Sunday, April 18, 2010

ഒരു പെണ്ണ് കാണലും തുടര്‍ന്നുള്ള കല്യാണവും.. അവസാന ഭാഗം...

- ആദ്യ ഭാഗം പെണ്ണുകാണല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക..
പെണ്‍ വീട്ടിലെത്തിയ ഞങ്ങള്‍ അവിടുത്തെ അന്തേവാസികളുടെ മുഖങ്ങളില്‍ തെളിഞ്ഞുവന്ന ആ ഭാവം കണ്ട് ഉന്‍മത്തരായി.. കണ്ടന്‍ പൂച്ച ഉള്‍പ്പെടെ അവിടുത്തെ സകല ചരാചരങ്ങള്‍ക്കും ഒരേ ഒരു ഭാവം മാത്രം.. "പുച്ഛം"!!! ഒരു പെണ്ണുകാണല്‍ സംഘത്തിനു ലഭിക്കേണ്ട പ്രാഥമിക പരിഗണനകളോ ബഹുമാനമോ ലഭിക്കുന്നില്ല.. സിപിഎം ഓഫീസിലേക്ക് നെഞ്ചും വിരിച്ചു ചെന്ന് കേറിയാല്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും കിട്ടും ഇതിനെക്കാള്‍ സ്വീകരണം..ഈ പുച്ഛം ഒക്കെ എന്നോടോ, സുമെഷിനോടോ അതോ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും തുല്യം തുല്യമായിട്ടോ?
എന്തരോ ആവട്ടെ എന്ന് വിചാരിച്ചു മേശപ്പുറത്തു കൊണ്ട് വെച്ച പലഹാരത്തിലോട്ടു ആര്‍ത്തിയോടെ കണ്ണോടിച്ചു..ജിലേബിക്കും ഉപ്പേരിക്കും ഇടയിലായി നല്ലപോലെ കറുത്ത് തടിച്ച അലുവകള്‍ നിരത്തി വെച്ചിരിക്കുന്നു.. യമുനാ നദി റുട്ട് മാറ്റി വായിലൂടെ ഒഴുകുന്നത്‌ പോലെ തോന്നി.. അയ്യേ.. അലുവകളില്‍ ഒരെണ്ണത്തില്‍ ആരാണ്ട് കടിച്ചതിന്റെ പാട്..വല്ല പന്നിയെലിയും ഒപ്പിച്ച പണിയാണോ? ചുറ്റിലും കണ്ണോടിച്ചപ്പോള്‍ പന്നിയെലിയുടെ മുഖ സാദൃശ്യമുള്ള പലരെയും കണ്ടെങ്കിലും എലിയെ മാത്രം കണ്ടില്ല.. ഒരു കാന്താരി ചെറുക്കന്‍ ഒഴിഞ്ഞ ഒരു മൂലയ്ക്ക് നിന്ന് ആഞ്ഞു ചവക്കുന്നുണ്ട്..അമ്പടാ.. ആള് മോശമല്ലല്ലോ.. ഈ പരാക്രമം അലുവയോടു മാത്രമോ അതോ മറ്റ് പലഹാരങ്ങളിലെക്കും വ്യാപിച്ചിട്ടുണ്ടോ? സൂക്ഷിച്ചു നോക്കി... ഇല്ല.. ബാക്കിയൊന്നിനും പരിക്കുകള്‍ ഒന്നുമില്ല.. എല്ലാം സുരക്ഷിതമായിരിക്കുന്നു..

ഇതൊക്കെ ലൈവ് ആയി കാണുന്നുണ്ടെങ്കിലും വീട്ടുകാര്‍ക്ക് യാതൊരു ഭാവമാറ്റവും ഇല്ല.. ആ പഴയ പുച്ഛത്തില്‍ തന്നെയാ ഇപ്പഴും പിടി.. യെന്തൊരു ഫാമിലി..ഇത്ര ചേര്‍ച്ചയുള്ള കുടുംബത്തേക്ക് പെണ്ണ് തേടി വന്ന എനിക്ക് ഞാന്‍ തന്നെ ആശംസകള്‍ നേര്‍ന്നു..
"ജയന്തിയെ കാണാന്‍ വന്ന പയ്യനെവിടെ" എന്നും പറഞ്ഞു അടുക്കളെന്നു രണ്ടു അമ്മൂമ്മമാര്‍ അങ്ങോട്ട്‌ വന്നു.. ഞങ്ങളെ കണ്ടതും "ശിവ ശിവാ" ന്നും പറഞ്ഞു ശര വേഗത്തില്‍ അവര്‍ തിരിച്ചു പോയി.. സോഡാ കണ്ണട വെച്ചിട്ടും ഇവര്‍ക്ക് ഇത്ര കാഴ്ച ശക്തിയോ?സുമേഷിനെ കൊണ്ടുവരണ്ടാരുന്നു..ഇത്രേം അടി പ്രതീക്ഷിച്ചില്ല.. കുറച്ചൂടെ ഒരു standard ഉള്ളവന്‍ മതിയാരുന്നു.. ഈ പെണ്ണും പോയിക്കിട്ടി..വ്യാകുല മാതാവിന് ഒരു സങ്കട ഹര്‍ജി സമര്‍പ്പിച്ചോണ്ടിരിക്കുന്നതിനിടയില്‍ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടു.. ഉള്ളിത്തൊലി പോലുള്ള മുടിയാണെങ്കിലും കൊച്ചു വല്യ മോശമില്ല.. നേരത്തെ എഴുതിക്കൊണ്ടുവന്ന മൂന്നു ചോദ്യങ്ങളും ഒന്നിന് പുറകെ ഒന്നായി ചോദിയ്ക്കാന്‍ ഞാന്‍ തയാറെടുത്തു.. ടെന്‍ഷന്‍, വിക്ക്, കുളിര്, വിറയല്‍ ഇവയൊക്കെ കൂടാതെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷണിക്കാതെ വരുന്ന എല്ലാ അലിക്കുലുത്ത് സാധനങ്ങളും കൂടി കേറിയങ്ങ് മേഞ്ഞപ്പോള്‍ ഞാന്‍ ആകെ ബാല്ലണ്ടായി.. ആദ്യ ചോദ്യം ഒന്ന് കൂടി മനസ്സില്‍ ഓര്‍ത്തു.. "ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയാണോ ഈ പെണ്ണ് കാണല്‍ ?"ഒരുവിധം ശ്വാസം ഒക്കെ എടുത്തിട്ട് വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പോലെ bass കൂട്ടി ആ ചോദ്യം അങ്ങോട്ട്‌ ചോദിച്ചു..

"ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയിട്ടുണ്ടോ" ????

പെണ്ണ് ഠിം.. പെണ്ണുകാണല്‍ സമയങ്ങളില്‍ അബദ്ധങ്ങള്‍ ശബ്ദത്തിന്റെ രൂപത്തില്‍ പുറത്തു വരും എന്നാണല്ലോ പ്രമാണം..വിറങ്ങലിച്ചു പോയ ആ മഹിളാരത്നം കണ്ണുരുട്ടല്‍, രൂക്ഷ നോട്ടം, മുഖം കറുപ്പിക്കല്‍ തുടങ്ങിയവ ഒന്നൊന്നായി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചതിന് ശേഷം സ്ഥലം കാലിയാക്കി..ഭാഗ്യം, ബാക്കി രണ്ടു ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നില്ല...
ആ തടിയന്‍ ചെറുക്കന്‍ ഉള്‍പ്പെടെ അവിടുത്തെ എല്ലാരും ആ വൃത്തികെട്ട ഭാവം സംരക്ഷിച്ചു നിലനിര്‍ത്തുന്നതിന്റെ പൊരുള്‍ എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.. കടിച്ചതിന്റെ ബാക്കി അലുവ കൊണ്ടുതരാന്‍ യാതൊരു ഉളുപ്പുമില്ല..സുമേഷിനെ കൂടെ കൊണ്ട് വന്നതാ ഇപ്പൊ കുറ്റം.. അവനല്ലല്ലോ കെട്ടാന്‍ പോണത്, ഞാനല്ലേ..
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും പെണ്ണിന്‍റപ്പന്‍ അവസാനം അടവ് മാറ്റി..ഒരു പാല്‍ പുഞ്ച്ചിരി തൂകി..ആ ചിരിയില്‍ എല്ലാം അടങ്ങിയിട്ടുണ്ടായിരുന്നു.. "വീട്ടുകാരുമായി ബന്ധപ്പെടാം" എന്ന് കൂടി പറഞ്ഞപ്പോ മനസ്സമാധാനമായി.. ഈശ്വരാ..കാര്‍ത്തു..അല്ല.. കാത്തു..ഇത് നടക്കും..അപ്പൊ പുച്ഛം ഒക്കെ ഒരു അടവാരുന്നു അല്ലെ? ഇതിനൊക്കെ ഞാന്‍ പണി തരാം..ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ.. ഇനി മൂന്നു മാസത്തിനുള്ളില്‍ അമേരിക്ക. ഹോ..എന്‍റെ രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് "ലജ്ജാവതിയെ" താളത്തില്‍ നൃത്തം തുടങ്ങി..പലഹാര പാത്രങ്ങള്‍ വെളുപ്പിച്ചതിനു ശേഷം സുസ്മേര വദനരായി അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ നേരെ അഷ്‌റഫ്‌ ഹോട്ടലിനെ ലക്‌ഷ്യം വെച്ച് പാഞ്ഞു..
ജയന്തീടെ അപ്പന്‍ വാക്ക് പാലിച്ചു..ബന്ധുക്കളുമായി ബന്ധപ്പെട്ടു..അവര്‍ക്ക് പരസ്പരം ഇഷ്ടവുമായി.. അങ്ങനെ വിവാഹം കെങ്കേമമായി നടന്നു..വധൂവരന്‍മാരെ അമേരിക്കയിലേക്ക് യാത്രയാക്കിയതിനു ശേഷമാണ് പെണ്‍ വീട്ടുകാര്‍ക്ക് സമാധാനമായത്.. കല്യാണം കഴിഞു മാസങ്ങള്‍ക്ക് ശേഷം എന്‍റെ പേരില്‍ ഒരു ലെറ്റര്‍ അമേരിക്കന്‍ സ്റ്റാമ്പ്‌ ഒക്കെ ഒട്ടിച്ചു നാട്ടിലേക്കു വന്നു... അതില്‍ ഇങ്ങനെ കുറിച്ച്ചിട്ടുണ്ടായിരുന്നു...

" എടാ ഇത് ഞാനാ.. സുമേഷ്. നിനക്കെന്നോട് പിണക്കം ആണെന്ന് അറിയാം..നീ ഞങ്ങടെ കല്യാണത്തിനും വന്നില്ലല്ലോ.. നീ എന്നെ കുറ്റപ്പെടുതരുത്.. ജയന്തീടപ്പന്‍ വീട്ടുകാരുമായി ബന്ധപ്പെടാമെന്ന് പറഞ്ഞപ്പോ അത് എന്‍റെ വീട്ടുകാരുമായാണെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല..എന്നാലും ഇതിനെല്ലാം കാരണം നീ തന്നെയല്ലേ? തീറ്റ മത്സരത്തിനു പോകാന്‍ പോയ എന്നെ പിടിച്ചു വണ്ടീ കേറ്റി പെണ്ണ് കാണലിനു കൊണ്ടുപോയത് നീയല്ലേ... ഏതായാലും സംഭവിച്ചത് സംഭവിച്ചു.
നീ ഇപ്പോഴും പെണ്ണ് കണ്ട് നടക്കുവാണോ? അതോ വല്ലതും ഒത്തോ? നിനക്ക് ഇ-മെയില്‍ ID ഇല്ലാത്തതു കൊണ്ടാണ് ഞാന്‍ ലെറ്റര്‍ അയക്കുന്നത്..എനിക്കിവിടെ ഇതിനോടകം 2 ഇ-മെയില്‍ ID കള്‍ വരെ ആയി..എല്ലാം ഈ ജയന്തി ഉണ്ടായത് കൊണ്ടാ..അവള്‍ക്കു ഇതൊക്കെ അറിയാമെടാ..അവള്‍ക്കിന്നു നൈറ്റ് ആണ്..വാര്‍ക്കപ്പണിക്ക് പോയി കൈക്കൊക്കെ നല്ല തഴമ്പായത് കൊണ്ട് അടുക്കളപ്പണി ഒന്നും ഒരു വിഷയമേ അല്ലെടാ..
നിനക്ക് കല്യാണം ഒന്നും ആയില്ലെങ്കില്‍ ജയന്തിയോട് പറഞ്ഞു ഇന്‍റര്‍നെറ്റില്‍ പരസ്യം ഇടാം..ഉറപ്പായിട്ടും ആരെയെങ്കിലും കിട്ടും..ഇവിടെ ജോലി ചെയ്യുന്ന നേഴ്സ്മാരെ കിട്ടാന്‍ പാടാടാ..അവര്‍ക്കൊക്കെ ഇപ്പൊ നല്ല ഡിമാന്ടാ..മാത്രവുമല്ല ഇവിടുത്തെ ഈ സെറ്റപ്പില്‍ പിടിച്ചു നില്ക്കാന്‍ നിനക്ക് പാടുമായിരിക്കും..നാട്ടിലെ എല്ലാവരോടും, പ്രത്യേകിച്ച് ചെത്തുകാരന്‍ കുട്ടപ്പന്‍ ചേട്ടനോട് എന്‍റെ അന്വേഷണങ്ങള്‍ അറിയിക്കണം..നീ ഉറപ്പായും മറുപടി അയക്കണം..

സ്നേഹപൂര്‍വ്വം,
sumesh, 1654 , harrison st, santaclara , CA"

എഴുത്ത് ചുരുട്ടിക്കൂട്ടി അടുപ്പേല്‍ ഇട്ടിട്ടു അടുത്ത പെണ്ണ് കാണലിനായി ബ്രോക്കര്‍ ചെന്താമാരാക്ഷന്റെ കൂടെ ഞാന്‍ പുതു പ്രതീക്ഷകളോടെ യാത്രയായി.. !!!!!

Wednesday, April 14, 2010

ഒരു പെണ്ണ് കാണലും തുടര്‍ന്നുള്ള കല്യാണവും.. ഭാഗം - 1

പെണ്ണ് കാണലുകള്‍ അമിട്ട് പൊട്ടണ പോലെ പൊട്ടിക്കൊണ്ടിരുന്നപ്പോ conditions ന്‍റെ കാര്യത്തില്‍ കുറച്ചു അയവ് വരുത്താന്‍ തന്നെ തീരുമാനിച്ചു..
"അമേരിക്കയില്‍ നേഴ്സ് , ഐശ്വര്യ റായീടെ അംഗ ലാവണ്യം, ചുവപ്പ് കലര്‍ന്ന വെളുപ്പ്‌ നിറം, ഹീലില്ലാതെ അഞ്ചര അടി നീളം, പാചക വിദഗ്ദ, ചെസ്സ്‌ കളിക്കാരി"
എന്നത് മാറ്റി,
"നാട്ടില്‍ നേഴ്സ്, നാടക നടീടെ രൂപം , തവിട്ടു കലര്‍ന്ന കറുപ്പ് നിറം, ഹീലോട് കൂടി നാലര അടി ഉയരം, വാചക വിദഗ്ദ, പൂജ്യം വെട്ടു കളിക്കാരി" എന്നാക്കി മാറ്റി..
എന്നിട്ടും വലിയ മെച്ചം ഒന്നും കണ്ടില്ല..പാട്ടക്കണക്കിന് fair&lovely തീരുന്നതല്ലാതെ ഒരു പെണ്‍കുട്ടിക്കും അങ്ങട് ഇഷ്ട്ടപ്പെടണില്ല..ഒണക്ക മാങ്ങാണ്ടി പോലിരിക്കുന്നവള്‍മാര്‍ക്കും വേണ്ടത് ഷാരൂഖാനെയാ..

കൂട്ടുകാരുടെ മക്കള്‍ ഒക്കെ ബ്ലോഗ്‌ എഴുത്ത് വരെ തുടങ്ങി.. ഇങ്ങനെ കുല നിറഞ്ഞു നില്‍ക്കുന്നതിനേക്കാള്‍ നല്ലത് വെട്ടിയരിഞ്ഞു അവിയല് വെക്കുന്നതാ..അല്ലേപ്പിന്നെ വല്ല ആസാമിമാരുടെയും കൂടെ പോയി ആസനങ്ങള്‍ ഒക്കെ പഠിച്ചു അവിടെ കിടന്നു അര്‍മാദിക്കാം.

പഴയകാല പെണ്ണ് കാണലുകളുടെ ഫയലുകള്‍ ചികഞ്ഞെടുത്തു പരിശോദിച്ചു, പട്ടികകള്‍ തയ്യാറാക്കി, സസൂക്ഷ്മം നിരീക്ഷിച്ചപ്പോള്‍ ചിത്രം വ്യക്തമായി..പതിമൂന്നു പെണ്ണുകാണല്‍ കേസുകളില്‍ രാജേഷും ബാക്കിയുള്ളതില്‍ സാദിക്ക് അണ്ണനും കൂടെ ഉണ്ടാരുന്നു.. ഇവന്മാര്‍ക്ക് രണ്ടു പേര്‍ക്കും അത്യാവശ്യം മനുഷ്യക്കോലം ഒക്കെ ഉണ്ട്.. എനിക്ക് ഇല്ലാത്തതായി നാട്ടുകാര്‍ പറഞ്ഞു നടക്കുന്ന സാധനങ്ങളില്‍ ഒന്ന്.. ഓഹോ.. അപ്പൊ അത് തന്നെ കാര്യം.. പെണ്‍പിള്ളാര്‍ ഇവന്മാരുമായി എന്നെ താരതമ്യം ചെയ്തു കുണ്ടിതപ്പെട്ടു കാണും.. ഏതു നേരത്താ ഈശോയെ ഈ കാലമാടന്‍മാരെ കൂടെ എഴുന്നള്ളിക്കാന്‍ തോന്നിയത്..ഇനി പറഞ്ഞിട്ട് കാര്യമില്ല.. ഒരേ ഒരു വഴിയേ മുന്നിലുള്ളൂ.. സുമേഷ്..!!! നാട്ടിലെ പെണ്ണുങ്ങളുടെ സ്വപ്ന വില്ലന്‍.. കള്ളുഷാപ്പിലെ ആസ്ഥാന ഗായകന്‍.. കണ്ണിലും തമ്പാക്ക് നിക്ഷേപിക്കാം എന്ന് നാട്ടുകാരില്‍ അവബോധം ഉണ്ടാക്കിയെടുത്ത അവരുടെ കണ്ണിലുണ്ണി... അടുത്ത പെണ്ണ് കാണലിനു സുമേഷിനെ കൊണ്ട് പോകാം..അവനെ കണ്ടിട്ട് നമ്മളെ കണ്ടാല്‍ ഏതു പെണ്‍കിടാവും നമ്മെ പൂവിട്ടു പൂജിക്കും.. അതാണ്‌ അവസ്ഥ.. ഇനി ഇതും പൊളിയുകയാണെങ്കില്‍ വല്ല ബ്രോക്കര്‍ പണിയും തുടങ്ങാം.. ആവശ്യത്തിലധികം ഫോട്ടോയും മറ്റു വിവരങ്ങളും ഇപ്പൊ തന്നെ കയ്യിലുണ്ടല്ലോ..

നല്ല കിളി പോലൊരു പെണ്ണുണ്ടെന്നു ബ്രോക്കര്‍ ചെന്താമരാക്ഷന്‍ വന്നു പറഞ്ഞപ്പോ തന്നെ ദേഹമാസകലം കോള്‍മയിര്‍ കൊണ്ടു.. മൂങ്ങയും ഒരു കിളിയാണെന്ന് ഓര്‍മ്മ വന്നപ്പോ തൊട്ടു മുന്‍പ് പൊന്തിവന്ന 'കോള്‍മയിര്‍' പമ്പ കടന്നു.. എങ്കിലും, അമേരിക്കയില്‍ നേഴ്സ് ആണല്ലോ, അങ്ങോട്ട്‌ കൊണ്ടുപോയാല്‍ ജീവിതം കുശാല്‍ ആകുമല്ലോ എന്നാലോചിച്ചപ്പോ ഒരു ഉറച്ച തീരുമാനം എടുത്തു തോളിലോട്ടു വെച്ചു.. "കാക്ക ആണേലും ഒട്ടകപ്പക്ഷി ആണേലും കൂട്ടിലാക്കുക തന്നെ.."

സുമേഷിനോട് കാര്യം പറഞ്ഞപ്പോ അവനു വലിയ demand. കൂടെ വരാന്‍ പറ്റില്ലന്ന്...ചന്ദ്രപ്പന്‍ Arts & Sports club ലെ തീറ്റമത്സരത്തിനു പോകണം പോലും.. ഓസിനു കിട്ടിയാ ആസിഡും മോന്തുന്ന ടീമാണ്..അഷറഫ് ഹോട്ടലീന്ന് വയര്‍ പൊട്ടുന്ന വരെ പൊറോട്ടേം ചിക്കനും വാങ്ങിച്ചു കൊടുക്കാമെന്നു ഏറ്റപ്പോള്‍ നിന്ന കോലത്തില്‍ തന്നെ അവന്‍ വണ്ടീലോട്ടു ചാടി വീണു,. അതെന്തായാലും കാര്യമായി.. ഇപ്പൊ അവനെ കണ്ടാല്‍ സാമാന്യം നല്ല ഒരു കണ്ട്രി ലുക്ക്‌ ഉണ്ട്.. ഇനി ഇവനെ വെയില് കൊള്ളിച്ചു കരുവാളിപ്പിക്കണം.. ഉം. വഴിയുണ്ട്..

എന്റെ മൊബൈല്‍ recharge ചെയ്തിട്ട് അതിന്റെ ബാക്കിക്ക് സോഡാ നാരങ്ങ വെള്ളവും പഴവും കേറ്റിക്കൊളാന്‍ പറഞ്ഞപ്പോ തന്നെ സുമേഷ് ആ പൊരിഞ്ഞ വെയിലത്തേക്ക് ചാടി ഇറങ്ങി.. തിരിച്ചു വന്നപ്പോ നല്ല ചേല്.. വിയര്ത്തോലിച്ചു നാശ കോശമായി.. പ്രതീക്ഷിച്ചതിലും കൂടുതല്‍ കറുത്തു.. ഇവന്‍ വല്ല കല്‍ക്കരി ഖനിയിലും പോയിട്ടാണോ recharge ചെയ്തത്? ഈശ്വരാ.. ഇവന്‍ തിരിച്ചു പഴയ കോലത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ ആ വീട്ടില്‍ എത്തണേ..

കാറിലിരുന്നു സുമേഷിനോട് അവസാനം കണ്ട പെണ്ണുകാണല്‍ കഥ പരിപ്പും തേങ്ങയും .. ക്ഷമിക്കണം.. പൊടിപ്പും തൊങ്ങലും വെച്ചു അവതരിപ്പിച്ചു.. പെണ്ണിന് ഒരു ലൈന്‍ ഉണ്ടായിരുന്നതും 'അങ്കിള്‍' അത് നടത്തി തരണമെന്ന് പറഞ്ഞു മോങ്ങിയതും എല്ലാം.. ഇതൊക്കെ കേട്ട് വാപൊളിച്ച സുമേഷ്, പെണ്ണിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒരു കല ആണെന്നും ആയതിനാല്‍ എന്‍റെ ചോദ്യങ്ങള്‍ അടിമുടി മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.. descriptive type മാറ്റി objective type ആക്കാന്‍ അവനാണ് നിര്‍ദേശിച്ചത്.. ഒരുപാടു നേരത്തെ കൂലംകഷമായ ആലോചനക്കൊടുവില്‍ മൂന്നു ചോദ്യങ്ങള്‍ ഞങ്ങള്‍ short list ചെയ്തു..
1. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയാണോ ഈ പെണ്ണ് കാണല്‍ ?
2. എന്‍റെ ഈ വ്യക്തിത്വം കുട്ടിയെ വല്ലാതെ ആകര്‍ഷിച്ചോ?
3. കല്യാണത്തിന് ശേഷവും ഞാന്‍ ഇതുപോലെ സൌന്ദര്യം സംരക്ഷിക്കുന്നതില്‍ വിരോധം ഉണ്ടോ?

ഇതൊക്കെ എഴുതിയുണ്ടാക്കി കാണാതെ പഠിച്ചപ്പോളേക്കും ഞങ്ങള്‍ ആ വീടിനു മുന്‍പില്‍ എത്തിയിരുന്നു..
പതിവ് പോലെ കാറില്‍ ഇരുന്നു തന്നെ Makeup set തുറന്നു fair&lovely അര ഇഞ്ച് കനത്തില്‍ മുഖത്ത് തേച്ചു പിടിപ്പിച്ചു..പിന്നെ ബോഡി സ്പ്രേ എടുത്തു തല മുതല്‍ കാലു വരെ അങ്ങ് ചാമ്പി.. ഷൂസ്‌ ഊരി ഒരു റൌണ്ട് സോക്സിലും അടിച്ചു.. സോക്സിന്റെ മാരക ഗന്ധം കാരണം പണ്ട് പൊത്തപ്പെട്ട മൂക്കുകള്‍ ഇതുവരെ തുറന്നിട്ടില്ലെന്നാ ശത്രുക്കള്‍ പറഞ്ഞു പരത്തുന്നത്.. അതിവിടെ ആവര്‍ത്തിക്കണ്ട.. ഇതൊക്കെ കണ്ട് ആശ മൂത്ത സുമേഷ് Makeup സെറ്റ്ന്‍റെ കൂടെ ഉണ്ടായിരുന്ന room freshener, അതെന്താണെന്നറിയാതെ എടുത്തു ദേഹമാസകലം പൂശി.. ഞാനൊന്നും പറയാന്‍ പോയില്ല.. 'വിയര്‍പ്പു നാറ്റം' + 'room freshener' combination ആരെയും മോഹാലസ്യപ്പെടുത്താന്‍ തക്കവണ്ണം പ്രഹരശേഷി ഉള്ളതാണെന്ന് അന്നെനിക്ക് പിടികിട്ടി..

അങ്ങനെ എന്തായാലും ഞങ്ങള്‍ പെണ്ണിന്‍റെ വീടിനുള്ളില്‍ കടന്നു..അതിനു ശേഷമുള്ള യഥാര്‍ഥ പെണ്ണുകാണല്‍ കഥ അടുത്ത ഭാഗത്തില്‍...

Sunday, April 4, 2010

ഒരു IPL കളിയും അതിനുള്ളിലെ കാര്യവും..

3/4/2010 ശനിയാഴ്ച ഉച്ചയൂണും കഴിഞ്ഞു ഒന്ന് മയങ്ങാല്ലോ എന്ന് വിചാരിച്ചു കിടന്നപ്പോ ദാണ്ടേ അടിക്കുന്നു calling bell.. ഇത് അയാള് തന്നെ.. 'വടിവേലു പിച്ച്ചാമണി'. ചെന്നൈ-രാജസ്ഥാന്‍ IPL ക്രിക്കറ്റ്‌ മാച്ച് കാണാനുള്ള complementary ticket നാലെണ്ണം ഉണ്ടെന്നു പറഞ്ഞു എന്നെ വിളിയോട് വിളിയാരുന്നു.... പുള്ളിയുടെ കൂടെ പോയിരുന്നു കാണാന്‍ എനിക്ക് വയ്യ.. അങ്ങേരു ചെന്നൈ ടീം എന്ന് പറഞ്ഞാ മരിക്കും.. എനിക്ക് രാജസ്ഥാന്‍ ആണ് ഇഷ്ട്ട ടീം.. എന്തായാലും പോയി ഡോര്‍ തുറന്നു.. 'വടിവേലുവും' ഭാര്യ 'കായല്‍ വിഴിയും' മകള്‍ 'തമില്‍ സെല്‍വിയും' മഞ്ഞയും മഞ്ഞയും ഇട്ടോട്ടു നില്‍ക്കുന്നു.. ദേഹത്ത് മുഴുവന്‍ മഞ്ഞ.. ചെന്നൈ ടീമിനെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ടി-ഷര്‍ട്ട്‌ ഉം പാന്റ്സും ഒക്കെ ഇട്ടോണ്ട് വന്നിരിക്കുവാണ് കക്ഷികള്‍..

ഞാന്‍ വരുന്നില്ല..തലവേദന ആണെന്നൊക്കെ പറഞ്ഞെങ്കിലും അയാള്‍ വിടുന്ന ലക്ഷണമില്ല.. മഞ്ഞ ടി-ഷര്‍ട്ട്‌ ഉം പുള്ളി ജോഗ്ഗിംഗ് നു പോകുമ്പോ ഇടുന്ന മഞ്ഞ ട്രാക്ക് സ്യുട്ടും തന്നിട്ട് എന്നോട് ഇട്ടോണ്ട് വരാന്‍ പറഞ്ഞു..മനസ്സില്ലാ മനസ്സോടെ അതൊക്കെ ഇട്ടോണ്ട് വന്നു.. മൈലാപ്പൂരില്‍ നിന്നും ലോക്കല്‍ ട്രെയിനില്‍ നേരെ ചെപ്പോക്കിലെക്ക് .. വടിവേലു ഒരു പക്കാ തമിഴ് മനുഷ്യന്‍ ആണ്.. ചെന്തമിഴ് ഒക്കെയാണ് പറയുന്നത്.. ഞാന്‍ തമിഴില്‍ സംസാരിക്കുന്നതാണ് പുള്ളിക്ക് ഇഷ്ട്ടം.. അറിയാവുന്ന തമിഴില്‍ പുള്ളിയുമായി കത്തിവേചോണ്ടിരുന്നു.. ചെന്നൈ ടീമിനെ പറ്റിയും തമിഴ്നാട്‌ രാഷ്ട്രീയവും ഒക്കെ..ഏകദേശം 3:00 PM നു ഞങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തി.. അകത്തു കേറിയപ്പോ മൊത്തം മഞ്ഞ മയം.. SNDP യുടെ സംസ്ഥാന സമ്മേളനം പോലെ..

ചെന്നൈ ബാറ്റിംഗ് തുടങ്ങി..അടിയോടടി..പൂരക്കെട്ടടി.. തലങ്ങും വിലങ്ങും.. വടിവേലുവും ഫാമിലിയും കിടന്നു പുളകം കൊണ്ടു..ഞാന്‍ ഇരുന്നു വീര്പ്പുമുട്ടി.. ഇപ്പൊ ആട്ടിന്‍ തോലിട്ട ചെന്നായെ പോലെ ആയി എന്റെ അവസ്ഥ.. അവരെ കാണിക്കാന്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് ചെന്നെ കൊടി ഒക്കെ വീശിക്കൊണ്ടിരുന്നു.. അവസാനം ചെന്നൈ ടീം 246 റണ്‍സ് എടുത്തു.. ഇനി രാജസ്ഥാന്റെ ബാറ്റിംഗ്.. അവരും ഒരുവിധം അടി തുടങ്ങി.. ഞാന്‍ ഉള്ളില്‍ സന്തോഷിച്ചെങ്കിലും പുറമേ വിഷമം നടിച്ചു.. അവസാനം യുസുഫ് പത്താന്‍ ക്രീസിലെത്തി.. എന്റെ ഇഷ്ട്ട താരം.. ആദ്യ ബോള്‍ തന്നെ ഫോര്‍. എനിക്ക് സഹിക്കാന്‍ പറ്റിയില്ല.. എങ്കിലും വികാരങ്ങള്‍ ഉള്ളിലൊതുക്കി ഇരുന്നു.. അടുത്ത ബോള്‍... അടിച്ചു പൊക്കി.. sixer നു ഉള്ള പോക്കാണ്.. long on ലക്ഷ്യമാക്കി അതാ പന്ത് ഉയരുന്നു.. ഇത്തവണ എനിക്ക് കണ്ട്രോള്‍ കിട്ടിയില്ല.. ഞാന്‍ ചാടി എണീറ്റു അലറി വിളിച്ചു.. എല്ലാവരും ഞെട്ടി.. മഞ്ഞ ഒക്കെ ഇട്ടിട്ടു ഒരുത്തന്‍ രാജസ്ഥാനെ സപ്പോര്‍ട്ട് ചെയ്യുന്നു..

എന്‍റെ അടുത്തിരിക്കുന്ന ആരും ഇപ്പൊ ഗ്രൌണ്ടിലേക്ക് നോക്കുന്നില്ല..എന്നെ തന്നെ രൂക്ഷമായി നോക്കുന്നു... ഉടനെ തന്നെഎനിക്ക് ബോധം വന്നു.. ഈശ്വരാ.. ഇടങ്ങേറായല്ലോ.. ഇനി രക്ഷയില്ല.. കള്ളി വെളിച്ചത്തായി.. വടിവേലുന്റെ കയ്യീന്ന് ഇപ്പൊ അടി മേടിക്കും.. ടി-ഷര്‍ട്ട്‌ ആന്‍ഡ്‌ പാന്റ്സ് ഇപ്പൊ തന്നെ ഊരിവാങ്ങും .അപ്പൊ അതാ ഗ്രൗണ്ടില്‍ നിന്നും ഒരു ആര്‍ത നാദം ഉയരുന്നു... ചെന്നൈ ടീമിലെ 'Bollinger' എന്ന ഭീകരന്‍ അതി ഭീകരമായ ഒരു ക്യാച്ച് എടുത്തു നമ്മുടെ അടിവീരന്‍ പത്താനെ പുറത്താക്കുന്നു.. എന്റെ ചുറ്റിലും ഇരുന്നവര്‍ ആഹ്ലാദം കൊണ്ടു തുള്ളിചാടുന്നതിനിടയിലും എന്നെ ബഹുമാനത്തോടെ നോക്കി.. ഹോ.. യിവന്‍ എങ്ങനെ മനസ്സിലാക്കി ആ ക്യാച്ച് എടുക്കുമെന്ന്? ബല്ലാത്ത പഹയന്‍ തന്നെ.. ഇതിനിടയില്‍ വടിവേലു സന്തോഷം കൊണ്ടു എന്നെ കെട്ടിപ്പിടിച്ചു.. കാവിലമ്മേ.. എന്നെ രക്ഷിച്ചതിന് ഒരായിരം നന്ദി.. ആ ബോള്‍ എങ്ങാനും sixer പോയിരുന്നെങ്കില്‍ ഈ മഞ്ഞക്കാര്‍ എല്ലാരും കൂടെ എന്നെ വലിച്ചു കീറിയേനെ.. ഇനിയിപ്പോ ബാക്കി സമയം ചെന്നൈ ടീമിനെ സപ്പോര്‍ട്ട് ചെയ്തേക്കാം.. ടിക്കറ്റ്‌ ഒക്കെ തന്നതല്ലേ.. അല്ലേലും രാജസ്ഥാന്‍ ഇന്ന് ജയിക്കാനും പോകുന്നില്ല..

കളിയുടെ ബാക്കി ഭാഗം ഹോം ടീമിന് സപ്പോര്‍ട്ട് നല്‍കി ഒടുവില്‍ അവിടെ നിന്നും തിരിച്ചു വന്നു.. മടക്ക യാത്രയില്‍ വടിവേലു & ഫാമിലി എന്നോട് കുറെ തവണ ചോദിച്ചു... എങ്ങനെയാണു ആ അടി ക്യാച്ച് ആകുമെന്ന് മനസ്സിലാക്കിയതെന്ന്.. ക്രിക്കറ്റ്‌ നെ പറ്റി എനിക്കുള്ള അറിവുകള്‍ എല്ലാം വിളമ്പി ആ ചോദ്യത്തെ ഞാന്‍ അതിശക്തമായി നേരിട്ടു...!!!!!