട്ട് ജോണേട്ടന്‍ പറഞ്ഞു. ഇങ്ങനത്തെ തള്ളുകള്‍ക്ക് കരടി മാന്തിയില്ലെലെ അത്ഭുദം ഉള്ളൂ. മനസ്സില്‍ പറഞ്ഞെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല.
"അങ്ങനെയാണെകില്‍ ഇത്തവണ വീട്ടില്‍ പോകുമ്പോ ഞങ്ങളെയും കൂടി കൊണ്ട് പോ. നമുക്ക് ഒരുമിച്ചു വേട്ടക്കു പോകാമല്ലോ. വെടിയിറച്ചി ഞാന്‍ ഇന്നേ വരെ തിന്നട്ടില്ല". ഇത്തവണ ഞാന്‍ തന്നെ പുള്ളീടെ അടപ്പ് ഊരാന്‍ തീരുമാനിച്ചു.
"അത് പറ്റില്ല. ആകെ ഒരു തോക്കേ ഉള്ളൂ. അല്ലെങ്കിലും നിങ്ങള്ക്ക് വെടിവെക്കാനൊന്നും അറിയില്ലല്ലോ. വെടിയിറച്ചി വേണേല്‍ ഞാന്‍ കൊണ്ടുത്തരാം. അല്ലേലും ഈ വേട്ട എന്നൊക്കെ പറയുന്നത് പിള്ളാര് കളിയല്ല. നല്ല മെയ് വഴക്കവും ധൈര്യവും ഒക്കെ വേണ്ടാതാ. ".
രണ്ടും ആവശ്യത്തിലധികം ദൈവമായിട്ടു തന്നെ വാരിക്കോരി അങ്ങ് കൊടുത്തിട്ടുണ്ടല്ലോ. ലയ്റ്റായിട്ട് ഒരു കൊള്ളിയാന്‍ മിന്നിയാല്‍ പോലും ബെഡ് ഷീറ്റിന്റെ അടിയില്‍ ഒളിക്കുന്ന ടീമാ. എന്തായാലും ഒടുവില്‍ ഞങ്ങളുടെ നിര്‍ബന്ധം മൂലം പുള്ളിക്ക് അതിനു സമ്മതിക്കേണ്ടി വന്നു.
ആ വെള്ളിയാഴ്ച ഞങ്ങള്‍ ആറംഗ വേട്ട ടീം ജോണേട്ടന്റെ വീട്ടിലേക്കു യാത്രയായി. കൈലി ഉടുത്തോണ്ട് നായാട്ടിനു പോകല്‍ റിസ്ക് ആണെന്ന് പലരും പറഞ്ഞപ്പോ ഏതോ വൃത്തിയും വെടിപ്പും ഉള്ളവന്മാര്‍ ഹോസ്റ്റലില്‍ കഴുകിയിട്ട കുറെ ബെര്‍മുഡകള്‍ അടിച്ചുമാറ്റി ഞങ്ങള്‍ കൂടെ കരുതി. വീട്ടില്‍ എത്തിയപ്പോ അവിടെ ഞങ്ങള്‍ക്ക് വളരെ നല്ല സ്വീകരണം ആണ് ലഭിച്ചത്. ഞങ്ങളെ കണ്ടപ്പോ വേട്ടക്കു പോകാനുള്ള ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയം തോന്നിയതു കൊണ്ടാവണം പുള്ളിയുടെ അമ്മ ചോദിച്ചു.
ചാടിക്കേറി വിമല്‍ മറുപടി പറഞ്ഞു.
ഇവന്മാര്‍ ഒരുവെടിക്ക് പോകുന്ന ലക്ഷണമില്ലെന്നു മനസ്സിലായിട്ടോ എന്തോ, അമ്മ ഞങ്ങളെ ഫുഡ് കഴിക്കാന്‍ വിളിച്ചു. കാട്ടില്‍ പോകുവല്ലേ, അവിടെ ബിരിയാണി ഒന്നും കിട്ടില്ലല്ലോ എന്ന് വിചാരിച്ചു എല്ലാരും അമക്കന്‍ താങ്ങ് താങ്ങി. ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മക്കുണ്ടായിരുന്ന സംശയം അപ്പൊ തന്നെ മാറിക്കിട്ടി.
"നിങ്ങള് പോയി നല്ല ഒരു പന്നിയെ ഇങ്ങു കൊണ്ടുവാ. നാളെ ഉച്ചക്ക് നല്ല പോലെ കറിവെച്ചു തരാം" . ഇവന്മാര്‍ക്ക് പന്നിയല്ലാതെ ഒന്നിനേം പറ്റില്ലെന്ന് മനസ്സിലാക്കിയപ്പോ അമ്മ പറഞ്ഞു.
"ഞങ്ങള്‍ക്ക് പന്നി ഹറാമാ. വേറെ ഒന്നിനേം കിട്ടിയില്ലേല്‍ നാട്ടു കോഴി ആയാലും മതി" ഫൈസല്‍നു പിന്നെ എവിടെയാണേലും നോണ്‍ വെജ് ന്റെ കാര്യത്തില്‍ നോ കോമ്പ്രമൈസ്.
"ഞങ്ങള്‍ ഇവിടെ കോഴി വെക്കാറില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ ഇവരുടെ അപ്പന്‍ കാട്ടീന്നു കൊണ്ടുവരും. നിങ്ങള്‍ക്ക് ഒരു മുയലിനെയെങ്കിലും കിട്ടാതിരിക്കില്ല. എന്തായാലും പോയിട്ട് വാ."
അപ്പൊ ഒന്നിനേം കിട്ടിയില്ലെങ്കില്‍ നാളത്തെ ലഞ്ച് കട്ടപ്പൊക.
വിശാലമായ ഡിന്നര്‍ ഒക്കെ കഴിച്ചു വെടിയും പറഞ്ഞു ഇരിക്കുമ്പോ ദാ വരുന്നു ജോണേട്ടന്റെ അപ്പന്‍. കയ്യില്‍ ഒരു അമണ്ടന്‍ തോക്കും. തോക്കിന്റെ കുഴലിന്റെ നീളം കണ്ടു ഞങ്ങള്‍ വണ്ടറടിച്ചു. ദൈവമേ അപ്പൊ ഈ വേട്ട ഒക്കെ സത്യമായിരുന്നോ? ഇത്രേം നേരം കരുതിയത് ജോണേട്ടന്‍ തള്ളുന്നതാണെന്നാ.
"പൗലോസ് ന്റെ വീട്ടിലിരുന്ന തോക്കാ. ഇവിടുത്തെത് നല്ല കണ്ടിഷനില്‍ അല്ല. നിങ്ങള്‍ ഒരു ഒമ്പത് മണി കഴിഞ്ഞിട്ട് ഇറങ്ങിയാല്‍ മതി. ശ്രദ്ധിച്ചു പോകണം. ഫോറസ്റ്റ് ഗാര്‍ഡ് ഒക്കെ കണ്ടാല്‍ വല്യ മിനക്കേടാ" അപ്പന്റെ സംഭാഷണത്തില്‍ നിന്നും സംഭവം സത്യമാകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നു.
തോക്കും ഉണ്ടയും ഒക്കെ കണ്ടിട്ടും ജോണേട്ടാണ് യാതൊരു കുലുക്കവുമില്ല. നല്ല പയറ് പോലെ നില്‍ക്കുന്നു. വേട്ടക്കു പോകുന്നതിന്റെ സന്തോഷവും ത്രില്ലും ആ മുഖത്ത് അലയടിക്കുന്നു. ഉടന്‍ തന്നെ അപ്പന്‍ വന്നു മകനെ വേട്ടക്കു അയക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
... തോക്കില്‍ ഉണ്ട ഇടുന്നു... ബാക്കിയുള്ള ഉണ്ടകള്‍ പെട്ടിയിലാക്കി സഞ്ചിയില്‍ ഇട്ടു കൊടുക്കുന്നു.. അമ്മ വന്നു 'ഹെഡ് ലൈറ്റ്' ഫിറ്റ് ചെയ്യുന്നു.. അടുക്കളെന്നു വെട്ടുകത്തി, പിച്ചാത്തി മുതലായവ കൊണ്ടുവരുന്നു.. ഒരു കല്യാണ ചെറുക്കനെ അണിയിച്ചൊരുക്കുന്ന പ്രതീതി. ആകെ ഒരു ഉത്സവ മേളം. ഒടുവില്‍ ബ്രെഡ്, ബിസ്കറ്റ്, വെള്ളം മുതലായവ അടങ്ങിയ ഒരു സ്നാക്സ് കിറ്റും കൊടുത്തു. ..ഈശ്വരാ.. കാട്ടില്‍ പോറുതിക്ക് പോകുവാണോ.. മനസ്സൊന്നു പിടഞ്ഞു. ഇങ്ങനെയുള്ള സമയങ്ങളില്‍ ആര്‍ക്കും എപ്പോഴും ഉപയോഗിക്കാവുന്ന ഒരു അടവുണ്ടല്ലോ. തലവേദന. അത് തന്നെ പ്രയോഗിച്ചു.
"എനിക്ക് തലവേദന എടുക്കുന്നു. ഒന്ന് കിടന്നാല്‍ അങ്ങ് മാറുമായിരിക്കും. നിങ്ങള്‍ പോയിട്ട് വാ. ഞാന്‍ ഇവിടെ കിടന്നോളാം"
ഇത് അടവാണെന്ന് മനസ്സിലാക്കാന്‍ വിമലിന് അധികം സമയം ഒന്നും വേണ്ടി വന്നില്ല. ഉടന്‍ വന്നു മറുപടി.
"നിന്നെ പിടിക്കില്ല. മിനിമം ഒരു കാല്‍ കിലോ ഇറച്ചിയെങ്കിലും ഉള്ള ജീവികളെ മാത്രമേ അത് പിടിക്കൂ. നിന്നെ തൊലി ഉള്‍പ്പെടെ ചിരണ്ടി എടുത്താലും അത്രേം കിട്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ അവറ്റകള്‍ക്ക് മനസ്സിലാകും" ഫൈസല്‍ ന്റെ മറുപടി കേട്ടപ്പോ വിമലിന് ചെറിയ ഒരു ആശ്വാസം. ഇതിനടയില്‍ ജോണെട്ടനെ മാറ്റി നിര്‍ത്തി ഞാന്‍ കാര്യം പറഞ്ഞു "ജോണേട്ടാ സത്യം പറ. നിങ്ങള്‍ ഇതിനു മുന്‍പ് കാട്ടില്‍ പോയിട്ടുണോ? ഇതൊക്കെ തെള്ളല്ലേ? ഞങ്ങള്‍ ആരോടും പറയില്ല, നമുക്ക് ഇന്ന് പോണോ?"
"മിണ്ടരുത്. നീ ഒറ്റ ഒരുത്തനാ എല്ലാത്തിനും കാരണം. എല്ലാവന്മാരും വന്നെ പറ്റൂ." ജോണേട്ടന്‍ ചൂടായി. അവസാന ആശയും പോയി. കേട്ട് കേള്‍വിയുള്ള എല്ലാ പള്ളി അമ്പലങ്ങളിലേക്കും കൊക്കിലോതുങ്ങുന്ന രീതിയിലുള്ള നേര്‍ച്ചകള്‍ നേര്‍ന്നിട്ടു ഞങ്ങളുടെ വേട്ട സംഘം പുറപ്പെട്ടു. എന്റെ കയ്യില്‍ ആയുധമായി കിട്ടിയ പിച്ചാത്തി കൊണ്ട് നഖം വെട്ടാന്‍ പോലും പറ്റാത്ത രീതിയിലുള്ള മൂര്‍ച്ചക്കുറവ്. എന്തായാലും ഇരിക്കട്ടെ. ഒരു വഴിക്ക് പോകുന്നതല്ലേ.
ഞങ്ങളില്‍ ഹിന്ദുക്കള്‍ രാമ-രാമ യും മുസ്ലിങ്ങള്‍ അറബി സൂക്തങ്ങളും ചൊല്ലി കാടിനെ ലക്ഷ്യമാക്കി നടന്നകന്നു. സംഘത്തിലെ ഏക ക്രിസ്ത്യാനി ആയ ജോണേട്ടന്‍ 'ഈശോ' ന്നു പോലും വിളിക്കാതെ അതികഠിനമായ confi യോട് കൂടി ബാക്കിയുള്ളവരെ മുന്നില്‍ നിന്നും നയിച്ചു. എല്ലാവരും വരിവരിയായി നടക്കണമെന്ന് ഉത്തരവ് വന്നപ്പോള്‍ നടുവിലത്തെ സ്ഥാനങ്ങളില്‍ കേറി പറ്റാന്‍ ഉന്തും തള്ളും ആയി. ഏറ്റവും പിറകില്‍ നടക്കാന്‍ ആര്‍ക്കും മേല. അങ്ങനെ തെള്ളിലും ബഹളത്തില്‍ പെട്ട് ഞാന്‍ അവസാന സ്ഥാനക്കാരനായി. ക്ലാസ്സിലെ റാങ്കിനെ ഓര്‍മ്മപ്പെടുത്തുന്ന പ്രകടനം. അവസാനം നടക്കുന്നവന് പാമ്പ് കടി കൊള്ളാനുള്ള ചാന്‍സ് കുറവാണല്ലോ എന്നോര്‍ത്തപ്പോ ചെറിയ ഒരു ആശ്വാസം. മുന്നോട്ടു നടന്നപ്പോള്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലായി. രാത്രി സഞ്ചാരത്തിന് ഇറങ്ങിയ അട്ടകള്‍ ഒരു മയവുമില്ലാതെ കാലില്‍ കടിച്ചു തൂങ്ങി ഊഞ്ഞാലാടുന്നു. . ഒരു വിധത്തിലും ഊരിപ്പോകുന്നില്ല. feviquick ഇട്ടു ഒട്ടിച്ചപോലെ. ഇളകി വരുന്നില്ല. വിമലിന് യാതൊരു കുഴപ്പവുമില്ല. അവന്റെ ശരീരത്തില്‍ കടിച്ചു സമയം പാഴാക്കാന്‍ അട്ടകള്‍ അത്രയ്ക്ക് വിഡ്ഢികള്‍ അല്ലല്ലോ. കുറ്റാക്കൂരിരുട്ട്. ചുറ്റിലും നിശബ്ദത. ഇടയ്ക്കു ആരോ മൂളുന്നപോലെ. തിരിച്ചു നോക്കാന്‍ പോലും പറ്റാത്ത രീതിയിലുള്ള പേടി. എന്റെ പല്ല് കൂടിയിടിക്കല്‍ ശബ്ദം കേട്ട് മുന്നില്‍ ഉള്ളവന്മാര്‍ തിരിഞ്ഞു നോക്കുന്നുണ്ട്.
"ഇനി പുറകില്‍ നടക്കാന്‍ എനിക്ക് വയ്യ"
ഞാന്‍ ഓടി മൂന്നാമത് കയറി. ഇപ്പൊ സുരേഷ് ആണ് ഏറ്റവും പിന്നില്‍. അവനു എന്നേക്കാള്‍ പേടി. മുന്നില്‍ നടക്കുന്നവന്റെ ഷര്‍ട്ട് ലാണ് ഒരു കൈ. മറ്റേ കൈയില്‍ വെട്ടുകത്തിയും. വിറ കണ്ടാല്‍ കോമരം തുള്ളുന്നത് പോലെ തോന്നും. ഇത്തവണയും ചിരി വന്നെങ്കിലും പേടി കാരണം അത് തൊണ്ടയില്‍ കുരുങ്ങി പുറത്തു വന്നില്ല. കുറെ നടത്തത്തിനു ശേഷം പെട്ടെന്ന് ജോണേട്ടന്‍ സഡന്‍ ബ്രേക്ക് ഇട്ട പോലെ നിന്നു. സിഗ്നല്‍ ഇല്ലാത്ത പെട്ടെന്നുള്ള ബ്രേക്ക് ആയതിനാല്‍ പുറകില്‍ ഉള്ളവര്‍ മുന്നിലുള്ളവരുടെ ബാക്കില്‍ ഇടിച്ചു നിന്നു. ഉടനെ തന്നെ ശക്തമായി മണത്തു നോക്കിയിട്ട് പറഞ്ഞു
"ഇവിടെ എവിടെയോ കാട്ടനയുണ്ട് . അത് പോയ വഴിയാണിത്."
"ആനയായത് കൊണ്ട് കുഴപ്പമില്ല. തിന്നത്തില്ലല്ലോ. ശവം എങ്കിലും കിട്ടും"
ഫൈസല്‍ ആണ്. അസമയത്താ അവന്റെ അധിക പ്രസംഗം. ഹൃദയ ശൂന്യനാണെന്ന് എല്ലാരും വിധി എഴുതിയ സുരേഷിന്റെ നെഞ്ചില്‍ നിന്നും പടക്കം പൊട്ടുന്ന പോലത്തെ ശബ്ദങ്ങള്‍ പുറത്തു വരുന്നു. ജോണെട്ടനെ കെട്ടിപ്പിടിച്ചു ആദ്യ ലയറില്‍ മൂന്നു പേരുണ്ട്. പൊതുവേ മെലിഞ്ഞിരിക്കുന്ന എനിക്കും വിമലിനും ആദ്യ ലയറില്‍ കേറി പറ്റാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ടാം ലയറില്‍ ആണ്. ആനയുടെ ആദ്യ കുത്ത് ഞങ്ങള്‍ക്കിട്ടു തന്നെ. ആനക്കൊമ്പിനു നല്ല കട്ടിയുള്ളതു കൊണ്ട് കുത്ത് അകത്തേക്കും ചൂഴ്ന്നിറങ്ങുമായിരിക്കും. ഭാഗ്യം. ഒരുത്തനും രക്ഷപ്പെടില്ല. കെട്ടിപ്പിടുത്തത്തിന്റെ മുറുക്കം കാരണം ജോണെട്ടനു ശ്വാസം പോലും കിട്ടുന്നില്ല. ഏകദേശം ഇരുപതു മിനിറ്റ് ഞങ്ങള്‍ ആ നില്‍പ്പ് നിന്നു. ഇവന്മാര്‍ക്ക് ഇട്ടു കുത്തി വെറുതെ കൊമ്പ് ചീത്തയാക്കണ്ട എന്ന് കരുതിയിട്ടോ എന്തോ ആന വന്നില്ല. ഞങ്ങള്‍ നടപ്പ് തുടര്‍ന്നു. കിലോമീറ്ററുകള്‍ താണ്ടി. ഒരു പൂച്ചയെ പോലും കണ്ടില്ല. ഇനി ഇത് യഥാര്‍ഥ കാട് തന്നെയാണോ? അതോ ജോണേട്ടന്റെ വല്ല കാട് പിടിച്ചു കിടക്കുന്ന കൃഷി തോട്ടവുമാണോ? ആകെ കണ്‍ഫ്യൂഷന്‍ ആയി. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ നടപ്പ് തുടര്‍ന്നു.
ഫൈസല്‍ നല്ല കറുത്തിട്ടാണ്. കമ്പിളി പൊതപ്പ് പോലെ ദേഹം മുഴുവനും രോമവും ഉണ്ട് . അവന് കാട്ടിലെ തണുപ്പ് ഒന്നും ഏല്‍ക്കുന്നില്ല. ഞങ്ങള്‍ക്ക് നന്നായി എല്ക്കുന്നുമുണ്ട്. എവിടെയോ ചെന്നപ്പോ ജോണേട്ടന്‍ പെട്ടെന്ന് നിന്നു, ചെറുതായി ഒന്ന് കുനിഞ്ഞു ഉന്നം പിടിച്ചു. ഉന്നം പിടിച്ച ഭാഗത്തേക്ക് നോക്കിയപ്പോ ഞങ്ങള്‍ ഒന്നിനേം കണ്ടില്ല. പുള്ളിക്കാരന്‍ പതുക്കെ, നിന്ന നില്‍പ്പില്‍ ഉന്നം പിടിച്ച തോക്കുമായി തിരിയാന്‍ തുടങ്ങി. പുള്ളിയുടെ ചുവടു പിടിച്ചു ഞങ്ങളും അതുപോലെ തന്നെ തിരിഞ്ഞു. കറക്കം 180 ഡിഗ്രി എത്തിയപ്പോ ആവേശത്തോടെ ജോണേട്ടന്‍ പറഞ്ഞു.
"എടാ.. ഒരു കരടിയെ കിട്ടിയെടാ.. വെടി വെച്ച്ചിടട്ടെ..? "
ഞങ്ങള്‍ നോക്കിയപ്പോ തോക്കിന്റെ മുന്നില്‍ നമ്മുടെ ഫൈസല്‍. ഞങ്ങള്‍ പുറകിലത്തെ ബാച്ചുകരുടെ കൂടെ കറങ്ങാതെ എവിടെയോ വായി നോക്കി നില്‍ക്കുവാ കക്ഷി.
"വെടി വെക്കല്ലേ ജോണേട്ടാ.. അത് നമ്മുടെ ഫൈസലാ"
തോക്ക് തട്ടി മാറ്റിയിട്ടു സുരേഷ് വിളിച്ചു കൂവി. ഇതൊക്കെ പുള്ളിയുടെ ഒരു തമാശ ആണെന്ന് മനസ്സിലായപ്പോ സുരേഷ് ആകെ ചമ്മി. പേടി ഒക്കെ മാറിതുടങ്ങിയ ഞങ്ങള്‍ അതൊക്കെ നന്നായി ആസ്വദിച്ചു.
മണി 12 :30 ആയി. രാത്രി 9 മണിക്ക് വലിയ ആഘോഷമായിട്ട് ഇറങ്ങിയതാ. മൈലുകള്‍ കുറെ താണ്ടി. ഒരു കാട്ടു കൊഴിയെയെങ്കിലും കിട്ടിയാല്‍ മതിയാരുന്നു. ഈ വേട്ട മുന്നില്‍ കണ്ടു ജോണേട്ടന്റെ വീട്ടില്‍ ഇറച്ചി ഒന്നും വാങ്ങിയിട്ടുണ്ടാവില്ല. നാളത്തെ വെടിയിറച്ചി ബിരിയാണി ഗോപി.
"ഇത്രേം ദൂരം നമ്മള്‍ തിരിച്ചും നടക്കണോ? അതോ നമ്മള്‍ വീട്ടില്‍ എത്താറായോ? " സഹികെട്ടു ഞാന്‍ ചോദിച്ചു.
"നമ്മള്‍ വന്ന വഴിയിലൂടെ തിരിച്ചു പോകണം."
"എന്നാ പിന്നെ ജോണേട്ടാ നമുക്ക് തിരിച്ചു പോകാം. ഇക്കണക്കിനു ആണെങ്കില്‍ ഒന്നിനേം കിട്ടാന്‍ പോകുന്നില്ല. അട്ടകള്‍ ചോര മുഴുവന്‍ കുടിച്ചു തീര്‍ക്കാറായി."
"അപ്പൊ പിന്നെ വെടിയിറച്ചി ഒന്നും വേണ്ടേ? "
"എന്റെ പോന്നു ചേട്ടാ വേണ്ട.. മടുത്തു.. ഇനി ജീവിതത്തില്‍ ഞങ്ങള്‍ വേട്ടക്കു വരുത്തില്ല. വെടിയിറച്ചി യുടെ കാര്യം ഒക്കെ ഞങ്ങള്‍ എപ്പോഴേ മറന്നു. ജീവന്‍ തിരിച്ചു കിട്ടിയാല്‍ തന്നെ വല്യ കാര്യം "
അങ്ങനെ ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. വന്നതിനേക്കാള്‍ വേഗത്തില്‍. ഇടയ്ക്കു ഒരു വലിയ പാറക്കെട്ടില്‍ ഇരുന്നു വിശ്രമിച്ചു. കൊണ്ടുവന്ന സ്നാക്
തിരിച്ചു വന്നപ്പോള്‍ മണി മൂന്ന്. എല്ലാവരുടെയും സൂക്കേടിന് കുറച്ചൊരു ശമനം. തെള്ളാന്‍ ഒരു മുതുക്കനും അത് കേട്ട പാതി കേള്‍ക്കാത്ത പാതി നിക്കറും എടുത്തോണ്ട് ഓടിപ്പോരാന്‍ കുറെ കുട്ടിത്തേവാങ്കുകളും. അടുത്തുള്ള കനാലില്‍ ഒരു കാക്കക്കുളിയും പാസാക്കി തെള്ള് രാജയുടെ പള്ളിമേടയിലെ പള്ളിത്തറയില്‍ ഞങ്ങള്‍ പള്ളിയുറങ്ങി. ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് എഴുന്നേറ്റു സാമ്പാറും അവിയലും മോരും ഒക്കെ കൂട്ടി 'വെടിയിറച്ചി രഹിത' മലയാള സദ്യ അടിച്ച ശേഷം വൈകുന്നേരത്തോടെ ഞങ്ങള്‍ സ്ഥലം കാലിയാക്കി.
പിന്നീടുള്ള 2-3 മാസം ക്ലാസ് മുഴുവന്‍ അതി സാഹസികമായ 'വേട്ടക്കഥകള്‍' കേട്ട് കണ്ണ് തള്ളി. അതിനുവേണ്ടി ഞങ്ങള്‍ ആറുപേരും തെള്ളേട്ടന്റെ നേതൃത്വത്തില്‍ ഒരമ്മ പെറ്റ മക്കളെ പോലെ കയ്യും മെയ്യും മറന്നു അഹോരാത്രം പ്രവര്‍ത്തിച്ചു. !!!!
Sunday, April 18, 2010
ഒരു പെണ്ണ് കാണലും തുടര്‍ന്നുള്ള കല്യാണവും.. അവസാന ഭാഗം...
"ജയന്തിയെ കാണാന്‍ വന്ന പയ്യനെവിടെ" എന്നും പറഞ്ഞു അടുക്കളെന്നു രണ്ടു അമ്മൂമ്മമാര്‍ അങ്ങോട്ട് വന്നു.. ഞങ്ങളെ കണ്ടതും "ശിവ ശിവാ" ന്നും പറഞ്ഞു ശര വേഗത്തില്‍ അവര്‍ തിരിച്ചു പോയി.. സോഡാ കണ്ണട വെച്ചിട്ടും ഇവര്‍ക്ക് ഇത്ര കാഴ്ച ശക്തിയോ?സുമേഷിനെ കൊണ്ടുവരണ്ടാരുന്നു..ഇത്രേം അടി പ്രതീക്ഷിച്ചില്ല.. കുറച്ചൂടെ ഒരു standard ഉള്ളവന്‍ മതിയാരുന്നു.. ഈ പെണ്ണും പോയിക്കിട്ടി..വ്യാകുല മാതാവിന് ഒരു സങ്കട ഹര്‍ജി സമര്‍പ്പിച്ചോണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു.. ഉള്ളിത്തൊലി പോലുള്ള മുടിയാണെങ്കിലും കൊച്ചു വല്യ മോശമില്ല.. നേരത്തെ എഴുതിക്കൊണ്ടുവന്ന മൂന്നു ചോദ്യങ്ങളും ഒന്നിന് പുറകെ ഒന്നായി ചോദിയ്ക്കാന്‍ ഞാന്‍ തയാറെടുത്തു.. ടെന്‍ഷന്‍, വിക്ക്, കുളിര്, വിറയല്‍ ഇവയൊക്കെ കൂടാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷണിക്കാതെ വരുന്ന എല്ലാ അലിക്കുലുത്ത് സാധനങ്ങളും കൂടി കേറിയങ്ങ് മേഞ്ഞപ്പോള്‍ ഞാന്‍ ആകെ ബാല്ലണ്ടായി.. ആദ്യ ചോദ്യം ഒന്ന് കൂടി മനസ്സില്‍ ഓര്‍ത്തു.. "ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയാണോ ഈ പെണ്ണ് കാണല്‍ ?"ഒരുവിധം ശ്വാസം ഒക്കെ എടുത്തിട്ട് വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പോലെ bass കൂട്ടി ആ ചോദ്യം അങ്ങോട്ട് ചോദിച്ചു..
"ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയിട്ടുണ്ടോ" ????
പെണ്ണ് ഠിം.. പെണ്ണുകാണല്‍ സമയങ്ങളില്‍ അബദ്ധങ്ങള്‍ ശബ്ദത്തിന്റെ രൂപത്തില്‍ പുറത്തു വരും എന്നാണല്ലോ പ്രമാണം..വിറങ്ങലിച്ചു പോയ ആ മഹിളാരത്നം കണ്ണുരുട്ടല്‍, രൂക്ഷ നോട്ടം, മുഖം കറുപ്പിക്കല്‍ തുടങ്ങിയവ ഒന്നൊന്നായി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചതിന് ശേഷം സ്ഥലം കാലിയാക്കി..ഭാഗ്യം, ബാക്കി രണ്ടു ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നില്ല...
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും പെണ്ണിന്‍റപ്പന്‍ അവസാനം അടവ് മാറ്റി..ഒരു പാല്‍ പുഞ്ച്ചിരി തൂകി..ആ ചിരിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു.. "വീട്ടുകാരുമായി ബന്ധപ്പെടാം" എന്ന് കൂടി പറഞ്ഞപ്പോ മനസ്സമാധാനമായി.. ഈശ്വരാ..കാര്‍ത്തു..അല്ല.. കാത്തു..ഇത് നടക്കും..അപ്പൊ പുച്ഛം ഒക്കെ ഒരു അടവാരുന്നു അല്ലെ? ഇതിനൊക്കെ ഞാന്‍ പണി തരാം..ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ.. ഇനി മൂന്നു മാസത്തിനുള്ളില്‍ അമേരിക്ക. ഹോ..എന്‍റെ രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് "ലജ്ജാവതിയെ" താളത്തില്‍ നൃത്തം തുടങ്ങി..പലഹാര പാത്രങ്ങള്‍ വെളുപ്പിച്ചതിനു ശേഷം സുസ്മേര വദനരായി അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ നേരെ അഷ്‌റഫ് ഹോട്ടലിനെ ലക്‌ഷ്യം വെച്ച് പാഞ്ഞു..
Wednesday, April 14, 2010
ഒരു പെണ്ണ് കാണലും തുടര്‍ന്നുള്ള കല്യാണവും.. ഭാഗം - 1
"അമേരിക്കയില്‍ നേഴ്സ് , ഐശ്വര്യ റായീടെ അംഗ ലാവണ്യം, ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറം, ഹീലില്ലാതെ അഞ്ചര അടി നീളം, പാചക വിദഗ്ദ, ചെസ്സ് കളിക്കാരി"
എന്നത് മാറ്റി,
"നാട്ടില്‍ നേഴ്സ്, നാടക നടീടെ രൂപം , തവിട്ടു കലര്‍ന്ന കറുപ്പ് നിറം, ഹീലോട് കൂടി നാലര അടി ഉയരം, വാചക വിദഗ്ദ, പൂജ്യം വെട്ടു കളിക്കാരി" എന്നാക്കി മാറ്റി..
എന്നിട്ടും വലിയ മെച്ചം ഒന്നും കണ്ടില്ല..പാട്ടക്കണക്കിന് fair&lovely തീരുന്നതല്ലാതെ ഒരു പെണ്‍കുട്ടിക്കും അങ്ങട് ഇഷ്ട്ടപ്പെടണില്ല..ഒണക്ക മാങ്ങാണ്ടി പോലിരിക്കുന്നവള്‍മാര്‍ക്കും വേണ്ടത് ഷാരൂഖാനെയാ..
കൂട്ടുകാരുടെ മക്കള്‍ ഒക്കെ ബ്ലോഗ് എഴുത്ത് വരെ തുടങ്ങി.. ഇങ്ങനെ കുല നിറഞ്ഞു നില്‍ക്കുന്നതിനേക്കാള്‍ നല്ലത് വെട്ടിയരിഞ്ഞു അവിയല് വെക്കുന്നതാ..അല്ലേപ്പിന്നെ വല്ല ആസാമിമാരുടെയും കൂടെ പോയി ആസനങ്ങള്‍ ഒക്കെ പഠിച്ചു അവിടെ കിടന്നു അര്‍മാദിക്കാം.
പഴയകാല പെണ്ണ് കാണലുകളുടെ ഫയലുകള്‍ ചികഞ്ഞെടുത്തു പരിശോദിച്ചു, പട്ടികകള്‍ തയ്യാറാക്കി, സസൂക്ഷ്മം നിരീക്ഷിച്ചപ്പോള്‍ ചിത്രം വ്യക്തമായി..പതിമൂന്നു പെണ്ണുകാണല്‍ കേസുകളില്‍ രാജേഷും ബാക്കിയുള്ളതില്‍ സാദിക്ക് അണ്ണനും കൂടെ ഉണ്ടാരുന്നു.. ഇവന്മാര്‍ക്ക് രണ്ടു പേര്‍ക്കും അത്യാവശ്യം മനുഷ്യക്കോലം ഒക്കെ ഉണ്ട്.. എനിക്ക് ഇല്ലാത്തതായി നാട്ടുകാര്‍ പറഞ്ഞു നടക്കുന്ന സാധനങ്ങളില്‍ ഒന്ന്.. ഓഹോ.. അപ്പൊ അത് തന്നെ കാര്യം.. പെണ്‍പിള്ളാര്‍ ഇവന്മാരുമായി എന്നെ താരതമ്യം ചെയ്തു കുണ്ടിതപ്പെട്ടു കാണും.. ഏതു നേരത്താ ഈശോയെ ഈ കാലമാടന്‍മാരെ കൂടെ എഴുന്നള്ളിക്കാന്‍ തോന്നിയത്..ഇനി പറഞ്ഞിട്ട് കാര്യമില്ല.. ഒരേ ഒരു വഴിയേ മുന്നിലുള്ളൂ.. സുമേഷ്..!!! നാട്ടിലെ പെണ്ണുങ്ങളുടെ സ്വപ്ന വില്ലന്‍.. കള്ളുഷാപ്പിലെ ആസ്ഥാന ഗായകന്‍.. കണ്ണിലും തമ്പാക്ക് നിക്ഷേപിക്കാം എന്ന് നാട്ടുകാരില്‍ അവബോധം ഉണ്ടാക്കിയെടുത്ത അവരുടെ കണ്ണിലുണ്ണി... അടുത്ത പെണ്ണ് കാണലിനു സുമേഷിനെ കൊണ്ട് പോകാം..അവനെ കണ്ടിട്ട് നമ്മളെ കണ്ടാല്‍ ഏതു പെണ്‍കിടാവും നമ്മെ പൂവിട്ടു പൂജിക്കും.. അതാണ് അവസ്ഥ.. ഇനി ഇതും പൊളിയുകയാണെങ്കില്‍ വല്ല ബ്രോക്കര്‍ പണിയും തുടങ്ങാം.. ആവശ്യത്തിലധികം ഫോട്ടോയും മറ്റു വിവരങ്ങളും ഇപ്പൊ തന്നെ കയ്യിലുണ്ടല്ലോ..
നല്ല കിളി പോലൊരു പെണ്ണുണ്ടെന്നു ബ്രോക്കര്‍ ചെന്താമരാക്ഷന്‍ വന്നു പറഞ്ഞപ്പോ തന്നെ ദേഹമാസകലം കോള്‍മയിര്‍ കൊണ്ടു.. മൂങ്ങയും ഒരു കിളിയാണെന്ന് ഓര്‍മ്മ വന്നപ്പോ തൊട്ടു മുന്‍പ് പൊന്തിവന്ന 'കോള്‍മയിര്‍' പമ്പ കടന്നു.. എങ്കിലും, അമേരിക്കയില്‍ നേഴ്സ് ആണല്ലോ, അങ്ങോട്ട് കൊണ്ടുപോയാല്‍ ജീവിതം കുശാല്‍ ആകുമല്ലോ എന്നാലോചിച്ചപ്പോ ഒരു ഉറച്ച തീരുമാനം എടുത്തു തോളിലോട്ടു വെച്ചു.. "കാക്ക ആണേലും ഒട്ടകപ്പക്ഷി ആണേലും കൂട്ടിലാക്കുക തന്നെ.."
സുമേഷിനോട് കാര്യം പറഞ്ഞപ്പോ അവനു വലിയ demand. കൂടെ വരാന്‍ പറ്റില്ലന്ന്...ചന്ദ്രപ്പന്‍ Arts & Sports club ലെ തീറ്റമത്സരത്തിനു പോകണം പോലും.. ഓസിനു കിട്ടിയാ ആസിഡും മോന്തുന്ന ടീമാണ്..അഷറഫ് ഹോട്ടലീന്ന് വയര്‍ പൊട്ടുന്ന വരെ പൊറോട്ടേം ചിക്കനും വാങ്ങിച്ചു കൊടുക്കാമെന്നു ഏറ്റപ്പോള്‍ നിന്ന കോലത്തില്‍ തന്നെ അവന്‍ വണ്ടീലോട്ടു ചാടി വീണു,. അതെന്തായാലും കാര്യമായി.. ഇപ്പൊ അവനെ കണ്ടാല്‍ സാമാന്യം നല്ല ഒരു കണ്ട്രി ലുക്ക് ഉണ്ട്.. ഇനി ഇവനെ വെയില് കൊള്ളിച്ചു കരുവാളിപ്പിക്കണം.. ഉം. വഴിയുണ്ട്..
എന്റെ മൊബൈല്‍ recharge ചെയ്തിട്ട് അതിന്റെ ബാക്കിക്ക് സോഡാ നാരങ്ങ വെള്ളവും പഴവും കേറ്റിക്കൊളാന്‍ പറഞ്ഞപ്പോ തന്നെ സുമേഷ് ആ പൊരിഞ്ഞ വെയിലത്തേക്ക് ചാടി ഇറങ്ങി.. തിരിച്ചു വന്നപ്പോ നല്ല ചേല്.. വിയര്ത്തോലിച്ചു നാശ കോശമായി.. പ്രതീക്ഷിച്ചതിലും കൂടുതല്‍ കറുത്തു.. ഇവന്‍ വല്ല കല്‍ക്കരി ഖനിയിലും പോയിട്ടാണോ recharge ചെയ്തത്? ഈശ്വരാ.. ഇവന്‍ തിരിച്ചു പഴയ കോലത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ ആ വീട്ടില്‍ എത്തണേ..
കാറിലിരുന്നു സുമേഷിനോട് അവസാനം കണ്ട പെണ്ണുകാണല്‍ കഥ പരിപ്പും തേങ്ങയും .. ക്ഷമിക്കണം.. പൊടിപ്പും തൊങ്ങലും വെച്ചു അവതരിപ്പിച്ചു.. പെണ്ണിന് ഒരു ലൈന്‍ ഉണ്ടായിരുന്നതും 'അങ്കിള്‍' അത് നടത്തി തരണമെന്ന് പറഞ്ഞു മോങ്ങിയതും എല്ലാം.. ഇതൊക്കെ കേട്ട് വാപൊളിച്ച സുമേഷ്, പെണ്ണിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒരു കല ആണെന്നും ആയതിനാല്‍ എന്‍റെ ചോദ്യങ്ങള്‍ അടിമുടി മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.. descriptive type മാറ്റി objective type ആക്കാന്‍ അവനാണ് നിര്‍ദേശിച്ചത്.. ഒരുപാടു നേരത്തെ കൂലംകഷമായ ആലോചനക്കൊടുവില്‍ മൂന്നു ചോദ്യങ്ങള്‍ ഞങ്ങള്‍ short list ചെയ്തു..
1. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയാണോ ഈ പെണ്ണ് കാണല്‍ ?
2. എന്‍റെ ഈ വ്യക്തിത്വം കുട്ടിയെ വല്ലാതെ ആകര്‍ഷിച്ചോ?
3. കല്യാണത്തിന് ശേഷവും ഞാന്‍ ഇതുപോലെ സൌന്ദര്യം സംരക്ഷിക്കുന്നതില്‍ വിരോധം ഉണ്ടോ?
ഇതൊക്കെ എഴുതിയുണ്ടാക്കി കാണാതെ പഠിച്ചപ്പോളേക്കും ഞങ്ങള്‍ ആ വീടിനു മുന്‍പില്‍ എത്തിയിരുന്നു..
പതിവ് പോലെ കാറില്‍ ഇരുന്നു തന്നെ Makeup set തുറന്നു fair&lovely അര ഇഞ്ച് കനത്തില്‍ മുഖത്ത് തേച്ചു പിടിപ്പിച്ചു..പിന്നെ ബോഡി സ്പ്രേ എടുത്തു തല മുതല്‍ കാലു വരെ അങ്ങ് ചാമ്പി.. ഷൂസ് ഊരി ഒരു റൌണ്ട് സോക്സിലും അടിച്ചു.. സോക്സിന്റെ മാരക ഗന്ധം കാരണം പണ്ട് പൊത്തപ്പെട്ട മൂക്കുകള്‍ ഇതുവരെ തുറന്നിട്ടില്ലെന്നാ ശത്രുക്കള്‍ പറഞ്ഞു പരത്തുന്നത്.. അതിവിടെ ആവര്‍ത്തിക്കണ്ട.. ഇതൊക്കെ കണ്ട് ആശ മൂത്ത സുമേഷ് Makeup സെറ്റ്ന്‍റെ കൂടെ ഉണ്ടായിരുന്ന room freshener, അതെന്താണെന്നറിയാതെ എടുത്തു ദേഹമാസകലം പൂശി.. ഞാനൊന്നും പറയാന്‍ പോയില്ല.. 'വിയര്‍പ്പു നാറ്റം' + 'room freshener' combination ആരെയും മോഹാലസ്യപ്പെടുത്താന്‍ തക്കവണ്ണം പ്രഹരശേഷി ഉള്ളതാണെന്ന് അന്നെനിക്ക് പിടികിട്ടി..
അങ്ങനെ എന്തായാലും ഞങ്ങള്‍ പെണ്ണിന്‍റെ വീടിനുള്ളില്‍ കടന്നു..അതിനു ശേഷമുള്ള യഥാര്‍ഥ പെണ്ണുകാണല്‍ കഥ അടുത്ത ഭാഗത്തില്‍...
Sunday, April 4, 2010
ഒരു IPL കളിയും അതിനുള്ളിലെ കാര്യവും..
ഞാന്‍ വരുന്നില്ല..തലവേദന ആണെന്നൊക്കെ പറഞ്ഞെങ്കിലും അയാള്‍ വിടുന്ന ലക്ഷണമില്ല.. മഞ്ഞ ടി-ഷര്‍ട്ട് ഉം പുള്ളി ജോഗ്ഗിംഗ് നു പോകുമ്പോ ഇടുന്ന മഞ്ഞ ട്രാക്ക് സ്യുട്ടും തന്നിട്ട് എന്നോട് ഇട്ടോണ്ട് വരാന്‍ പറഞ്ഞു..മനസ്സില്ലാ മനസ്സോടെ അതൊക്കെ ഇട്ടോണ്ട് വന്നു.. മൈലാപ്പൂരില്‍ നിന്നും ലോക്കല്‍ ട്രെയിനില്‍ നേരെ ചെപ്പോക്കിലെക്ക് .. വടിവേലു ഒരു പക്കാ തമിഴ് മനുഷ്യന്‍ ആണ്.. ചെന്തമിഴ് ഒക്കെയാണ് പറയുന്നത്.. ഞാന്‍ തമിഴില്‍ സംസാരിക്കുന്നതാണ് പുള്ളിക്ക് ഇഷ്ട്ടം.. അറിയാവുന്ന തമിഴില്‍ പുള്ളിയുമായി കത്തിവേചോണ്ടിരുന്നു.. ചെന്നൈ ടീമിനെ പറ്റിയും തമിഴ്നാട് രാഷ്ട്രീയവും ഒക്കെ..ഏകദേശം 3:00 PM നു ഞങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തി.. അകത്തു കേറിയപ്പോ മൊത്തം മഞ്ഞ മയം.. SNDP യുടെ സംസ്ഥാന സമ്മേളനം പോലെ..
ചെന്നൈ ബാറ്റിംഗ് തുടങ്ങി..അടിയോടടി..പൂരക്കെട്ടടി.. തലങ്ങും വിലങ്ങും.. വടിവേലുവും ഫാമിലിയും കിടന്നു പുളകം കൊണ്ടു..ഞാന്‍ ഇരുന്നു വീര്പ്പുമുട്ടി.. ഇപ്പൊ ആട്ടിന്‍ തോലിട്ട ചെന്നായെ പോലെ ആയി എന്റെ അവസ്ഥ.. അവരെ കാണിക്കാന്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് ചെന്നെ കൊടി ഒക്കെ വീശിക്കൊണ്ടിരുന്നു.. അവസാനം ചെന്നൈ ടീം 246 റണ്‍സ് എടുത്തു.. ഇനി രാജസ്ഥാന്റെ ബാറ്റിംഗ്.. അവരും ഒരുവിധം അടി തുടങ്ങി.. ഞാന്‍ ഉള്ളില്‍ സന്തോഷിച്ചെങ്കിലും പുറമേ വിഷമം നടിച്ചു.. അവസാനം യുസുഫ് പത്താന്‍ ക്രീസിലെത്തി.. എന്റെ ഇഷ്ട്ട താരം.. ആദ്യ ബോള്‍ തന്നെ ഫോര്‍. എനിക്ക് സഹിക്കാന്‍ പറ്റിയില്ല.. എങ്കിലും വികാരങ്ങള്‍ ഉള്ളിലൊതുക്കി ഇരുന്നു.. അടുത്ത ബോള്‍... അടിച്ചു പൊക്കി.. sixer നു ഉള്ള പോക്കാണ്.. long on ലക്ഷ്യമാക്കി അതാ പന്ത് ഉയരുന്നു.. ഇത്തവണ എനിക്ക് കണ്ട്രോള്‍ കിട്ടിയില്ല.. ഞാന്‍ ചാടി എണീറ്റു അലറി വിളിച്ചു.. എല്ലാവരും ഞെട്ടി.. മഞ്ഞ ഒക്കെ ഇട്ടിട്ടു ഒരുത്തന്‍ രാജസ്ഥാനെ സപ്പോര്‍ട്ട് ചെയ്യുന്നു..
എന്‍റെ അടുത്തിരിക്കുന്ന ആരും ഇപ്പൊ ഗ്രൌണ്ടിലേക്ക് നോക്കുന്നില്ല..എന്നെ തന്നെ രൂക്ഷമായി നോക്കുന്നു... ഉടനെ തന്നെഎനിക്ക് ബോധം വന്നു.. ഈശ്വരാ.. ഇടങ്ങേറായല്ലോ.. ഇനി രക്ഷയില്ല.. കള്ളി വെളിച്ചത്തായി.. വടിവേലുന്റെ കയ്യീന്ന് ഇപ്പൊ അടി മേടിക്കും.. ടി-ഷര്‍ട്ട് ആന്‍ഡ് പാന്റ്സ് ഇപ്പൊ തന്നെ ഊരിവാങ്ങും .അപ്പൊ അതാ ഗ്രൗണ്ടില്‍ നിന്നും ഒരു ആര്‍ത നാദം ഉയരുന്നു... ചെന്നൈ ടീമിലെ 'Bollinger' എന്ന ഭീകരന്‍ അതി ഭീകരമായ ഒരു ക്യാച്ച് എടുത്തു നമ്മുടെ അടിവീരന്‍ പത്താനെ പുറത്താക്കുന്നു.. എന്റെ ചുറ്റിലും ഇരുന്നവര്‍ ആഹ്ലാദം കൊണ്ടു തുള്ളിചാടുന്നതിനിടയിലും എന്നെ ബഹുമാനത്തോടെ നോക്കി.. ഹോ.. യിവന്‍ എങ്ങനെ മനസ്സിലാക്കി ആ ക്യാച്ച് എടുക്കുമെന്ന്? ബല്ലാത്ത പഹയന്‍ തന്നെ.. ഇതിനിടയില്‍ വടിവേലു സന്തോഷം കൊണ്ടു എന്നെ കെട്ടിപ്പിടിച്ചു.. കാവിലമ്മേ.. എന്നെ രക്ഷിച്ചതിന് ഒരായിരം നന്ദി.. ആ ബോള്‍ എങ്ങാനും sixer പോയിരുന്നെങ്കില്‍ ഈ മഞ്ഞക്കാര്‍ എല്ലാരും കൂടെ എന്നെ വലിച്ചു കീറിയേനെ.. ഇനിയിപ്പോ ബാക്കി സമയം ചെന്നൈ ടീമിനെ സപ്പോര്‍ട്ട് ചെയ്തേക്കാം.. ടിക്കറ്റ് ഒക്കെ തന്നതല്ലേ.. അല്ലേലും രാജസ്ഥാന്‍ ഇന്ന് ജയിക്കാനും പോകുന്നില്ല..
കളിയുടെ ബാക്കി ഭാഗം ഹോം ടീമിന് സപ്പോര്‍ട്ട് നല്‍കി ഒടുവില്‍ അവിടെ നിന്നും തിരിച്ചു വന്നു.. മടക്ക യാത്രയില്‍ വടിവേലു & ഫാമിലി എന്നോട് കുറെ തവണ ചോദിച്ചു... എങ്ങനെയാണു ആ അടി ക്യാച്ച് ആകുമെന്ന് മനസ്സിലാക്കിയതെന്ന്.. ക്രിക്കറ്റ് നെ പറ്റി എനിക്കുള്ള അറിവുകള്‍ എല്ലാം വിളമ്പി ആ ചോദ്യത്തെ ഞാന്‍ അതിശക്തമായി നേരിട്ടു...!!!!!
Sunday, March 28, 2010
പഴഞ്ചൊല്ല് മത്സരം
1 ) --------------- ആണ് സൃഷ്ടിയുടെ മാതാവ് (തങ്കമ്മ, സുലോചന, ആവശ്യം)
2 ) വേലി ചാടുന്ന പശുവിനു --------------- കൊണ്ട് മരണം (അഹങ്കാരം കൊണ്ട്, കോല് കൊണ്ട്, കയ്യിലിരിപ്പുകൊണ്ടു)
3 ) മൂത്തവരുടെ ----------------- ഉം മുതുനെല്ലിക്കേം ആദ്യം കയ്ക്കും പിന്നെ മധുരിക്കും (പാവക്ക തോരന്‍, മുരിങ്ങിക്ക കറി, വാക്കും)
4 ) അമ്മക്ക് പ്രാണവേദന, മകള്‍ക്ക് ---------- വായന (മനോരമ, ദേശാഭിമാനി, വീണ)
5 ) അഴകുള്ള ചക്കയില്‍ --------- ഇല്ല (പുഴു, ചക്കക്കുരു , ചുള )
6 ) നാടോടുമ്പോള്‍ -------- ഓടുക (തകര്‍ത്തു വെച്ച്, നടുവേ, കുറ്റിയും പറിച്ചോണ്ട് )
7 ) ചങ്ങാതി നന്നായാല്‍ ------- വേണ്ട (സോപ്പ്, ചീപ്പ്, കണ്ണാടി)
8 ) ഒന്നേ ഉള്ളെങ്കില്‍ --------- ക്ക് അടിക്കണം (ഉലക്കക്ക്, ചന്തിക്ക് , മോന്തക്ക്)
9 ) --------- കൂടിയാല്‍ പാമ്പ് ചാകില്ല (ഷുഗര്‍, പ്രഷര്‍, ആള് )
10 ) ------------ പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും (മാധവന്‍ പിള്ളക്ക്, അയ്യപ്പന്‍ പിള്ളക്ക്, അറിയാത്ത പിള്ളക്ക് )
11 ) ഓടുന്ന പട്ടിക്കു ഒരു മുഴം ------------ (മുമ്പേ, കൊല്‍കത്ത, ചെന്നൈ)
12 ) -------------- കാലത്ത് തൈ പത്തു വെച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം (വെളുപ്പാന്‍ കാലത്ത്, രാഹു കാലത്ത്, സമ്പത്ത് കാലത്ത് )
13 ) തല ഇരിക്കുമ്പോള്‍ ------------ ആട്ടരുത് (വാല്‍ ആട്ടരുത്, അരി ആട്ടരുത്, ഊഞ്ഞാല്‍ ആട്ടരുത് )
14 ) അല്പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും --------------- പിടിക്കും (പോലീസ്, കുട, മീന്‍ )
15 ) അച്ഛന്‍ അരി കുറച്ചാല്‍ അമ്മ ------------- കുറയ്ക്കും (അത്താഴം, 7 ല്‍ നിന്നും 4 , 11 ല്‍ നിന്നും 5 )
16 ) ----------------- കണ്ടും മാമ്പൂ കണ്ടും മദിക്കരുത് (കിന്നാരത്തുമ്പികള്‍ , അവളുടെ രാവുകള്‍, മക്കളെ )
17 ) ആരാന്റെ അമ്മക്ക് ------------------- വന്നാല്‍ കാണാന്‍ നല്ല ചേല് (e-mail, parcel, ഭ്രാന്ത്)
18 ) ------------- രാജാ തഥാ പ്രജ (ബെല്ലാരി രാജാ, പോക്കിരി രാജാ, യഥാ )
19 ) ആന മുക്കുന്നത് കണ്ടു ------------- മുക്കിയാലോ? (കപ്പല്‍, സുനാമി ഫണ്ട്, ആട് )
20 ) -------------- വെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ചു (വാഴ, കരിമ്പ്, ഇടി )
21 ) ------------- വരുമ്പോള്‍ നാമം ജപിക്കണം (അപ്പുപ്പന്‍, അമ്മാവന്‍, കോപം )
22 ) ------------- ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല ( ടീന, KSRTC ബസ്, കാലം )
23 ) ഏച്ചു കെട്ടിയാല്‍ ----------- ച്ചിരിക്കും (പൊട്ടിച്ചിരികും, കുലുങ്ങിച്ച്ചിരിക്കും, മുഴച്ചിരിക്കും )
24 ) ഒരു ------------ അടയ്ക്കുമ്പോള്‍ മറ്റൊന്ന് തുറക്കും ( EMI, Premium, വാതില്‍ )
25 ) കാലത്തിനൊത്തു --------------- കെട്ടണം (പെണ്ണ് കെട്ടണം, കോലം കെട്ടണം, വേലി കെട്ടണം )
--------------------------------------------------------------------------------------------
Tuesday, March 16, 2010
ഒരു മുച്ചീട്ട് കളി..
ക്ലാസ്സില്‍ എത്തിയ ഉടനെ സര്‍ attendance എടുത്തിട്ട് തലകള്‍ എണ്ണി തിട്ടപ്പെടുത്തി..ഒട്ടും സമയം കളയാതെ ബോര്‍ഡിലേക്ക് തിരിഞ്ഞു എന്തിനെയൊക്കെയോ integration ചെയ്യുവാനുള്ള നടപടികള്‍ തുടങ്ങി..
അതിനുവേണ്ട സാമഗ്രികള്‍ ആയ ചുറ്റിക്കെട്ട് വള്ളി, ലിമിട്സ്, x ലും y ലും ഉള്ള സൂത്രവാക്യങ്ങള്‍ മുതലായവ ഫിറ്റ് ചെയ്തു സംഭവം മോടി പിടിപ്പിച്ചു ..
പഠിപ്പിസ്റ്റുകളും സാറിന്റെ പ്രീതി സമ്പാദിക്കാന്‍ കച്ച കെട്ടി ഇറങ്ങിതിരിച്ചവരും വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാം എഴുതിയെടുതുകൊണ്ടിരുന്നു. ഞങ്ങള്‍ ബാക്ക് benchers പതിവ്പോലെ മറ്റ് കലാപരിപടികളിലേക്കും കടന്നു.. ഞങ്ങള്‍ ആറു പേരും മൊട്ടകള്‍ ആണെന്നുള്ള കാര്യം ഇവിടെ പ്രസക്തമാണ്..( ഞങ്ങളുടെ gang leader 'കുടിയന്‍ ഷിജാസിനെ' റബ്ബര്‍ മൊതലാളി ഈപ്പച്ചന്റെ മകള്‍ റീത്തമ്മ ഇടയ്ക്കിടെ കണ്ണുകള്‍ കൊട്നു എറിയുന്നത് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു..തൊട്ടുമുന്‍പിലെ ബെന്ച്ചുകാരന്‍ ബെന്നിയുമായി ഞങ്ങള്‍ ബെറ്റും വെച്ചു.. ഒരാഴ്ച്ചക്കുള്ളില്‍ റീത്ത ഷിജാസിനെ propose ചെയ്തില്ലേല്‍ മൊട്ടയടി+ 100 രൂപ.. റീത്ത propose ചെയ്തു.. ഷിജാസിനെ അല്ല.. ബെന്നിയെ.. അവനും റബ്ബര്‍ ഉണ്ടല്ലോ.. അങ്ങനെ റബ്ബറും റബ്ബറും തമ്മില്‍ ചേര്‍ന്നു..ഇതിനിടയില്‍ കള്ളിനു എന്ത് കാര്യം..ഞങ്ങള്‍ക്ക് ധന നഷ്ടം, മുടി നഷ്ടം, മാനഹാനി..)
ഞങ്ങള്‍ക്കാര്‍ക്കും ഒരിക്കലും അന്ഗീകരിക്കാനാവാത്ത ഒരു വൃത്തികെട്ട ശീലം നമ്മുടെ മുട്ടായി ഉറുഞ്ചി സര്‍ നു ഉണ്ടായിരുന്നു..പ്രോബ്ലെംസ് ഇട്ടു തന്നിട്ട് അത് നമ്മള്‍ ചെയ്യുന്നുണ്ടോ എന്ന് നോക്കാന്‍ വേണ്ടി റോന്തു ചുറ്റുന്ന അത്യന്തം മ്ലേച്ചകരമായ ഒരു പെരുമാറ്റം..പുള്ളി പതിവുപോലെ കറങ്ങിത്തിരിഞ്ഞ് ഞങ്ങളുടെ അടുത്തെത്തി തൊട്ടുപുറകില്‍ വന്നു നിന്നു.. ടിയാന്‍ എന്തുചെയ്യുകയാണ്? ഞങ്ങളുടെ മോട്ടത്തലകളുടെ ഭംഗി ആസ്വദിക്കുവാണോ? ഞങ്ങള്‍ അവരവരുടെ ശിരസ്സുകള്‍ പുള്ളിക്കുവേണ്ടി പോസ് ചെയ്തു കൊടുത്തു.. ദാണ്ടെ പുള്ളി എന്റെ അടുക്കലേക്കു വരുന്നു..പടച്ച റബ്ബേ, ഇതിയാനിത് എന്നാ ഭാവിച്ചാ?
കൊക്കോ പുഴുപോലുള്ള വള്ളിയൊക്കെ ഞാനും ഇട്ടു വെച്ചിട്ടുണ്ട്..അതൊക്കെ യേത് പോലീസുകാരനെകൊണ്ടും പറ്റും.. ബാക്കിയാണ് പ്രശ്നം..അടുത്തിരിക്കുന്ന സതീഷിന്റെ നോക്കിയെഴുതാമെന്നു വെച്ചാ അവനു ബുക്കും പേനയും ഒന്നുമില്ല..വെറുതെ വിരലുകൊണ്ട് ബെഞ്ചില്‍ കുത്തിവരക്കുന്നതല്ലാതെ അവനെ കൊണ്ട് നോ പ്രയോജന്‍സ്..ഇനി ഒന്നും നോക്കിയിട്ട് കാര്യമില്ല.. സ്ഥിരം അടവുതന്നെ എടുത്തു പുറത്തിട്ടു.. x, y, square, sqrt മുതലായവകൊണ്ട് ഒരു അലക്ക് അങ്ങ് അലക്കി.. എഴുത്ത്തോട് എഴുത്ത്. ഒരു പേജിലെങ്ങും കൊള്ളുന്ന ലക്ഷണമില്ല..അളിഞ്ഞ കൂഴച്ചക്ക കാക്ക കൊത്തി ചിതറിയിട്ടിരിക്കുന്നപോലെയുള്ള handwriting പരീക്ഷക്ക് പണി തരുമെങ്കിലും ഇവിടെ രക്ഷയായി.. മോട്ടത്തലയനാണെങ്കിലും യിവന്‍ പുലിയാണെന്ന് മനസ്സിലായതോടെ ഈ പ്രോബ്ലത്തേക്കാളും മുഴുത്തത് ഇടാന്‍ വേണ്ടി ആ മനുഷ്യന്‍ ബോര്‍ഡിനെ ലക്ഷ്യമാക്കി പാഞ്ഞു.
ഇവിടെ ഞങ്ങള്‍ പരീക്ഷണങ്ങളെ നേരിടുമ്പോള്‍ ക്ലാസിനു പുറത്തു കരിമ്പും തോട്ടത്തില്‍ 'മുച്ചീട്ട് ബിജുവിന്റെ' മേല്‍നോട്ടത്തില്‍ 'കീച്ച്ചുകളി***' തകൃതിയായി നടക്കുന്നുണ്ടാവും എന്ന ചിന്ത ഞങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നു.. ഞാനും സതീഷും ഇന്ന് ചെല്ലാമെന്നു ഏറ്റിരുന്നതാണ്.. അതിനാണ് അനിയച്ച്ചാരുടെ കുടുക്ക പൊട്ടിച്ചു ഒള്ള ചില്ലറയെല്ലാം പറക്കികൊണ്ട് വന്നത്..ക്ലാസ്സ് സ്കൂട്ട് ചെയ്യാമെന്ന് വിചാരിച്ചാല്‍ ഹാജര്‍ നില നന്നേ കുറവ്.. proxy യെ ഏര്‍പ്പടക്കാമെന്ന് വെച്ചാല്‍ ലയാളുടെ തലയെണ്ണിപ്പടുത്തം കാരണം നടക്കുകേം ഇല്ല. പിന്നെയുള്ളത് ഒരേയൊരു മാര്‍ഗ്ഗം മാത്രം..പുറകിലെ ഭിത്തിയിലെ ദ്വാരം.. ദ്വാരം എന്ന് പറഞ്ഞുകൂടാ.. കിളിവാതില്‍ ..അതിലൂടെ പുറത്തുകടക്കുക..
കഷ്ടിച്ച് ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാം..ഞാഞ്ഞൂലുകളായ എനിക്കും സതീഷിനും പരുവം.. ബാക്കിയുള്ള നാലു തടിയന്സിനു തല പോലും കേറ്റാന്‍ പറ്റില്ല..എന്തായാലും കിട്ടിയ ഒരു ശുഭമുഹൂര്‍ത്തത്തില്‍ സതീഷ് അതിലൂടെ പുറത്തുകടന്നു.. അല്ലേലും അവനൊക്കെ ഇങ്ങനെ നടന്നാലെന്താ, അവന്റെ ചേട്ടന്‍ സലാലയില്‍ കിടന്നു അദ്വാനിക്കുന്നുണ്ടല്ലോ..ഹും. പറഞ്ഞിട്ടുകാര്യമില്ല.. അടുത്തത് എന്റെ ഊഴമാണ്..എങ്ങനെയും പുറത്തു കടന്നെ പറ്റൂ.. പെട്ടെന്ന് വര്‍ഗീസ് സര്‍ ഞങ്ങളെ നോക്കി..ദൈവമേ പണിയായോ? സതീഷിന്റെ പലായനം പിടിക്കപ്പെട്ടോ? ഇല്ല. ഒരു കോഴിമുട്ട കാണാതായ ഭാവം പോലും പുള്ളിക്കില്ല.. അല്ലേലും അതിയാന്‍ കുറച്ചു മന്തിപ്പാണ്.. orientation ച്ചിര കുറവാണ്..ഞങ്ങടെ സൌഭാഗ്യം .അല്ലാതെന്തു പറയാന്‍..
പുതിയ chapter മായി ബന്ധപ്പെട്ടു സര്‍ ബോര്‍ഡില്‍ എഴുത്ത് തുടര്‍ന്നപ്പോള്‍ ഞാന്‍ താഴേക്ക് കിടന്നു കിളിവാതില്‍ ലക്ഷ്യമാക്കി ഇഴഞ്ഞു..എന്റെ ബാഗ് മുഴുവന്‍ പൊടിയായി..അതിനെ ബാഗ് എന്നൊന്നും വിളിക്കാന്‍ പറ്റില്ല..എല്ലാരും ബെഞ്ചും ഡെസ്കും തുടക്കുന്ന സാധനം.. കോഴിക്കാട്ടം വരെ പറ്റിയിരിക്കുന്നു.. പിന്നാ പൊടി..ഞാന്‍ ഇഴച്ചില്‍ തുടര്‍ന്നു..ആദ്യം തല കടത്തി.. പിന്നെ ഉടല്‍.. ദൈവമേ കേറുന്നില്ലല്ലോ.. ഉച്ചക്ക് ഗോപാലന്‍ ചേട്ടന്റെ കടേന്നു ഒരു പറ ചോറ് അടിച്ചു കേറ്റിയപ്പോ ഈ ഒരു നുഴഞ്ഞിറക്കത്തെപറ്റി ആലോചിച്ചതെ ഇല്ല.
എന്തായാലും ഉടല്‍ ഒരുവിധം കടത്തി.. ഇനി അരക്കെട്ടും കാലുകളും..ഇപ്പൊ ഞാന്‍ ക്ലാസ്സിലുമല്ല മുറ്റത്ത്തുമല്ല എന്ന അവസ്ഥയില്‍ കിടക്കുകയാണ്..
മുറ്റത്തിലേക്ക് കൈ കുത്തി നില്‍ക്കുന്ന എനിക്ക് സതീഷിന്റെ ഉണക്ക കാലുകള്‍ കാണാം.. അതാ അതിനടുത് കുറെ കൂടി തടിച്ച വേറെ രണ്ടു കാലുകള്‍..ആരപ്പാ അത്.? തല ഉയര്‍ത്തി മോന്ത കണ്ടപ്പോ നല്ല പരിചയം.. ഈയടുത്ത കാലത്ത് കണ്ടപോലെ.. ഭൂമിയില്‍ നിന്നും ആകാശത്തെക്കുള്ള Shaji Kailas മോഡല്‍ angle ആയതിനാല്‍ face detection നു താമസം നേരിടുന്നു.. ഒടുവില്‍ sound വെച്ചു ആളെ തിരിച്ചറിഞ്ഞു..'മുട്ടായി ഉറുഞ്ചല്‍' with DTS effect.. മേമ്പൊടിക്കായി പല്ല് ഞെരിക്കുന്ന ശബ്ദവും..സാക്ഷാല്‍ ശ്രീമാന്‍ വറുഗീസ് ചേകവര്‍ എന്റെ കണ്മുന്നില്‍..
ആക്സിലറേറ്റര്‍ കൊടുത്തു വണ്ടി മുന്നോട്ടെടുക്കണോ അതോ റിവേഴ്സിട്ടു പുറകോട്ടെടുക്കണോ? ചെക്പോസ്റ്റ് കണ്ട കഞ്ചാവ് ലോറിക്കാരന്റെ അവസ്ഥ!! ഇന്ധനമെല്ലാം ആവിയായി പോയതിനാല്‍ രണ്ടും സാധിച്ചില്ല.. ഒന്നും രണ്ടും ഒരുമിച്ചു സാധിച്ചോന്നൊരു സംശയവുമുണ്ട്.. അവസാനം, സാറും സതീഷും കൂടി കപ്പ പറിക്കുന്നപോലെ എന്നെ വലിച്ചൂരി മുറ്റത്തിട്ടു.. ആദ്യം ശാസിച്ച്ചെങ്കിലും എന്റെ കാല് മുറിഞ്ഞത് കണ്ടു അലിവുതോന്നിയ ആ സാധു മനുഷ്യന്‍ ഞങ്ങളെ hospital ലേക്ക് പറഞ്ഞുവിട്ടു.. പുള്ളിയുടെ ആജ്ഞ ശിരസ്സാവഹിച്ചു നേരെ പോയി ചീട്ടു കളിച്ചു ഒള്ള കാശൊക്കെ കൊണ്ട് കളഞ്ഞു ശൂന്യമായ പോക്കറ്റ്കളുമായി കള്ളവണ്ടിയും കേറി ഞങ്ങള്‍ വീട്ടിലേക്കു യാത്രയായി.. അന്ന് ഞങ്ങള്‍ ഒരു പാഠം പഠിച്ചു..
"നമ്മള്‍ എന്തിനെങ്കിലും വേണ്ടി അതിയായി ആഗ്രഹിച്ചു അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍, ഒരു ശക്തിക്കും നമ്മെ അതില്‍ നിന്നും തടയാനാവില്ല.."
Saturday, March 6, 2010
അച്ചപ്പവും ബിനുവും പിന്നെ ഞാനും..
ആയിടക്കാണ് തറവാട്ടില്‍ തന്നെ ഒരു പ്രസവ മഹോത്സവം അരങ്ങേറിയത്..അതിനോടനുബന്ടിച്ചുള്ള ചടങ്ങുകളില്‍ നിന്നും ലഭിച്ച മധുര പലഹാരങ്ങള്‍ , പഴവര്‍ഗ്ഗങ്ങള്‍, മുതലായവ അടുക്കളയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ഞങ്ങളുടെ ഗ്രൂപിലെ ചാര ഉപഗ്രഹം ആയിരുന്ന 'പോടിമോന്‍' ഞങ്ങളെ വന്നു ധരിപ്പിച്ചു.. ആ പലഹാരങ്ങള്‍ അടിച്ചുമാറ്റുക എന്നാ ദൌത്യം ഞാനും ബിനുവും സസന്തോഷം ഏറ്റെടുത്തു.. അതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.. ഉച്ചയൂണ് കഴിഞ്ഞു എല്ലാവരും മയക്കം പിടിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കൂടി ആരോരും അറിയാതെ അടുക്കളയിലേക്കു പൂച്ചകളെ പോലെ നടന്നടുത്തു.. 'ശാന്ത ഗ്രൂപ്പ്' ഈ വിവരങ്ങള്‍ അറിയാതിരിക്കാനുള്ള മുന്‍കരുതല്‍ ഞങ്ങള്‍ എടുത്തിട്ടുണ്ടായിരുന്നു..ഇതുപോലെ അനവധി operations നടത്തിയ ധൈര്യത്തില്‍ ഞങ്ങള്‍ മുന്നോട്ടു നീങ്ങി.. ബിനു പലഹാര പാത്രങ്ങള്‍ തുറന്നു.. അച്ചപ്പത്തിന്റെ പാത്രം ആണ് ഞങ്ങള്‍ ആദ്യം കണ്ടെത്തിയത്.. അവന്‍ അച്ചപ്പങ്ങള്‍ ഒന്നൊന്നായി തന്റെ വള്ളിനിക്കറിന്റെ പോക്കറ്റിലേക്കു മാറ്റിക്കൊണ്ടിരുന്നു.. ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാനായി ഞാന്‍ വാതിലിന്റെ അടുത്തേക്ക് പോയി.. അതാ ആരോ വരുന്ന ശബ്ദം.. "ഓടിക്കോടാ" എന്ന് പറഞ്ഞു തീര്‍ക്കുന്നതിന്റെ മുന്‍പ് തന്നെ ബിനു മുറ്റത്തേക്ക് പറന്നു വീണു.. ഞാന്‍ പുറകിലും..
ബിനു തകര്‍ത്തു വെച്ച് ഓടാന്‍ തുടങ്ങി.. ആസനത്തില്‍ മുളക് വെള്ളം തളിച്ച പോലുള്ള വെപ്രാളത്തോടെ.. ഞാനും അവന്റെ പുറകെ വെച്ച് പിടിച്ചു..അവന്‍ ഓട്ടം നിര്‍ത്തുന്ന യാതൊരു ലക്ഷണവും ഇല്ല. പുറകെ ഓടിയില്ലെങ്കില്‍ അച്ചപ്പങ്ങള്‍ മുഴുവനും ലവന്‍ തിന്നു പണ്ടാരമടങ്ങും..അങ്ങനെ ഒറ്റയ്ക്ക് അവന്‍ കേറ്റെണ്ട.. എനിക്കും അതില്‍ തുല്യ അവകാശം ഉണ്ട്.. "എടാ നിക്കടാ.. എനിക്കുടെ താടാ.." ഞാനും റോക്കറ്റ് വേഗതയില്‍ അവന്റെ പിന്നാലെ പാഞ്ഞു.. "എന്റെ പിറകെ വരണ്ട.." എന്ന് അവന്‍ ഇടയ്ക്കിടെ വിളിച്ചു കൂവുന്നുമുണ്ട്.. പണ്ടാരക്കാലന്‍..രണ്ടു അച്ച്ചപ്പതിനു വേണ്ടിഇത്രയും ഓട്ടം ഓടണോ? അച്ചപ്പത്തിന്റെ ഓര്‍മ്മ മനസ്സിലേക്ക് വന്നപ്പോള്‍ എനിക്കും ഉപേക്ഷിക്കാന്‍ തോന്നിയില്ല. അങ്ങനെ ഒരു ഒന്ന് രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ ബിനു നേരെ അന്ത്രമാനിക്കയുടെ വീടിന്റെ ടെറസ്സിലേക്ക് ഓടിക്കയറി... എന്തായാലും ടെറസ്സില്‍
വെച്ച് പലഹാരം പങ്കുവെക്കുമല്ലോ എന്നാ ആശ്വാസത്തില്‍ ഞാനും അവന്റെ പുറകെ ഓടിക്കയറി..
മുകളില്‍ എത്തിയതും ബിനു തന്റെ വള്ളി നിക്കര്‍ ഊരി ഒരു ഏറു വെച്ച് കൊടുത്തു.. ഞാന്‍ അന്തം വിട്ടു കുന്തം വിഴിങ്ങിയെങ്കിലും അച്ചപ്പം രണ്ടും എനിക്ക് കിട്ടിയല്ലോ എന്നാ സന്തോഷത്തോടെ അവന്റെ നിക്കര്‍ കയ്യിലെടുത്തു .. "എന്റമ്മോ" എന്നുള്ള അവന്റെ ഒരു ദീന രോദനം കേട്ട് ഞാന്‍ അവനെ അടിമുടി നോക്കി.. എന്റെ കണ്ണുകള്‍ അവന്റെ centre of gravity യില്‍ ഉടക്കി..ഞാന്‍ ഞെട്ടിത്തരിച്ചു പോയി.. ലവന്റെ കേന്ദ്ര ഭരണ പ്രദേശം മുഴുവന്‍ ഉറുമ്പുകള്‍ പിടിച്ചടക്കുന്നു.. എന്റെ കയ്യിലിരിക്കുന്ന അവന്റെ നിക്കറിന്റെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ ആ നഗ്ന സത്യം ഞാന്‍ മനസ്സിലാക്കി.. അതില്‍ അണ്ട കടാഹം പോലെ ഒരു ഓട്ട..!!! എന്റെ കയ്യിലും കിട്ടി കുറെ കടികള്‍.. എന്റെ കയ്യില്‍ ഇത്രയും വേദനയെങ്കില്‍ ലവന്റെ ലതില്‍ എന്തായിരികും സ്ഥിതി... ഹോ... ഞാന്‍ പുളകം കൊണ്ടു..
വേദന കൊണ്ട് പുളയുന്നതിനിടയിലും ബിനുവിന്റെ ദയനീയ അഭ്യര്‍ഥന എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു..
"എടാ.. ഒറ്റയ്ക്ക് തിന്നാതെടാ.. എനിക്ക്കൂടെ താടാ.."
Tuesday, February 23, 2010
കണി കാണലിന്റെ ശക്തി..
ഒരു 40-45 വയസ്സ് പ്രായം തോന്നുന്ന ഒരു മനുഷ്യന്‍ തന്റെ പ്രഭാത ക്രിത്യങ്ങള്‍ക്കുള്ള പ്രാരംഭ നടപടികള്‍ തുടങ്ങുന്നു.. ആ തടിച്ച മനുഷ്യന്‍, തന്റെ മുണ്ടുകള്‍ നാടകത്തിന്റെ കര്‍ട്ടന്‍ ഉയര്‍ത്തും പോലെ ഉയര്‍ത്തുകയാണ്.. എന്റെ ദൈവമേ എന്തൊരു കണി.. ഇതുപോലെ ഒരെണ്ണം (രണ്ടെണ്ണം!!!) എന്റെ ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ല.. അതും പുതുവത്സര ദിനത്തില്‍ തന്നെ..
ഞാന്‍ മനമുരുകി പ്രാര്‍ഥിച്ചു, ട്രെയിന്‍ അവിടെ എങ്ങും നിര്‍ത്തരുതേ എന്ന്.. എന്റെ സല്‍സ്വഭാവം കൊണ്ടാണോ എന്നറിയില്ല, ട്രെയിന്‍ കൃത്യം അവിടെ തന്നെ നിര്‍ത്തിയിട്ടു.. പുള്ളിയുടെ പ്രിഷ്ട ഭാഗവും എന്റെ compartment ഉം തമ്മില്‍ ഏകദേശം 5-6 അടി മാത്രമേ ഉള്ളൂ..
ഞാന്‍ എന്റെ കണ്ണുകളെ പിന്‍വലിച്ചു ട്രെയിന്നിനുള്ളിലേക്ക് നോക്കി.. എല്ലാവരും നല്ല ഉറക്കം.. ഇവരാര്‍ക്കും ഇത്രയും നല്ലൊരു കണി കാണാന്‍ ഭാഗ്യമുണ്ടായില്ലല്ലോ എന്നോര്തിരിക്കുംമ്പോള്‍ അതാ ഒരു പെണ്‍കുട്ടി എഴുന്നേറ്റു ആ വിന്‍ഡോ യുടെ അടുത്തേക്ക് വരുന്നു.. എന്തും സംഭവിക്കാം.. ഉദ്വേഗം ജനിപിക്കുന്ന നിമിഷങ്ങള്‍... ആ പെണ്‍കുട്ടി, എവിടെ എത്തി എന്നറിയാനാവണം, പുറത്തേക്കു നോക്കി.. ആ അസാദ്യമായ കാഴ്ച കണ്ടു അവര്‍ ഞെട്ടിത്തിരിഞ്ഞു ആ കുട്ടിയുടെ അപ്പര്‍ ബെര്‍ത്തിലേക്ക് ചാടിക്കയറി, മൂടിപ്പുതച്ചു കിടന്നു... ആ ക്നാപ്പന്‍ ട്രെയിനിനു അഭിമുഖമായി ഇരുന്നിരുന്നെകില്‍ എന്താവും സ്ഥിതി എന്നാലോചിച്ചു ഞാന്‍ നെടുവീര്‍പ്പെട്ടു.. എനിക്ക് എന്റെ കണ്ണുകളെ അടക്കി നിര്‍ത്താന്‍ സാധിച്ചില്ല.. അല്ലേലും എന്തെങ്കിലും കാണരുത് എന്ന് വിചാരിച്ചിരുന്നാല്‍ നമുക്ക് അതു തന്നെ കാണാന്‍ ഒരു ത്വര ഉണ്ടാകുമല്ലോ.. ആ തിയറി ഇവിടെയും ഫലം കണ്ടു.. ഞാന്‍ അങ്ങോട്ട് വീണ്ടും നോക്കി.. പുള്ളി ഉടനെങ്ങും എഴുന്നേല്‍ക്കുന്ന ലക്ഷണം ഇല്ല.. ഭയങ്കര സ്ലോ.. കൂടാതെ ടാങ്ക് ഫുള്ളും ആണ്.. അടൂര്‍ ഗോപാലകൃഷ്ണന്‍ കണ്ടാല്‍ പുള്ളിയെ ഉടനെ തന്നെ അടുത്ത പടത്തിലേക്ക് കാസ്റ്റ് ചെയ്തേനെ.. അത്രയ്ക്ക് സ്ലോ..
"ഇത് ഏതു സ്റ്റേഷന്‍" ഒരു സ്ത്രീയും അവരുടെ മകളും കൂടി പുറത്തേക്കു നോക്കി. ആ കാഴ്ച കണ്ടതും അമ്മ, മകളുടെ കണ്ണും പൊത്തി അവരുടെ സീറ്റില്‍ പോയി ഇരുന്നു.. എന്നെ നോക്കാന്‍ അവര്‍ക്ക് ധൈര്യം പോരാ.. എനിക്ക് തിരിച്ചും..
ഓ.. ഇതാ ട്രെയിന്‍ വിടുന്നു.. ട്രെയിന്‍ നിര്‍ത്തുന്നതും വിടുന്നതും ഒന്നും പുള്ളിയെ ബാധിക്കുന്നതേ ഇല്ല .. യാതൊരു കൂസലും ഇല്ലാതെ ആ മനുഷ്യന്‍ കാര്യങ്ങള്‍ മുന്നോട്ടു (താഴോട്ടു ?? ) നീക്കുകയാണ്.. എന്തായാലും ട്രെയിന്‍ വിട്ടല്ലോ രക്ഷപെട്ടു.. എന്നാലും ഈ കണി ഞാന്‍ എങ്ങനെ ഓര്‍ത്തു വെക്കും? എന്റെ എല്ലാ സ്വപ്നങ്ങളും തകര്‍ന്നു.. അപ്പോഴും എന്റെ ചിന്ത അയാളെ കുറിച്ചായിരുന്നു.. അവിടെ ഒരു ബക്കറ്റോ മഗ്ഗോ ഉണ്ടായിരുന്നില്ല.. പിന്നെ എങ്ങനെ ആയിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍? ഒരു എത്തും പിടിയും കിട്ടുന്നില്ല..അവിടെ കുറെ ചെടികള്‍ നില്‍ക്കുന്നുണ്ടായിരുന്നു.. ദൈവമേ.. ഇനി അതുകൊണ്ട് വല്ലതും ആണോ? ഒരു യുറോപിയന്‍ സ്റ്റൈലില്‍?
ഛെ .. ഞാന്‍ എന്തൊക്കെയാണ് ചിന്തിക്കുന്നത്.. വല്ലവന്റെയും നമ്പര്‍ 2 വിനു ഇത്രയ്ക്കു പ്രാധാന്യം കൊടുക്കണോ? ഇത്രയും ഒക്കെ ചിന്തിച്ചു വെറുതെ സമയം കളയണോ? എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. 6:45 am നു ട്രെയിന്‍ സെന്‍ട്രല്‍ സ്റെഷനില്‍ എത്തി.. ഉടനെ തന്നെ വീട്ടിലേക്കു പോയി...
............ ആ വര്ഷം മുഴുവനും ഞാന്‍ വയറ്റിളക്കം പിടിച്ചു കിടപ്പിലായിരുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ? കണിയുടെ ഒരു ശക്തിയെ.. !!!!!!!