Wednesday, May 19, 2010

കഥ, തിരക്കഥ, സംഭാഷണം: "മനു"

എന്ത് കാര്യവും വളച്ചൊടിച്ചു ആര്‍ക്കും ഒന്നും മനസ്സിലാകാത്ത രീതിയില്‍ അവതരിപ്പിക്കുന്ന ധാരാളം മനുഷ്യര്‍ നമുക്കിടയിലുണ്ടല്ലോ. ഞങ്ങള്‍ക്കിടയിലും ഇത്തരത്തില്‍ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. "മനു".

ഒരു ഉദാഹരണം പറഞ്ഞാല്‍,
ആരെങ്കിലും അവനോടു ചോദിക്കുന്നു:

"എടാ മനൂ.. നീ എങ്ങോട്ട്‌ പോകുവാ? "
"എന്റെ കൂട്ടുകാരന്‍ ഗള്‍ഫീന്ന് വരുന്നുണ്ട്. "
"ഓ.. നീ എയര്‍പോര്‍ട്ടില്‍ പോകുവാണോ?"
"അല്ലെടാ. അവന്‍ ഒരു കുപ്പി കൊണ്ടുവരും."
"ഓഹോ. അപ്പൊ വീശാന്‍ പോകുവാണോ? "
"അല്ലെടാ. വീശാന്‍ പോകാന്‍ ഇപ്പൊ വയ്യ. ചെറിയ ജലദോഷം ഉണ്ട്. കഴിഞ്ഞ ആഴ്ച വീഗാ ലാന്‍ഡില്‍ പോയപ്പോ പിടിച്ചതാ . ആ..അവിടെ വെച്ച് നമ്മുടെ രതീഷിനെ കണ്ടാരുന്നു. അവന്റെ കയ്യില്‍ കിടിലം ഒരു മൊബൈല്‍. അവനിപ്പോ പാസ്പോര്‍ട്ട്‌നു അപ്ലൈ ചെയ്തിട്ട് നില്‍ക്കുവാ. പാസ്പോര്‍ട്ട്‌ കിട്ടിയില്ലേല്‍ ആകെ കുഴപ്പമാകും. അവനു കുവൈറ്റില്‍ ഒരു ജോലി ശരിയായിട്ടുണ്ട്. അവന്റെ അനിയനാണെങ്കില്‍ കാലൊടിഞ്ഞു ഹോസ്പിറ്റലില്‍ കിടക്കുവാ. എന്ത് ചെയ്യാനാ. മനുഷ്യന്റെ കാര്യങ്ങളല്ലേ"

ആകെ കുടുങ്ങി.അവന്‍ നാക്ക്‌ ഫിഫ്ത്ത് ഗിയറില്‍ ഇട്ടു.മനുവിന്റെ വൈവിധ്യമാര്‍ന്ന സംഭാഷണങ്ങള്‍ കേട്ട്, ചോദ്യം ചോദിക്കുന്നവന്‍ പിന്നെ മൌനത്തിലേക്ക്‌ ഊളിയിടും . വിഷയം കൈവിട്ടു പോയിരിക്കുന്നു. വയാഗ്രയില്‍ തുടങ്ങിയ സംസാരം നയാഗ്രയില്‍ പോയി ഒരു ചെറു കുളിയും പാസ്സാക്കി നില്‍ക്കുന്നു. ഈ രീതിയിലുള്ള സംഭാഷണം ഒരു പത്തു മിനിറ്റ് കഴിഞ്ഞതിനു ശേഷം നമ്മള്‍ വീണ്ടും ആ പഴയ ചോദ്യം ചോദിച്ചാല്‍ ചിലപ്പോ മറുപടി കിട്ടിയെന്നിരിക്കും.

"എടാ അപ്പൊ നീ എവിടെ പോകുവാ?"
"ഞാന്‍ ചുമ്മാ നടക്കാന്‍ ഇറങ്ങിയതാ.."

ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങള്‍.!!!!

ഇന്ത്യ ക്രിക്കറ്റ്‌ മാച്ച് ജയിച്ചാല്‍ അതിനെ 'ഇന്ത്യ മൊരിഞ്ഞു' എന്നും തോറ്റാല്‍ 'ഇന്ത്യ സ്പാറി' എന്നും ഒക്കെയാണ് പുള്ളിയുടെ ഭാഷകള്‍. ജയിച്ചോ തോറ്റോ എന്നറിയണമെങ്കില്‍ നമ്മള്‍ വല്ല പത്രത്തിലോ മറ്റോ നോക്കണം. അവന്റെ കോഡുകള്‍ ഡീകോഡ് ചെയ്തു ചെയ്തു ഞങ്ങള്‍ ചെന്നയിലെ കനത്ത ചൂടിലും കുളിര് കൊണ്ടു.

ഒരിക്കല്‍ മനു എന്നോട് ഒരു ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു കൊടുക്കാന്‍ പറഞ്ഞു. അവന്റെ ഓണ്‍ലൈന്‍ അക്കൗണ്ട്‌ എന്തോ പ്രോബ്ലം ആണെന്നും പറഞ്ഞു. എല്ലാ DETAILS ഉം മെയിലില്‍ അയച്ചു തന്നത് കൊണ്ട് കുഴപ്പമില്ലാതെ ബുക്ക്‌ ചെയ്തു. നേരിട്ട് പറഞ്ഞു തന്നിരുന്നേല്‍, ചെന്നൈയില്‍ നിന്നും എറണാകുളം പോകാനുള്ള ടിക്കറ്റ്‌ നു പകരം അങ്കമാലീന്നും ജോളാര്‍പെട്ടയിലേക്ക് ബുക്കിയേനെ. അത്രയ്ക്കാണ് അദ്ധേഹത്തിന്റെ 'കാര്യങ്ങള്‍ വളച്ചു പറയല്‍' സ്കില്‍ !!!!

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു.. അന്നാണ് മനുവിന് യാത്ര ചെയ്യേണ്ടത്. വൈകിട്ട് എട്ടു മണിയ്ക്കാണ് ട്രെയിന്‍. പക്ഷെ രാവിലെ തന്നെ അവന്‍ ആകെ നിരാശന്‍ ആയി കാണപ്പെട്ടു. പിറ്റേന്ന് ഞങ്ങള്‍ കാറില്‍ പോണ്ടിച്ചേരിയില്‍ പോകുന്നുണ്ടെന്ന നഗ്ന സത്യം അവനു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അവനെ കൊതിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. 'പോണ്ടിച്ചേരിയില്‍ ചെന്നിട്ടു ദദ് ചെയ്യും, ദിദ് ചെയ്യും, തലയും കുത്തി നില്‍ക്കും, മദാമ്മമാരോടോത്ത് ബീച്ച് വോളിബോള്‍ കളിക്കും, അതിനു ശേഷം അവരുടെ കൂടെത്തന്നെ സണ്‍ ബാത്ത് നടത്തും, etc etc'.

ഇതൊക്കെ ഇമാജിന്‍ ചെയ്തു അവനു വട്ടായി.
ഒടുവില്‍ സഹികെട്ട് അവന്‍ എന്നോട് പറഞ്ഞു:

"എടാ നീ ബുക്ക്‌ ചെയ്ത ആ ടിക്കറ്റ്‌ ഇല്ലേ.. ഇന്ന് വൈകിട്ട് വരുമ്പോ അതങ്ങ് കശക്കിയേരെ"
"കശക്കാനോ?" ഒന്നും മനസ്സിലാകാത്തത് കൊണ്ട് ഞാന്‍ ചോദിച്ചു.
"നീ വൈകിട്ട് വരുമ്പോ അതിന്റെ പരിപ്പെടുത്തോണ്ട് വാ. ഇപ്പൊ തന്നെ ടൈം ഓവര്‍ ആയി..ഇനിയെങ്കിലും അത് ചെയ്തില്ലെങ്കില്‍ കുഴപ്പമാ.."
ഓ അതുശരി, അപ്പൊ അവന്‍ ഞങ്ങളുടെ കൂടെ പോണ്ടിച്ചേരിയില്‍ വരാന്‍ തന്നെ തീരുമാനിച്ചു. ശരി, കശക്കിയേക്കാം.. നമ്മുടെ പയ്യനല്ലേ.. മാത്രവുമല്ല അവന്‍ കൂടെ ഉണ്ടെങ്കില്‍ പിന്നെ പൂരപ്പാട്ട് പാടാന്‍ വെളീന്ന് വേറെ ആളെ വിളിക്കേണ്ട കാര്യവുമില്ല.

ഓഫീസിലെത്തി നേരെ തന്നെ അക്കൗണ്ട്‌ ലോഗിന്‍ ചെയ്തു കയറി ആ കാര്യം അങ്ങ് സാധിച്ചു.. ടിക്കറ്റ്‌ നല്ല വെടിപ്പായി അങ്ങ് കശക്കി. ഇനിയും ലേറ്റ് ആയാല്‍ തിരിച്ചു കിട്ടുന്ന തുക കുറയും. REFUND amount Rs . 242 നാല് ദിവസത്തിനുള്ളില്‍ നമ്മുടെ അക്കൌണ്ടില്‍ വരുന്നതാണെന്ന് എന്ന് എഴുതി കാണിച്ചു..ചെറിയ ഒരു മനസ്സമാധാനം.. ജീവിതത്തില്‍ ഒരു ഉപകാരം കൂടി അങ്ങ് ചെയ്തു. ഈശ്വരാ.. എനിക്ക് ഇതൊക്കെ തുടരുവാനുള്ള ആയുസ്സും ആരോഗ്യവും ഓജസ്സും നല്‍കണേ.. മനമുരുകി പ്രാര്‍ഥിച്ചു..

വൈകിട്ട് വീട്ടിലെത്തിയപ്പോ മനു അവിടെയുണ്ട്.

"എടാ കശക്കിയോ?"
"രാവിലെ തന്നെ കശക്കിയാരുന്നു"
"എങ്കില്‍ ഇങ്ങു തന്നേരെ.."
"എടാ refund ചെയ്യാന്‍ മൂന്ന് നാല് ദിവസം എങ്കിലും എടുക്കും. കാശ് കിട്ടുമ്പോ ഞാന്‍ തരാം"
" REFUND ഓ? പ്രിന്‍റ് എടുക്കുന്നതിന് എന്തിനാ REFUND? "
"printo?. ക്യാന്‍സല്‍ ചെയ്യാനല്ലേ നീ പറഞ്ഞത്.. ഞാന്‍ ടിക്കറ്റ്‌ അങ്ങ് ക്യാന്‍സല്‍ ചെയ്തു.."
" എടാ *&*&&$%@@@#$#$$$#$.. നാളെ എനിക്ക് വീട്ടില്‍ ചെല്ലേണ്ടതാ.. നീയെന്തു പണിയാ കാണിച്ചേ? ഇനി ഞാനെങ്ങനെ വീട്ടിപ്പോകും?
"നീ കശക്കാന്‍ പറഞ്ഞപ്പോ ഞാന്‍ കരുതി ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞതാണെന്ന്.."
"പോടാ *&&&%%#$$#@@$$#$.. ഇവനോടൊക്കെ പറഞ്ഞ എന്നെ വേണം അടിക്കാന്‍.. #$%*%%?$$###^^%%$%###@@ "

ഇനി രക്ഷയില്ല.. ഇവന്റെ കയ്യീന്ന് ഞാന്‍ ഇപ്പൊ മേടിച്ചു കെട്ടും. തെറി മോഡ് ON ചെയ്താല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല... അപ്പോഴാണ് ദൈവദൂതനെ പോലെ ശ്രീജിത്ത്‌ അങ്ങോട്ട്‌ വന്നത്..

" നിന്റെ സംസാരം കേട്ടാല്‍ ആരായാലും ക്യാന്‍സല്‍ ചെയ്തു പോകും.. ഞാനും വിചാരിച്ചത് ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞതാണെന്നാ. മനുഷ്യന് മനസ്സിലാവാത്ത കുറെ വാക്കുകളുമായി ഇറങ്ങിക്കോളും. ടിക്കറ്റ്‌ കശക്കണം പോലും.."

ഭാഗ്യം.. ശ്രീജിത്തിന്റെ ഡയലോഗ് കേട്ടപ്പോ മനു ഒന്ന് അയഞ്ഞു. എന്നെയിട്ട്‌ അലക്കുന്നത്‌ നിര്‍ത്തി..കുറെ നേരം അവിടെയൊക്കെ കറങ്ങി കറങ്ങി നിന്ന ശേഷം ജനറല്‍ ടിക്കറ്റ്‌ എടുത്തു പോകാം എന്നും പറഞ്ഞു എന്റെ നേര്‍ക്ക്‌ ഒരു കലിപ്പ് നോട്ടവും പാസാക്കി അവന്‍ പടിയിറങ്ങി!!!!

ഈ സംഭവത്തിന്‌ ശേഷം മനുവിന്റെ സംഭാഷണത്തില്‍ കാതലായ രണ്ടു മാറ്റം സംഭവിച്ചു

1. അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒരു ചെറിയ 'അശ്വമേധം' പരിപാടി പോലെ മൂന്നോ നാലോ ചോദ്യങ്ങള്‍ക്കുള്ളില്‍ ഒരു പരിധിവരെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു..!!!
2. രണ്ടു മണിക്കൂറുള്ള സിനിമാക്കഥ നാല് മണിക്കൂറു കൊണ്ട് പറഞ്ഞിരുന്നത്, ഒരു രണ്ടു രണ്ടര മണിക്കൂര്‍ ആയി കുറക്കാന്‍ അവന് സാധിച്ചു!!!!

Thursday, May 6, 2010

ഒരു വേട്ടയും വെടിയിറച്ചിയും

ജോണേട്ടന്‍ ക്ലാസ്സിലെ ഏറ്റവും പ്രായം ചെന്ന വിദ്യാര്‍ഥി ആയിരുന്നെങ്കിലും പ്രായത്തെ വെല്ലുന്ന തള്ളലുകള്‍ നടത്തുന്നതില്‍ ഉസ്താദ് ആയിരുന്നു. സിനിമ-രാഷ്ട്രീയ- കലാ-കായിക രംഗത്ത് ഉള്ളവരുമായിട്ടുള്ള മുടിഞ്ഞ സൗഹൃദം, കേട്ടുകേള്‍വി പോലുമില്ലാത്ത സ്ഥലങ്ങളിലേക്ക് ട്രക്കിംഗ് നു പോകല്‍, കണക്കുകള്‍ ഇല്ലാത്ത സ്ഥാവര ജംഗമ വസ്തുക്കള്‍ക്ക് ഉടമ, അപ്പന്‍ അപ്പൂപ്പന്‍മാരുടെ വീര സാഹസിക കഥകള്‍, കോഴിക്കോട്ടു സാമൂതിരിമാരുമായി പണ്ട് ഉണ്ടായിരുന്ന ആയുധ ഇടപാടുകള്‍ മുതലായവ മുന്തിയ ഇനം തെള്ളലുകളില്‍ പെടുത്താവുന്ന ആറ്റംബോംബുകള്‍ ആയിരുന്നു. മേല്‍പ്പറഞ്ഞതിന്റെ ഒക്കെ നിജസ്ഥിതി മനസ്സിലായപ്പോള്‍ ഞങ്ങള്‍ ഒന്നടങ്കം ക്ലാസ്സിലെ 'ആസ്ഥാന തെള്ള്രാജ' പട്ടം പുള്ളിക്ക് പതിച്ചു നല്‍കി. എളുപ്പത്തില്‍ വിളിക്കാന്‍ ഒരു പേരും കണ്ടു പിടിച്ചു: 'തെള്ളേട്ടന്‍' . ഇതുകൊണ്ടൊന്നും പിടിച്ചു നിര്‍ത്താവുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ തള്ളലുകള്‍. വിത്ത് നോ ഉളുപ്പ്സ് ആന്‍ഡ്‌ മയംസ്, പുള്ളി പുളുവടികള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. 'തെള്ളേട്ടന്‍ ഫിലിംസ്' ഏറ്റവും അവസാനം റിലീസ് ചെയ്ത പടത്തിന്റെ കഥ കേട്ട് ഞങ്ങള്‍ ഞെട്ടി.

"പുള്ളിക്കാരന്‍ വീട്ടില്‍ ഉള്ള മിക്കവാറും രാത്രികളില്‍ തൊട്ടടുത്തുള്ള നിബിഡ വനത്തില്‍ പോയി മാന്‍, പന്നി, കാട്ടുപോത്ത്, വെരുക്, മരപ്പട്ടി മുതലായവയെ വേട്ടയാടി കൊണ്ടുവന്നു വീട്ടില്‍ വെച്ച് വെടിയിറച്ചി സാപ്പിട്ട് നിര്‍വൃതി കൊള്ളും പോലും"!!!!

വയ്യസ്സ് ഇടങ്ങഴി ഉണ്ടെങ്കിലും ഒരു കളിത്തോക്ക്‌ പോലും നേരെ ചൊവ്വേ പിടിക്കാന്‍ അറിയാത്ത ഈ മനുഷ്യനാണോ ഘോര വനത്തില്‍ പോയി കാട്ടുമൃഗങ്ങളുടെ പള്ളയ്ക്ക് ഇട്ടു താങ്ങുന്നത്? ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല. പൊളിച്ചടുക്കിയെ തീരു. അല്ലെങ്കില്‍തന്നെ, വേട്ട based തള്ളുകള്‍ക്ക് ഒരുപാട് സ്കോപ്പ് ഉള്ളതാ. വെറുതെ വിട്ടാല്‍ പുള്ളി തലേ കേറിയിരുന്നു ചാണകമിടും .

സുരേഷാണ് ആദ്യ വെടി ഉതിര്‍ത്തത്: "വേട്ടക്കിടയില്‍ ചേട്ടന് അപകടം വല്ലതും പറ്റിയിട്ടുണ്ടോ" ?
"ഉണ്ടോന്നോ? കൊള്ളാം, എത്ര തവണ. ദാ ഈ പാട് കണ്ടോ, കഴിഞ്ഞ ആഴ്ച ഒരു കരടി മാന്തിയതാ".
കയ്യിലെ മുട്ടിനു താഴെ ഉണ്ടായിരുന്ന വട്ട ചൊറി കാണിച്ചിട്ട് ജോണേട്ടന്‍ പറഞ്ഞു. ഇങ്ങനത്തെ തള്ളുകള്‍ക്ക് കരടി മാന്തിയില്ലെലെ അത്ഭുദം ഉള്ളൂ. മനസ്സില്‍ പറഞ്ഞെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല.
"അങ്ങനെയാണെകില്‍ ഇത്തവണ വീട്ടില്‍ പോകുമ്പോ ഞങ്ങളെയും കൂടി കൊണ്ട് പോ. നമുക്ക് ഒരുമിച്ചു വേട്ടക്കു പോകാമല്ലോ. വെടിയിറച്ചി ഞാന്‍ ഇന്നേ വരെ തിന്നട്ടില്ല". ഇത്തവണ ഞാന്‍ തന്നെ പുള്ളീടെ അടപ്പ് ഊരാന്‍ തീരുമാനിച്ചു.
"അത് പറ്റില്ല. ആകെ ഒരു തോക്കേ ഉള്ളൂ. അല്ലെങ്കിലും നിങ്ങള്ക്ക് വെടിവെക്കാനൊന്നും അറിയില്ലല്ലോ. വെടിയിറച്ചി വേണേല്‍ ഞാന്‍ കൊണ്ടുത്തരാം. അല്ലേലും ഈ വേട്ട എന്നൊക്കെ പറയുന്നത് പിള്ളാര് കളിയല്ല. നല്ല മെയ് വഴക്കവും ധൈര്യവും ഒക്കെ വേണ്ടാതാ. ".
രണ്ടും ആവശ്യത്തിലധികം ദൈവമായിട്ടു തന്നെ വാരിക്കോരി അങ്ങ് കൊടുത്തിട്ടുണ്ടല്ലോ. ലയ്റ്റായിട്ട് ഒരു കൊള്ളിയാന്‍ മിന്നിയാല്‍ പോലും ബെഡ് ഷീറ്റിന്റെ അടിയില്‍ ഒളിക്കുന്ന ടീമാ. എന്തായാലും ഒടുവില്‍ ഞങ്ങളുടെ നിര്‍ബന്ധം മൂലം പുള്ളിക്ക് അതിനു സമ്മതിക്കേണ്ടി വന്നു.

ആ വെള്ളിയാഴ്ച ഞങ്ങള്‍ ആറംഗ വേട്ട ടീം ജോണേട്ടന്റെ വീട്ടിലേക്കു യാത്രയായി. കൈലി ഉടുത്തോണ്ട് നായാട്ടിനു പോകല്‍ റിസ്ക്‌ ആണെന്ന് പലരും പറഞ്ഞപ്പോ ഏതോ വൃത്തിയും വെടിപ്പും ഉള്ളവന്മാര്‍ ഹോസ്റ്റലില്‍ കഴുകിയിട്ട കുറെ ബെര്‍മുഡകള്‍ അടിച്ചുമാറ്റി ഞങ്ങള്‍ കൂടെ കരുതി. വീട്ടില്‍ എത്തിയപ്പോ അവിടെ ഞങ്ങള്‍ക്ക് വളരെ നല്ല സ്വീകരണം ആണ് ലഭിച്ചത്. ഞങ്ങളെ കണ്ടപ്പോ വേട്ടക്കു പോകാനുള്ള ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയം തോന്നിയതു കൊണ്ടാവണം പുള്ളിയുടെ അമ്മ ചോദിച്ചു.
"നിങ്ങള്‍ ഇതിനു മുന്‍പ് കാട്ടില്‍ പോയിട്ടുണ്ടോ?"
ചാടിക്കേറി വിമല്‍ മറുപടി പറഞ്ഞു.
" ഇല്ല. ആദ്യമായിട്ടാ വേട്ടയാടാന്‍ പോകുന്നത്. അമ്മേടെ കൈ കൊണ്ടുണ്ടാക്കിയ വെടിയിറച്ചി കഴിക്കാനാ സത്യം പറഞ്ഞാ ഞങ്ങള് വന്നത് "
ഇവന്മാര്‍ ഒരുവെടിക്ക് പോകുന്ന ലക്ഷണമില്ലെന്നു മനസ്സിലായിട്ടോ എന്തോ, അമ്മ ഞങ്ങളെ ഫുഡ്‌ കഴിക്കാന്‍ വിളിച്ചു. കാട്ടില്‍ പോകുവല്ലേ, അവിടെ ബിരിയാണി ഒന്നും കിട്ടില്ലല്ലോ എന്ന് വിചാരിച്ചു എല്ലാരും അമക്കന്‍ താങ്ങ് താങ്ങി. ആരോഗ്യത്തിന്റെ കാര്യത്തില്‍ അമ്മക്കുണ്ടായിരുന്ന സംശയം അപ്പൊ തന്നെ മാറിക്കിട്ടി.
"നിങ്ങള് പോയി നല്ല ഒരു പന്നിയെ ഇങ്ങു കൊണ്ടുവാ. നാളെ ഉച്ചക്ക് നല്ല പോലെ കറിവെച്ചു തരാം" . ഇവന്മാര്‍ക്ക് പന്നിയല്ലാതെ ഒന്നിനേം പറ്റില്ലെന്ന് മനസ്സിലാക്കിയപ്പോ അമ്മ പറഞ്ഞു.
"ഞങ്ങള്‍ക്ക് പന്നി ഹറാമാ. വേറെ ഒന്നിനേം കിട്ടിയില്ലേല്‍ നാട്ടു കോഴി ആയാലും മതി" ഫൈസല്‍നു പിന്നെ എവിടെയാണേലും നോണ്‍ വെജ് ന്റെ കാര്യത്തില്‍ നോ കോമ്പ്രമൈസ്.
"ഞങ്ങള്‍ ഇവിടെ കോഴി വെക്കാറില്ല. എപ്പോഴും എന്തെങ്കിലുമൊക്കെ ഇവരുടെ അപ്പന്‍ കാട്ടീന്നു കൊണ്ടുവരും. നിങ്ങള്‍ക്ക് ഒരു മുയലിനെയെങ്കിലും കിട്ടാതിരിക്കില്ല. എന്തായാലും പോയിട്ട് വാ."
അപ്പൊ ഒന്നിനേം കിട്ടിയില്ലെങ്കില്‍ നാളത്തെ ലഞ്ച് കട്ടപ്പൊക.


വിശാലമായ ഡിന്നര്‍ ഒക്കെ കഴിച്ചു വെടിയും പറഞ്ഞു ഇരിക്കുമ്പോ ദാ വരുന്നു ജോണേട്ടന്റെ അപ്പന്‍. കയ്യില്‍ ഒരു അമണ്ടന്‍ തോക്കും. തോക്കിന്റെ കുഴലിന്റെ നീളം കണ്ടു ഞങ്ങള്‍ വണ്ടറടിച്ചു. ദൈവമേ അപ്പൊ ഈ വേട്ട ഒക്കെ സത്യമായിരുന്നോ? ഇത്രേം നേരം കരുതിയത്‌ ജോണേട്ടന്‍ തള്ളുന്നതാണെന്നാ.
"പൗലോസ്‌ ന്റെ വീട്ടിലിരുന്ന തോക്കാ. ഇവിടുത്തെത് നല്ല കണ്ടിഷനില്‍ അല്ല. നിങ്ങള്‍ ഒരു ഒമ്പത് മണി കഴിഞ്ഞിട്ട് ഇറങ്ങിയാല്‍ മതി. ശ്രദ്ധിച്ചു പോകണം. ഫോറസ്റ്റ് ഗാര്‍ഡ് ഒക്കെ കണ്ടാല്‍ വല്യ മിനക്കേടാ" അപ്പന്റെ സംഭാഷണത്തില്‍ നിന്നും സംഭവം സത്യമാകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നു.
തോക്കും ഉണ്ടയും ഒക്കെ കണ്ടിട്ടും ജോണേട്ടാണ് യാതൊരു കുലുക്കവുമില്ല. നല്ല പയറ്‌ പോലെ നില്‍ക്കുന്നു. വേട്ടക്കു പോകുന്നതിന്റെ സന്തോഷവും ത്രില്ലും ആ മുഖത്ത് അലയടിക്കുന്നു. ഉടന്‍ തന്നെ അപ്പന്‍ വന്നു മകനെ വേട്ടക്കു അയക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
... തോക്കില്‍ ഉണ്ട ഇടുന്നു... ബാക്കിയുള്ള ഉണ്ടകള്‍ പെട്ടിയിലാക്കി സഞ്ചിയില്‍ ഇട്ടു കൊടുക്കുന്നു.. അമ്മ വന്നു 'ഹെഡ് ലൈറ്റ്' ഫിറ്റ്‌ ചെയ്യുന്നു.. അടുക്കളെന്നു വെട്ടുകത്തി, പിച്ചാത്തി മുതലായവ കൊണ്ടുവരുന്നു.. ഒരു കല്യാണ ചെറുക്കനെ അണിയിച്ചൊരുക്കുന്ന പ്രതീതി. ആകെ ഒരു ഉത്സവ മേളം. ഒടുവില്‍ ബ്രെഡ്‌, ബിസ്കറ്റ്, വെള്ളം മുതലായവ അടങ്ങിയ ഒരു സ്നാക്സ് കിറ്റും കൊടുത്തു. ..ഈശ്വരാ.. കാട്ടില്‍ പോറുതിക്ക് പോകുവാണോ.. മനസ്സൊന്നു പിടഞ്ഞു. ഇങ്ങനെയുള്ള സമയങ്ങളില്‍ ആര്‍ക്കും എപ്പോഴും ഉപയോഗിക്കാവുന്ന ഒരു അടവുണ്ടല്ലോ. തലവേദന. അത് തന്നെ പ്രയോഗിച്ചു.
"എനിക്ക് തലവേദന എടുക്കുന്നു. ഒന്ന് കിടന്നാല്‍ അങ്ങ് മാറുമായിരിക്കും. നിങ്ങള്‍ പോയിട്ട് വാ. ഞാന്‍ ഇവിടെ കിടന്നോളാം"
ഇത് അടവാണെന്ന് മനസ്സിലാക്കാന്‍ വിമലിന് അധികം സമയം ഒന്നും വേണ്ടി വന്നില്ല. ഉടന്‍ വന്നു മറുപടി.
"എന്റെ കയ്യില്‍ വികസ് ആക്ഷന്‍ ഉണ്ട്. ഒരെണ്ണം അടിച്ചാല്‍ അതങ്ങ് മാറും. നീയും വാ. എല്ലാരും ഇല്ലെങ്കില്‍ പിന്നെ പോയിട്ടെന്ത കാര്യം". ഇനി രക്ഷയില്ല. പോയേ പറ്റൂ.

ഞങ്ങളെല്ലാം ബെര്‍മുഡ ഇട്ടു പുറത്തു വന്നു. വിമല്‍ തീരെ മെലിഞ്ഞിട്ടായത് കൊണ്ട് ബെര്‍മുഡ ചേരുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അവന്‍ ബെര്‍മുഡയില്‍ ബെല്‍റ്റ്‌ ഇട്ടു ടി-ഷര്‍ട്ട്‌ insert ചെയ്തു. ഇപ്പൊ കണ്ടാല്‍ കൃഷ്ണന്‍ കുട്ടി നായര്‍, ജോസ് പ്രകാശിന്റെ വേഷത്തില്‍ വന്നത് പോലെയുണ്ട്. ചിരി വന്നെങ്കിലും ഉള്‍ഭയം കാരണം ആരും ചിരിച്ചില്ല. ഏതെങ്കിലും ഒരു പുലി കുടുംബത്തിനു ഒന്നൊന്നര ആഴ്ചത്തേക്ക് ഭക്ഷിക്കാനുള്ള വകുപ്പ് ഞങ്ങള്‍ ഉണ്ടാക്കി കൊടുക്കും എന്ന് ഞാന്‍ ഉറപ്പിച്ചു. മനുഷ്യ മാംസത്തിനു അവര്‍ക്കിടയില്‍ നല്ല demand ആണെന്ന് കേട്ടിട്ടുണ്ട്. ഉടന്‍ തന്നെ വന്നു വിമലിന്റെ ചോദ്യം.

"എടാ നമ്മളെ പുലി വല്ലോം പിടിക്കുമോ?"
"നിന്നെ പിടിക്കില്ല. മിനിമം ഒരു കാല്‍ കിലോ ഇറച്ചിയെങ്കിലും ഉള്ള ജീവികളെ മാത്രമേ അത് പിടിക്കൂ. നിന്നെ തൊലി ഉള്‍പ്പെടെ ചിരണ്ടി എടുത്താലും അത്രേം കിട്ടില്ലെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ അവറ്റകള്‍ക്ക് മനസ്സിലാകും" ഫൈസല്‍ ന്റെ മറുപടി കേട്ടപ്പോ വിമലിന് ചെറിയ ഒരു ആശ്വാസം. ഇതിനടയില്‍ ജോണെട്ടനെ മാറ്റി നിര്‍ത്തി ഞാന്‍ കാര്യം പറഞ്ഞു "ജോണേട്ടാ സത്യം പറ. നിങ്ങള്‍ ഇതിനു മുന്‍പ് കാട്ടില്‍ പോയിട്ടുണോ? ഇതൊക്കെ തെള്ളല്ലേ? ഞങ്ങള്‍ ആരോടും പറയില്ല, നമുക്ക് ഇന്ന് പോണോ?"
"മിണ്ടരുത്. നീ ഒറ്റ ഒരുത്തനാ എല്ലാത്തിനും കാരണം. എല്ലാവന്മാരും വന്നെ പറ്റൂ." ജോണേട്ടന്‍ ചൂടായി. അവസാന ആശയും പോയി. കേട്ട് കേള്‍വിയുള്ള എല്ലാ പള്ളി അമ്പലങ്ങളിലേക്കും കൊക്കിലോതുങ്ങുന്ന രീതിയിലുള്ള നേര്‍ച്ചകള്‍ നേര്‍ന്നിട്ടു ഞങ്ങളുടെ വേട്ട സംഘം പുറപ്പെട്ടു. എന്റെ കയ്യില്‍ ആയുധമായി കിട്ടിയ പിച്ചാത്തി കൊണ്ട് നഖം വെട്ടാന്‍ പോലും പറ്റാത്ത രീതിയിലുള്ള മൂര്‍ച്ചക്കുറവ്. എന്തായാലും ഇരിക്കട്ടെ. ഒരു വഴിക്ക് പോകുന്നതല്ലേ.

ഞങ്ങളില്‍ ഹിന്ദുക്കള്‍ രാമ-രാമ യും മുസ്ലിങ്ങള്‍ അറബി സൂക്തങ്ങളും ചൊല്ലി കാടിനെ ലക്ഷ്യമാക്കി നടന്നകന്നു. സംഘത്തിലെ ഏക ക്രിസ്ത്യാനി ആയ ജോണേട്ടന്‍ 'ഈശോ' ന്നു പോലും വിളിക്കാതെ അതികഠിനമായ confi യോട് കൂടി ബാക്കിയുള്ളവരെ മുന്നില്‍ നിന്നും നയിച്ചു. എല്ലാവരും വരിവരിയായി നടക്കണമെന്ന് ഉത്തരവ് വന്നപ്പോള്‍ നടുവിലത്തെ സ്ഥാനങ്ങളില്‍ കേറി പറ്റാന്‍ ഉന്തും തള്ളും ആയി. ഏറ്റവും പിറകില്‍ നടക്കാന്‍ ആര്‍ക്കും മേല. അങ്ങനെ തെള്ളിലും ബഹളത്തില്‍ പെട്ട് ഞാന്‍ അവസാന സ്ഥാനക്കാരനായി. ക്ലാസ്സിലെ റാങ്കിനെ ഓര്‍മ്മപ്പെടുത്തുന്ന പ്രകടനം. അവസാനം നടക്കുന്നവന് പാമ്പ് കടി കൊള്ളാനുള്ള ചാന്‍സ് കുറവാണല്ലോ എന്നോര്‍ത്തപ്പോ ചെറിയ ഒരു ആശ്വാസം. മുന്നോട്ടു നടന്നപ്പോള്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലായി. രാത്രി സഞ്ചാരത്തിന് ഇറങ്ങിയ അട്ടകള്‍ ഒരു മയവുമില്ലാതെ കാലില്‍ കടിച്ചു തൂങ്ങി ഊഞ്ഞാലാടുന്നു. . ഒരു വിധത്തിലും ഊരിപ്പോകുന്നില്ല. feviquick ഇട്ടു ഒട്ടിച്ചപോലെ. ഇളകി വരുന്നില്ല. വിമലിന് യാതൊരു കുഴപ്പവുമില്ല. അവന്റെ ശരീരത്തില്‍ കടിച്ചു സമയം പാഴാക്കാന്‍ അട്ടകള്‍ അത്രയ്ക്ക് വിഡ്ഢികള്‍ അല്ലല്ലോ. കുറ്റാക്കൂരിരുട്ട്. ചുറ്റിലും നിശബ്ദത. ഇടയ്ക്കു ആരോ മൂളുന്നപോലെ. തിരിച്ചു നോക്കാന്‍ പോലും പറ്റാത്ത രീതിയിലുള്ള പേടി. എന്റെ പല്ല് കൂടിയിടിക്കല്‍ ശബ്ദം കേട്ട് മുന്നില്‍ ഉള്ളവന്മാര്‍ തിരിഞ്ഞു നോക്കുന്നുണ്ട്.
"ഇനി പുറകില്‍ നടക്കാന്‍ എനിക്ക് വയ്യ"
ഞാന്‍ ഓടി മൂന്നാമത് കയറി. ഇപ്പൊ സുരേഷ് ആണ് ഏറ്റവും പിന്നില്‍. അവനു എന്നേക്കാള്‍ പേടി. മുന്നില്‍ നടക്കുന്നവന്റെ ഷര്‍ട്ട്‌ ലാണ് ഒരു കൈ. മറ്റേ കൈയില്‍ വെട്ടുകത്തിയും. വിറ കണ്ടാല്‍ കോമരം തുള്ളുന്നത് പോലെ തോന്നും. ഇത്തവണയും ചിരി വന്നെങ്കിലും പേടി കാരണം അത് തൊണ്ടയില്‍ കുരുങ്ങി പുറത്തു വന്നില്ല. കുറെ നടത്തത്തിനു ശേഷം പെട്ടെന്ന് ജോണേട്ടന്‍ സഡന്‍ ബ്രേക്ക് ഇട്ട പോലെ നിന്നു. സിഗ്നല്‍ ഇല്ലാത്ത പെട്ടെന്നുള്ള ബ്രേക്ക് ആയതിനാല്‍ പുറകില്‍ ഉള്ളവര്‍ മുന്നിലുള്ളവരുടെ ബാക്കില്‍ ഇടിച്ചു നിന്നു. ഉടനെ തന്നെ ശക്തമായി മണത്തു നോക്കിയിട്ട് പറഞ്ഞു
"ഇവിടെ എവിടെയോ കാട്ടനയുണ്ട് . അത് പോയ വഴിയാണിത്."
ശെരിയാണ്‌ അടുത്തുള്ള കുറ്റിച്ചെടികള്‍ ഒക്കെ ആനയുടെ ചവിട്ടു കൊണ്ട പോലെ ചളുങ്ങിട്ടുണ്ട്. എല്ലാവരും കൂടെ ചക്കയില്‍ ഈച്ച പൊതിയുന്ന പോലെ ജോണെട്ടനെ പൊതിഞ്ഞു. പുള്ളി 'ഹെഡ് ലൈറ്റ്' ഓഫ്‌ ചെയ്തു. ഇത്തവണ ജോണേട്ടന്‍ ഈശോയെ വിളിച്ചു. അത് കൂടി കേട്ടപ്പോ ഞാന്‍ ഉറപ്പിച്ചു, കട്ടയും പടവും മടങ്ങാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി. മൂത്രം പോകാതിരിക്കുവാന്‍ എല്ലാവരും വളരെ ശ്രദ്ധിച്ചു.

"ആനയായത് കൊണ്ട് കുഴപ്പമില്ല. തിന്നത്തില്ലല്ലോ. ശവം എങ്കിലും കിട്ടും"
ഫൈസല്‍ ആണ്. അസമയത്താ അവന്റെ അധിക പ്രസംഗം. ഹൃദയ ശൂന്യനാണെന്ന് എല്ലാരും വിധി എഴുതിയ സുരേഷിന്റെ നെഞ്ചില്‍ നിന്നും പടക്കം പൊട്ടുന്ന പോലത്തെ ശബ്ദങ്ങള്‍ പുറത്തു വരുന്നു. ജോണെട്ടനെ കെട്ടിപ്പിടിച്ചു ആദ്യ ലയറില്‍ മൂന്നു പേരുണ്ട്. പൊതുവേ മെലിഞ്ഞിരിക്കുന്ന എനിക്കും വിമലിനും ആദ്യ ലയറില്‍ കേറി പറ്റാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ടാം ലയറില്‍ ആണ്. ആനയുടെ ആദ്യ കുത്ത് ഞങ്ങള്‍ക്കിട്ടു തന്നെ. ആനക്കൊമ്പിനു നല്ല കട്ടിയുള്ളതു കൊണ്ട് കുത്ത് അകത്തേക്കും ചൂഴ്ന്നിറങ്ങുമായിരിക്കും. ഭാഗ്യം. ഒരുത്തനും രക്ഷപ്പെടില്ല. കെട്ടിപ്പിടുത്തത്തിന്റെ മുറുക്കം കാരണം ജോണെട്ടനു ശ്വാസം പോലും കിട്ടുന്നില്ല. ഏകദേശം ഇരുപതു മിനിറ്റ് ഞങ്ങള്‍ ആ നില്‍പ്പ് നിന്നു. ഇവന്മാര്‍ക്ക് ഇട്ടു കുത്തി വെറുതെ കൊമ്പ് ചീത്തയാക്കണ്ട എന്ന് കരുതിയിട്ടോ എന്തോ ആന വന്നില്ല. ഞങ്ങള്‍ നടപ്പ് തുടര്‍ന്നു. കിലോമീറ്ററുകള്‍ താണ്ടി. ഒരു പൂച്ചയെ പോലും കണ്ടില്ല. ഇനി ഇത് യഥാര്‍ഥ കാട് തന്നെയാണോ? അതോ ജോണേട്ടന്റെ വല്ല കാട് പിടിച്ചു കിടക്കുന്ന കൃഷി തോട്ടവുമാണോ? ആകെ കണ്‍ഫ്യൂഷന്‍ ആയി. എങ്കിലും ഒന്നും പുറത്തു കാണിക്കാതെ നടപ്പ് തുടര്‍ന്നു.

ഫൈസല്‍ നല്ല കറുത്തിട്ടാണ്. കമ്പിളി പൊതപ്പ് പോലെ ദേഹം മുഴുവനും രോമവും ഉണ്ട് . അവന് കാട്ടിലെ തണുപ്പ് ഒന്നും ഏല്‍ക്കുന്നില്ല. ഞങ്ങള്‍ക്ക് നന്നായി എല്ക്കുന്നുമുണ്ട്. എവിടെയോ ചെന്നപ്പോ ജോണേട്ടന്‍ പെട്ടെന്ന് നിന്നു, ചെറുതായി ഒന്ന് കുനിഞ്ഞു ഉന്നം പിടിച്ചു. ഉന്നം പിടിച്ച ഭാഗത്തേക്ക് നോക്കിയപ്പോ ഞങ്ങള്‍ ഒന്നിനേം കണ്ടില്ല. പുള്ളിക്കാരന്‍ പതുക്കെ, നിന്ന നില്‍പ്പില്‍ ഉന്നം പിടിച്ച തോക്കുമായി തിരിയാന്‍ തുടങ്ങി. പുള്ളിയുടെ ചുവടു പിടിച്ചു ഞങ്ങളും അതുപോലെ തന്നെ തിരിഞ്ഞു. കറക്കം 180 ഡിഗ്രി എത്തിയപ്പോ ആവേശത്തോടെ ജോണേട്ടന്‍ പറഞ്ഞു.

"എടാ.. ഒരു കരടിയെ കിട്ടിയെടാ.. വെടി വെച്ച്ചിടട്ടെ..? "
ഞങ്ങള്‍ നോക്കിയപ്പോ തോക്കിന്റെ മുന്നില്‍ നമ്മുടെ ഫൈസല്‍. ഞങ്ങള്‍ പുറകിലത്തെ ബാച്ചുകരുടെ കൂടെ കറങ്ങാതെ എവിടെയോ വായി നോക്കി നില്‍ക്കുവാ കക്ഷി.
"വെടി വെക്കല്ലേ ജോണേട്ടാ.. അത് നമ്മുടെ ഫൈസലാ"
തോക്ക് തട്ടി മാറ്റിയിട്ടു സുരേഷ് വിളിച്ചു കൂവി. ഇതൊക്കെ പുള്ളിയുടെ ഒരു തമാശ ആണെന്ന് മനസ്സിലായപ്പോ സുരേഷ് ആകെ ചമ്മി. പേടി ഒക്കെ മാറിതുടങ്ങിയ ഞങ്ങള്‍ അതൊക്കെ നന്നായി ആസ്വദിച്ചു.
മണി 12 :30 ആയി. രാത്രി 9 മണിക്ക് വലിയ ആഘോഷമായിട്ട് ഇറങ്ങിയതാ. മൈലുകള്‍ കുറെ താണ്ടി. ഒരു കാട്ടു കൊഴിയെയെങ്കിലും കിട്ടിയാല്‍ മതിയാരുന്നു. ഈ വേട്ട മുന്നില്‍ കണ്ടു ജോണേട്ടന്റെ വീട്ടില്‍ ഇറച്ചി ഒന്നും വാങ്ങിയിട്ടുണ്ടാവില്ല. നാളത്തെ വെടിയിറച്ചി ബിരിയാണി ഗോപി.
"ഇത്രേം ദൂരം നമ്മള്‍ തിരിച്ചും നടക്കണോ? അതോ നമ്മള്‍ വീട്ടില്‍ എത്താറായോ? " സഹികെട്ടു ഞാന്‍ ചോദിച്ചു.
"നമ്മള്‍ വന്ന വഴിയിലൂടെ തിരിച്ചു പോകണം."
"എന്നാ പിന്നെ ജോണേട്ടാ നമുക്ക് തിരിച്ചു പോകാം. ഇക്കണക്കിനു ആണെങ്കില്‍ ഒന്നിനേം കിട്ടാന്‍ പോകുന്നില്ല. അട്ടകള്‍ ചോര മുഴുവന്‍ കുടിച്ചു തീര്‍ക്കാറായി."
"അപ്പൊ പിന്നെ വെടിയിറച്ചി ഒന്നും വേണ്ടേ? "
"എന്റെ പോന്നു ചേട്ടാ വേണ്ട.. മടുത്തു.. ഇനി ജീവിതത്തില്‍ ഞങ്ങള്‍ വേട്ടക്കു വരുത്തില്ല. വെടിയിറച്ചി യുടെ കാര്യം ഒക്കെ ഞങ്ങള്‍ എപ്പോഴേ മറന്നു. ജീവന്‍ തിരിച്ചു കിട്ടിയാല്‍ തന്നെ വല്യ കാര്യം "

അങ്ങനെ ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. വന്നതിനേക്കാള്‍ വേഗത്തില്‍. ഇടയ്ക്കു ഒരു വലിയ പാറക്കെട്ടില്‍ ഇരുന്നു വിശ്രമിച്ചു. കൊണ്ടുവന്ന സ്നാക്സ് കഴിച്ചു. അടുത്തുള്ള അരുവിയില്‍ നിന്നും കാലും കയ്യും കഴുകി. നല്ല ശുദ്ധമായ വെള്ളം. ഒരിക്കലും കുളിക്കാത്ത സുരേഷിനു പോലും കുളിക്കാന്‍ മുട്ടി. റിട്ടേണ്‍ ട്രിപ്പ്‌ല്‍ ആകെ കണ്ടത് ഒരു വെരുക്, ഒരു കാട്ടുപൂച്ച, ഒരു മുള്ളന്‍ പന്നി. ഓരോന്നിനെയും വെടിവെച്ച്ചിടാന്‍ വേണ്ടി ജോണേട്ടന്‍ പുറകെ ഓടിയെങ്കിലും അവ പ്രത്യേകിച്ച് അടവുകള്‍ ഒന്നും ഇറക്കാതെ തന്നെ രക്ഷപ്പെട്ടു. നേരെ ചൊവ്വേ ഓടിച്ചാല്‍ ഞങ്ങള്‍ക്ക് തന്നെ അവറ്റകളെ വളരെ ഈസി ആയി പിടിക്കവുന്നതെ ഉള്ളായിരുന്നു. അതോടുകൂടി ആ മനുഷ്യന്റെ തെള്ളലുകള്‍ വെറും തെള്ളലുകള്‍ മാത്രം ആണെന്ന് ഞങ്ങള്‍ അടിവര ഇട്ടു ഉറപ്പിച്ചു. കുത്തി കുത്തി ചോദിച്ചപ്പോ അപ്പന്റെ കൂടെ രണ്ടു തവണ മാത്രമേ കാട്ടില്‍ വന്നിട്ടുള്ളൂ എന്നും ഇത് ആദ്യമായിട്ടാണ് സ്വതന്ത്ര വേട്ടക്കാരന്‍ ആവുന്നതെന്നും പുള്ളി കുറ്റ സമ്മതം നടത്തി.

തിരിച്ചു വന്നപ്പോള്‍ മണി മൂന്ന്. എല്ലാവരുടെയും സൂക്കേടിന് കുറച്ചൊരു ശമനം. തെള്ളാന്‍ ഒരു മുതുക്കനും അത് കേട്ട പാതി കേള്‍ക്കാത്ത പാതി നിക്കറും എടുത്തോണ്ട് ഓടിപ്പോരാന്‍ കുറെ കുട്ടിത്തേവാങ്കുകളും. അടുത്തുള്ള കനാലില്‍ ഒരു കാക്കക്കുളിയും പാസാക്കി തെള്ള് രാജയുടെ പള്ളിമേടയിലെ പള്ളിത്തറയില്‍ ഞങ്ങള്‍ പള്ളിയുറങ്ങി. ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് എഴുന്നേറ്റു സാമ്പാറും അവിയലും മോരും ഒക്കെ കൂട്ടി 'വെടിയിറച്ചി രഹിത' മലയാള സദ്യ അടിച്ച ശേഷം വൈകുന്നേരത്തോടെ ഞങ്ങള്‍ സ്ഥലം കാലിയാക്കി.

പിന്നീടുള്ള 2-3 മാസം ക്ലാസ് മുഴുവന്‍ അതി സാഹസികമായ 'വേട്ടക്കഥകള്‍' കേട്ട്‌ കണ്ണ് തള്ളി. അതിനുവേണ്ടി ഞങ്ങള്‍ ആറുപേരും തെള്ളേട്ടന്റെ നേതൃത്വത്തില്‍ ഒരമ്മ പെറ്റ മക്കളെ പോലെ കയ്യും മെയ്യും മറന്നു അഹോരാത്രം പ്രവര്‍ത്തിച്ചു. !!!!