Sunday, March 28, 2010

പഴഞ്ചൊല്ല് മത്സരം

താഴെ കൊടുത്തിരിക്കുന്ന പഴഞ്ചൊല്‍ ചോദ്യങ്ങളില്‍ എല്ലാത്തിനും ശരിയുത്തരം നല്‍കുന്ന വ്യക്തിക്ക് ലോക പഴഞ്ചൊല്‍ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുന്നതാണ്..


1 ) --------------- ആണ് സൃഷ്ടിയുടെ മാതാവ്‌ (തങ്കമ്മ, സുലോചന, ആവശ്യം)
2 ) വേലി ചാടുന്ന പശുവിനു --------------- കൊണ്ട് മരണം (അഹങ്കാരം കൊണ്ട്, കോല് കൊണ്ട്, കയ്യിലിരിപ്പുകൊണ്ടു)
3 ) മൂത്തവരുടെ ----------------- ഉം മുതുനെല്ലിക്കേം ആദ്യം കയ്ക്കും പിന്നെ മധുരിക്കും (പാവക്ക തോരന്‍, മുരിങ്ങിക്ക കറി, വാക്കും)
4 ) അമ്മക്ക് പ്രാണവേദന, മകള്‍ക്ക് ---------- വായന (മനോരമ, ദേശാഭിമാനി, വീണ)
5 ) അഴകുള്ള ചക്കയില്‍ --------- ഇല്ല (പുഴു, ചക്കക്കുരു , ചുള )
6 ) നാടോടുമ്പോള്‍ -------- ഓടുക (തകര്‍ത്തു വെച്ച്, നടുവേ, കുറ്റിയും പറിച്ചോണ്ട് )
7 ) ചങ്ങാതി നന്നായാല്‍ ------- വേണ്ട (സോപ്പ്, ചീപ്പ്, കണ്ണാടി)
8 ) ഒന്നേ ഉള്ളെങ്കില്‍ --------- ക്ക് അടിക്കണം (ഉലക്കക്ക്, ചന്തിക്ക് , മോന്തക്ക്)
9 ) --------- കൂടിയാല്‍ പാമ്പ് ചാകില്ല (ഷുഗര്‍, പ്രഷര്‍, ആള് )
10 ) ------------ പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും (മാധവന്‍ പിള്ളക്ക്, അയ്യപ്പന്‍ പിള്ളക്ക്, അറിയാത്ത പിള്ളക്ക് )
11 ) ഓടുന്ന പട്ടിക്കു ഒരു മുഴം ------------ (മുമ്പേ, കൊല്‍കത്ത, ചെന്നൈ)
12 ) -------------- കാലത്ത് തൈ പത്തു വെച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം (വെളുപ്പാന്‍ കാലത്ത്, രാഹു കാലത്ത്, സമ്പത്ത് കാലത്ത് )
13 ) തല ഇരിക്കുമ്പോള്‍ ------------ ആട്ടരുത് (വാല്‍ ആട്ടരുത്, അരി ആട്ടരുത്, ഊഞ്ഞാല്‍ ആട്ടരുത് )
14 ) അല്പ്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ദ്ധരാത്രിയിലും --------------- പിടിക്കും (പോലീസ്, കുട, മീന്‍ )
15 ) അച്ഛന്‍ അരി കുറച്ചാല്‍ അമ്മ ------------- കുറയ്ക്കും (അത്താഴം, 7 ല്‍ നിന്നും 4 , 11 ല്‍ നിന്നും 5 )
16 ) ----------------- കണ്ടും മാമ്പൂ കണ്ടും മദിക്കരുത് (കിന്നാരത്തുമ്പികള്‍ , അവളുടെ രാവുകള്‍, മക്കളെ )
17 ) ആരാന്റെ അമ്മക്ക് ------------------- വന്നാല്‍ കാണാന്‍ നല്ല ചേല് (e-mail, parcel, ഭ്രാന്ത്)
18 ) ------------- രാജാ തഥാ പ്രജ (ബെല്ലാരി രാജാ, പോക്കിരി രാജാ, യഥാ )
19 ) ആന മുക്കുന്നത്‌ കണ്ടു ------------- മുക്കിയാലോ? (കപ്പല്‍, സുനാമി ഫണ്ട്, ആട് )
20 ) -------------- വെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ചു (വാഴ, കരിമ്പ്, ഇടി )
21 ) ------------- വരുമ്പോള്‍ നാമം ജപിക്കണം (അപ്പുപ്പന്‍, അമ്മാവന്‍, കോപം )
22 ) ------------- ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കില്ല ( ടീന, KSRTC ബസ്‌, കാലം )
23 ) ഏച്ചു കെട്ടിയാല്‍ ----------- ച്ചിരിക്കും (പൊട്ടിച്ചിരികും, കുലുങ്ങിച്ച്ചിരിക്കും, മുഴച്ചിരിക്കും )
24 ) ഒരു ------------ അടയ്ക്കുമ്പോള്‍ മറ്റൊന്ന് തുറക്കും ( EMI, Premium, വാതില്‍ )
25 ) കാലത്തിനൊത്തു --------------- കെട്ടണം (പെണ്ണ് കെട്ടണം, കോലം കെട്ടണം, വേലി കെട്ടണം )
--------------------------------------------------------------------------------------------

Tuesday, March 16, 2010

ഒരു മുച്ചീട്ട് കളി..

അന്ന് വര്‍ഗീസ്‌ സാറിന്റെ ക്ലാസ്സ്‌ ആയിരുന്നു.. ഞങ്ങള്‍ "മുട്ടായി ഉറുഞ്ചി" എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ഞങ്ങളുടെ കണക്കു മാഷ്.. ജയനെപോലെ വായില്‍ എന്തൊക്കെയോ ഇട്ടിട്ടു ഉറിഞ്ചികൊണ്ടിരിക്കുന്ന ഒരു ഭാവം ആയിരുന്നു പുള്ളിക്ക് എപ്പോഴും.. ലാസ്റ്റ് അവര്‍ ആയതിനാല്‍ ക്ലാസ്സില്‍ മിക്കവാറും എല്ലാവരും 'ഇറക്കം വിടീല്‍**' പതിവാക്കിയിരുന്നു..
ക്ലാസ്സില്‍ എത്തിയ ഉടനെ സര്‍ attendance എടുത്തിട്ട് തലകള്‍ എണ്ണി തിട്ടപ്പെടുത്തി..ഒട്ടും സമയം കളയാതെ ബോര്‍ഡിലേക്ക് തിരിഞ്ഞു എന്തിനെയൊക്കെയോ integration ചെയ്യുവാനുള്ള നടപടികള്‍ തുടങ്ങി..
അതിനുവേണ്ട സാമഗ്രികള്‍ ആയ ചുറ്റിക്കെട്ട് വള്ളി, ലിമിട്സ്, x ലും y ലും ഉള്ള സൂത്രവാക്യങ്ങള്‍ മുതലായവ ഫിറ്റ്‌ ചെയ്തു സംഭവം മോടി പിടിപ്പിച്ചു ..

പഠിപ്പിസ്റ്റുകളും സാറിന്റെ പ്രീതി സമ്പാദിക്കാന്‍ കച്ച കെട്ടി ഇറങ്ങിതിരിച്ചവരും വളരെ ശ്രദ്ധാപൂര്‍വ്വം എല്ലാം എഴുതിയെടുതുകൊണ്ടിരുന്നു. ഞങ്ങള്‍ ബാക്ക് benchers പതിവ്പോലെ മറ്റ് കലാപരിപടികളിലേക്കും കടന്നു.. ഞങ്ങള്‍ ആറു പേരും മൊട്ടകള്‍ ആണെന്നുള്ള കാര്യം ഇവിടെ പ്രസക്തമാണ്‌..( ഞങ്ങളുടെ gang leader 'കുടിയന്‍ ഷിജാസിനെ' റബ്ബര്‍ മൊതലാളി ഈപ്പച്ചന്റെ മകള്‍ റീത്തമ്മ ഇടയ്ക്കിടെ കണ്ണുകള്‍ കൊട്നു എറിയുന്നത് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു..തൊട്ടുമുന്‍പിലെ ബെന്ച്ചുകാരന്‍ ബെന്നിയുമായി ഞങ്ങള്‍ ബെറ്റും വെച്ചു.. ഒരാഴ്ച്ചക്കുള്ളില്‍ റീത്ത ഷിജാസിനെ propose ചെയ്തില്ലേല്‍ മൊട്ടയടി+ 100 രൂപ.. റീത്ത propose ചെയ്തു.. ഷിജാസിനെ അല്ല.. ബെന്നിയെ.. അവനും റബ്ബര്‍ ഉണ്ടല്ലോ.. അങ്ങനെ റബ്ബറും റബ്ബറും തമ്മില്‍ ചേര്‍ന്നു..ഇതിനിടയില്‍ കള്ളിനു എന്ത് കാര്യം..ഞങ്ങള്‍ക്ക് ധന നഷ്ടം, മുടി നഷ്ടം, മാനഹാനി..)

ഞങ്ങള്‍ക്കാര്‍ക്കും ഒരിക്കലും അന്ഗീകരിക്കാനാവാത്ത ഒരു വൃത്തികെട്ട ശീലം നമ്മുടെ മുട്ടായി ഉറുഞ്ചി സര്‍ നു ഉണ്ടായിരുന്നു..പ്രോബ്ലെംസ് ഇട്ടു തന്നിട്ട് അത് നമ്മള്‍ ചെയ്യുന്നുണ്ടോ എന്ന് നോക്കാന്‍ വേണ്ടി റോന്തു ചുറ്റുന്ന അത്യന്തം മ്ലേച്ചകരമായ ഒരു പെരുമാറ്റം..പുള്ളി പതിവുപോലെ കറങ്ങിത്തിരിഞ്ഞ്‌ ഞങ്ങളുടെ അടുത്തെത്തി തൊട്ടുപുറകില്‍ വന്നു നിന്നു.. ടിയാന്‍ എന്തുചെയ്യുകയാണ്? ഞങ്ങളുടെ മോട്ടത്തലകളുടെ ഭംഗി ആസ്വദിക്കുവാണോ? ഞങ്ങള്‍ അവരവരുടെ ശിരസ്സുകള്‍ പുള്ളിക്കുവേണ്ടി പോസ് ചെയ്തു കൊടുത്തു.. ദാണ്ടെ പുള്ളി എന്റെ അടുക്കലേക്കു വരുന്നു..പടച്ച റബ്ബേ, ഇതിയാനിത്‌ എന്നാ ഭാവിച്ചാ?

കൊക്കോ പുഴുപോലുള്ള വള്ളിയൊക്കെ ഞാനും ഇട്ടു വെച്ചിട്ടുണ്ട്..അതൊക്കെ യേത് പോലീസുകാരനെകൊണ്ടും പറ്റും.. ബാക്കിയാണ് പ്രശ്നം..അടുത്തിരിക്കുന്ന സതീഷിന്റെ നോക്കിയെഴുതാമെന്നു വെച്ചാ അവനു ബുക്കും പേനയും ഒന്നുമില്ല..വെറുതെ വിരലുകൊണ്ട് ബെഞ്ചില്‍ കുത്തിവരക്കുന്നതല്ലാതെ അവനെ കൊണ്ട് നോ പ്രയോജന്‍സ്..ഇനി ഒന്നും നോക്കിയിട്ട് കാര്യമില്ല.. സ്ഥിരം അടവുതന്നെ എടുത്തു പുറത്തിട്ടു.. x, y, square, sqrt മുതലായവകൊണ്ട്‌ ഒരു അലക്ക് അങ്ങ് അലക്കി.. എഴുത്ത്തോട് എഴുത്ത്. ഒരു പേജിലെങ്ങും കൊള്ളുന്ന ലക്ഷണമില്ല..അളിഞ്ഞ കൂഴച്ചക്ക കാക്ക കൊത്തി ചിതറിയിട്ടിരിക്കുന്നപോലെയുള്ള handwriting പരീക്ഷക്ക്‌ പണി തരുമെങ്കിലും ഇവിടെ രക്ഷയായി.. മോട്ടത്തലയനാണെങ്കിലും യിവന്‍ പുലിയാണെന്ന് മനസ്സിലായതോടെ ഈ പ്രോബ്ലത്തേക്കാളും മുഴുത്തത് ഇടാന്‍ വേണ്ടി ആ മനുഷ്യന്‍ ബോര്‍ഡിനെ ലക്ഷ്യമാക്കി പാഞ്ഞു.

ഇവിടെ ഞങ്ങള്‍ പരീക്ഷണങ്ങളെ നേരിടുമ്പോള്‍ ക്ലാസിനു പുറത്തു കരിമ്പും തോട്ടത്തില്‍ 'മുച്ചീട്ട് ബിജുവിന്റെ' മേല്‍നോട്ടത്തില്‍ 'കീച്ച്ചുകളി***' തകൃതിയായി നടക്കുന്നുണ്ടാവും എന്ന ചിന്ത ഞങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നു.. ഞാനും സതീഷും ഇന്ന് ചെല്ലാമെന്നു ഏറ്റിരുന്നതാണ്.. അതിനാണ് അനിയച്ച്ചാരുടെ കുടുക്ക പൊട്ടിച്ചു ഒള്ള ചില്ലറയെല്ലാം പറക്കികൊണ്ട് വന്നത്..ക്ലാസ്സ്‌ സ്കൂട്ട് ചെയ്യാമെന്ന് വിചാരിച്ചാല്‍ ഹാജര്‍ നില നന്നേ കുറവ്.. proxy യെ ഏര്‍പ്പടക്കാമെന്ന് വെച്ചാല്‍ ലയാളുടെ തലയെണ്ണിപ്പടുത്തം കാരണം നടക്കുകേം ഇല്ല. പിന്നെയുള്ളത് ഒരേയൊരു മാര്‍ഗ്ഗം മാത്രം..പുറകിലെ ഭിത്തിയിലെ ദ്വാരം.. ദ്വാരം എന്ന് പറഞ്ഞുകൂടാ.. കിളിവാതില്‍ ..അതിലൂടെ പുറത്തുകടക്കുക..

കഷ്ടിച്ച് ഒരാള്‍ക്ക് ഊര്‍ന്നിറങ്ങാം..ഞാഞ്ഞൂലുകളായ എനിക്കും സതീഷിനും പരുവം.. ബാക്കിയുള്ള നാലു തടിയന്സിനു തല പോലും കേറ്റാന്‍ പറ്റില്ല..എന്തായാലും കിട്ടിയ ഒരു ശുഭമുഹൂര്‍ത്തത്തില്‍ സതീഷ്‌ അതിലൂടെ പുറത്തുകടന്നു.. അല്ലേലും അവനൊക്കെ ഇങ്ങനെ നടന്നാലെന്താ, അവന്റെ ചേട്ടന്‍ സലാലയില്‍ കിടന്നു അദ്വാനിക്കുന്നുണ്ടല്ലോ..ഹും. പറഞ്ഞിട്ടുകാര്യമില്ല.. അടുത്തത് എന്റെ ഊഴമാണ്..എങ്ങനെയും പുറത്തു കടന്നെ പറ്റൂ.. പെട്ടെന്ന് വര്‍ഗീസ്‌ സര്‍ ഞങ്ങളെ നോക്കി..ദൈവമേ പണിയായോ? സതീഷിന്റെ പലായനം പിടിക്കപ്പെട്ടോ? ഇല്ല. ഒരു കോഴിമുട്ട കാണാതായ ഭാവം പോലും പുള്ളിക്കില്ല.. അല്ലേലും അതിയാന്‍ കുറച്ചു മന്തിപ്പാണ്.. orientation ച്ചിര കുറവാണ്..ഞങ്ങടെ സൌഭാഗ്യം .അല്ലാതെന്തു പറയാന്‍..

പുതിയ chapter മായി ബന്ധപ്പെട്ടു സര്‍ ബോര്‍ഡില്‍ എഴുത്ത് തുടര്‍ന്നപ്പോള്‍ ഞാന്‍ താഴേക്ക് കിടന്നു കിളിവാതില്‍ ലക്ഷ്യമാക്കി ഇഴഞ്ഞു..എന്റെ ബാഗ്‌ മുഴുവന്‍ പൊടിയായി..അതിനെ ബാഗ്‌ എന്നൊന്നും വിളിക്കാന്‍ പറ്റില്ല..എല്ലാരും ബെഞ്ചും ഡെസ്കും തുടക്കുന്ന സാധനം.. കോഴിക്കാട്ടം വരെ പറ്റിയിരിക്കുന്നു.. പിന്നാ പൊടി..ഞാന്‍ ഇഴച്ചില്‍ തുടര്‍ന്നു..ആദ്യം തല കടത്തി.. പിന്നെ ഉടല്‍.. ദൈവമേ കേറുന്നില്ലല്ലോ.. ഉച്ചക്ക് ഗോപാലന്‍ ചേട്ടന്റെ കടേന്നു ഒരു പറ ചോറ് അടിച്ചു കേറ്റിയപ്പോ ഈ ഒരു നുഴഞ്ഞിറക്കത്തെപറ്റി ആലോചിച്ചതെ ഇല്ല.

എന്തായാലും ഉടല്‍ ഒരുവിധം കടത്തി.. ഇനി അരക്കെട്ടും കാലുകളും..ഇപ്പൊ ഞാന്‍ ക്ലാസ്സിലുമല്ല മുറ്റത്ത്തുമല്ല എന്ന അവസ്ഥയില്‍ കിടക്കുകയാണ്..
മുറ്റത്തിലേക്ക് കൈ കുത്തി നില്‍ക്കുന്ന എനിക്ക് സതീഷിന്റെ ഉണക്ക കാലുകള്‍ കാണാം.. അതാ അതിനടുത് കുറെ കൂടി തടിച്ച വേറെ രണ്ടു കാലുകള്‍..ആരപ്പാ അത്.? തല ഉയര്‍ത്തി മോന്ത കണ്ടപ്പോ നല്ല പരിചയം.. ഈയടുത്ത കാലത്ത് കണ്ടപോലെ.. ഭൂമിയില്‍ നിന്നും ആകാശത്തെക്കുള്ള Shaji Kailas മോഡല്‍ angle ആയതിനാല്‍ face detection നു താമസം നേരിടുന്നു.. ഒടുവില്‍ sound വെച്ചു ആളെ തിരിച്ചറിഞ്ഞു..'മുട്ടായി ഉറുഞ്ചല്‍' with DTS effect.. മേമ്പൊടിക്കായി പല്ല് ഞെരിക്കുന്ന ശബ്ദവും..സാക്ഷാല്‍ ശ്രീമാന്‍ വറുഗീസ് ചേകവര്‍ എന്റെ കണ്മുന്നില്‍..

ആക്സിലറേറ്റര്‍ കൊടുത്തു വണ്ടി മുന്നോട്ടെടുക്കണോ അതോ റിവേഴ്സിട്ടു പുറകോട്ടെടുക്കണോ? ചെക്പോസ്റ്റ് കണ്ട കഞ്ചാവ് ലോറിക്കാരന്റെ അവസ്ഥ!! ഇന്ധനമെല്ലാം ആവിയായി പോയതിനാല്‍ രണ്ടും സാധിച്ചില്ല.. ഒന്നും രണ്ടും ഒരുമിച്ചു സാധിച്ചോന്നൊരു സംശയവുമുണ്ട്.. അവസാനം, സാറും സതീഷും കൂടി കപ്പ പറിക്കുന്നപോലെ എന്നെ വലിച്ചൂരി മുറ്റത്തിട്ടു.. ആദ്യം ശാസിച്ച്ചെങ്കിലും എന്റെ കാല് മുറിഞ്ഞത് കണ്ടു അലിവുതോന്നിയ ആ സാധു മനുഷ്യന്‍ ഞങ്ങളെ hospital ലേക്ക് പറഞ്ഞുവിട്ടു.. പുള്ളിയുടെ ആജ്ഞ ശിരസ്സാവഹിച്ചു നേരെ പോയി ചീട്ടു കളിച്ചു ഒള്ള കാശൊക്കെ കൊണ്ട് കളഞ്ഞു ശൂന്യമായ പോക്കറ്റ്കളുമായി കള്ളവണ്ടിയും കേറി ഞങ്ങള്‍ വീട്ടിലേക്കു യാത്രയായി.. അന്ന് ഞങ്ങള്‍ ഒരു പാഠം പഠിച്ചു..

"നമ്മള്‍ എന്തിനെങ്കിലും വേണ്ടി അതിയായി ആഗ്രഹിച്ചു അതിനനുസരിച്ച് പ്രവര്‍ത്തിച്ചാല്‍, ഒരു ശക്തിക്കും നമ്മെ അതില്‍ നിന്നും തടയാനാവില്ല.."


Saturday, March 6, 2010

അച്ചപ്പവും ബിനുവും പിന്നെ ഞാനും..

കൂട്ടുകുടുംബം ആയതിനാല്‍ ഞങ്ങള്‍ കുട്ടികള്‍ ഏകദേശം പതിനച്ചു പേര്‍ ഉണ്ടായിരുന്നു തറവാട്ടില്‍..അതില്‍ ഞാനും ബിനുവും ആയിരുന്നു 'തീറ്റിപണ്ടാര' ഗ്രൂപിന് നേതൃത്വം കൊടുക്കുന്നവര്‍.. മറ്റേ ഗ്രൂപ്പ്‌ 'ശാന്താ ഗ്രൂപ്പ്‌'. അവര്‍ 'ശാന്ത ശീലരും അടിപിടി അക്രമങ്ങല്‍ക്കൊന്നും പോകാതെ മാതാപിതാക്കളെ അനുസരിച്ച് അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന മണ്ണുണ്ണികളും ആയിരുന്നു.. ഞങ്ങള്‍ ആകട്ടെ, അടുക്കളയില്‍ വെച്ചിരിക്കുന്ന പലഹാര സാധനങ്ങള്‍ മോഷ്ടിച്ച് തിന്നല്‍, മുതിര്‍ന്നവരുടെ പോക്കറ്റില്‍ നിന്നും കാശ് അടിച്ചു മാറ്റി പുറത്തുപോയി തിന്നല്‍ , കല്യാണം, പാലുകാച്ച് , പേര്‍, പ്രസവം മുതലായ ചടങ്ങുകള്‍ക്ക് പോയി വാരിവലിച്ച് തിന്നല്‍ തുടങ്ങിയ 'തിന്നല്‍ പരിപാടികളുമായി ' ജീവിതം മുന്നോട്ട് നീക്കുന്നവരും ആയിരുന്നു..

ആയിടക്കാണ്‌ തറവാട്ടില്‍ തന്നെ ഒരു പ്രസവ മഹോത്സവം അരങ്ങേറിയത്..അതിനോടനുബന്ടിച്ചുള്ള ചടങ്ങുകളില്‍ നിന്നും ലഭിച്ച മധുര പലഹാരങ്ങള്‍ , പഴവര്‍ഗ്ഗങ്ങള്‍, മുതലായവ അടുക്കളയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ഞങ്ങളുടെ ഗ്രൂപിലെ ചാര ഉപഗ്രഹം ആയിരുന്ന 'പോടിമോന്‍' ഞങ്ങളെ വന്നു ധരിപ്പിച്ചു.. ആ പലഹാരങ്ങള്‍ അടിച്ചുമാറ്റുക എന്നാ ദൌത്യം ഞാനും ബിനുവും സസന്തോഷം ഏറ്റെടുത്തു.. അതിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.. ഉച്ചയൂണ് കഴിഞ്ഞു എല്ലാവരും മയക്കം പിടിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കൂടി ആരോരും അറിയാതെ അടുക്കളയിലേക്കു പൂച്ചകളെ പോലെ നടന്നടുത്തു.. 'ശാന്ത ഗ്രൂപ്പ്‌' ഈ വിവരങ്ങള്‍ അറിയാതിരിക്കാനുള്ള മുന്‍കരുതല്‍ ഞങ്ങള്‍ എടുത്തിട്ടുണ്ടായിരുന്നു..ഇതുപോലെ അനവധി operations നടത്തിയ ധൈര്യത്തില്‍ ഞങ്ങള്‍ മുന്നോട്ടു നീങ്ങി.. ബിനു പലഹാര പാത്രങ്ങള്‍ തുറന്നു.. അച്ചപ്പത്തിന്റെ പാത്രം ആണ് ഞങ്ങള്‍ ആദ്യം കണ്ടെത്തിയത്.. അവന്‍ അച്ചപ്പങ്ങള്‍ ഒന്നൊന്നായി തന്റെ വള്ളിനിക്കറിന്റെ പോക്കറ്റിലേക്കു മാറ്റിക്കൊണ്ടിരുന്നു.. ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാനായി ഞാന്‍ വാതിലിന്റെ അടുത്തേക്ക് പോയി.. അതാ ആരോ വരുന്ന ശബ്ദം.. "ഓടിക്കോടാ" എന്ന് പറഞ്ഞു തീര്‍ക്കുന്നതിന്റെ മുന്‍പ് തന്നെ ബിനു മുറ്റത്തേക്ക് പറന്നു വീണു.. ഞാന്‍ പുറകിലും..
ബിനു തകര്‍ത്തു വെച്ച് ഓടാന്‍ തുടങ്ങി.. ആസനത്തില്‍ മുളക് വെള്ളം തളിച്ച പോലുള്ള വെപ്രാളത്തോടെ.. ഞാനും അവന്റെ പുറകെ വെച്ച് പിടിച്ചു..അവന്‍ ഓട്ടം നിര്‍ത്തുന്ന യാതൊരു ലക്ഷണവും ഇല്ല. പുറകെ ഓടിയില്ലെങ്കില്‍ അച്ചപ്പങ്ങള്‍ മുഴുവനും ലവന്‍ തിന്നു പണ്ടാരമടങ്ങും..അങ്ങനെ ഒറ്റയ്ക്ക് അവന്‍ കേറ്റെണ്ട.. എനിക്കും അതില്‍ തുല്യ അവകാശം ഉണ്ട്.. "എടാ നിക്കടാ.. എനിക്കുടെ താടാ.." ഞാനും റോക്കറ്റ് വേഗതയില്‍ അവന്റെ പിന്നാലെ പാഞ്ഞു.. "എന്റെ പിറകെ വരണ്ട.." എന്ന് അവന്‍ ഇടയ്ക്കിടെ വിളിച്ചു കൂവുന്നുമുണ്ട്.. പണ്ടാരക്കാലന്‍..രണ്ടു അച്ച്ചപ്പതിനു വേണ്ടിഇത്രയും ഓട്ടം ഓടണോ? അച്ചപ്പത്തിന്റെ ഓര്‍മ്മ മനസ്സിലേക്ക് വന്നപ്പോള്‍ എനിക്കും ഉപേക്ഷിക്കാന്‍ തോന്നിയില്ല. അങ്ങനെ ഒരു ഒന്ന് രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ ബിനു നേരെ അന്ത്രമാനിക്കയുടെ വീടിന്റെ ടെറസ്സിലേക്ക് ഓടിക്കയറി... എന്തായാലും ടെറസ്സില്‍
വെച്ച് പലഹാരം പങ്കുവെക്കുമല്ലോ എന്നാ ആശ്വാസത്തില്‍ ഞാനും അവന്റെ പുറകെ ഓടിക്കയറി..

മുകളില്‍ എത്തിയതും ബിനു തന്റെ വള്ളി നിക്കര്‍ ഊരി ഒരു ഏറു വെച്ച് കൊടുത്തു.. ഞാന്‍ അന്തം വിട്ടു കുന്തം വിഴിങ്ങിയെങ്കിലും അച്ചപ്പം രണ്ടും എനിക്ക് കിട്ടിയല്ലോ എന്നാ സന്തോഷത്തോടെ അവന്റെ നിക്കര്‍ കയ്യിലെടുത്തു .. "എന്റമ്മോ" എന്നുള്ള അവന്റെ ഒരു ദീന രോദനം കേട്ട് ഞാന്‍ അവനെ അടിമുടി നോക്കി.. എന്റെ കണ്ണുകള്‍ അവന്റെ centre of gravity യില്‍ ഉടക്കി..ഞാന്‍ ഞെട്ടിത്തരിച്ചു പോയി.. ലവന്റെ കേന്ദ്ര ഭരണ പ്രദേശം മുഴുവന്‍ ഉറുമ്പുകള്‍ പിടിച്ചടക്കുന്നു.. എന്റെ കയ്യിലിരിക്കുന്ന അവന്റെ നിക്കറിന്റെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ ആ നഗ്ന സത്യം ഞാന്‍ മനസ്സിലാക്കി.. അതില്‍ അണ്ട കടാഹം പോലെ ഒരു ഓട്ട..!!! എന്റെ കയ്യിലും കിട്ടി കുറെ കടികള്‍.. എന്റെ കയ്യില്‍ ഇത്രയും വേദനയെങ്കില്‍ ലവന്റെ ലതില്‍ എന്തായിരികും സ്ഥിതി... ഹോ... ഞാന്‍ പുളകം കൊണ്ടു..
വേദന കൊണ്ട് പുളയുന്നതിനിടയിലും ബിനുവിന്റെ ദയനീയ അഭ്യര്‍ഥന എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു..
"എടാ.. ഒറ്റയ്ക്ക് തിന്നാതെടാ.. എനിക്ക്കൂടെ താടാ.."