Wednesday, May 19, 2010

കഥ, തിരക്കഥ, സംഭാഷണം: "മനു"

എന്ത് കാര്യവും വളച്ചൊടിച്ചു ആര്‍ക്കും ഒന്നും മനസ്സിലാകാത്ത രീതിയില്‍ അവതരിപ്പിക്കുന്ന ധാരാളം മനുഷ്യര്‍ നമുക്കിടയിലുണ്ടല്ലോ. ഞങ്ങള്‍ക്കിടയിലും ഇത്തരത്തില്‍ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. "മനു".

ഒരു ഉദാഹരണം പറഞ്ഞാല്‍,
ആരെങ്കിലും അവനോടു ചോദിക്കുന്നു:

"എടാ മനൂ.. നീ എങ്ങോട്ട്‌ പോകുവാ? "
"എന്റെ കൂട്ടുകാരന്‍ ഗള്‍ഫീന്ന് വരുന്നുണ്ട്. "
"ഓ.. നീ എയര്‍പോര്‍ട്ടില്‍ പോകുവാണോ?"
"അല്ലെടാ. അവന്‍ ഒരു കുപ്പി കൊണ്ടുവരും."
"ഓഹോ. അപ്പൊ വീശാന്‍ പോകുവാണോ? "
"അല്ലെടാ. വീശാന്‍ പോകാന്‍ ഇപ്പൊ വയ്യ. ചെറിയ ജലദോഷം ഉണ്ട്. കഴിഞ്ഞ ആഴ്ച വീഗാ ലാന്‍ഡില്‍ പോയപ്പോ പിടിച്ചതാ . ആ..അവിടെ വെച്ച് നമ്മുടെ രതീഷിനെ കണ്ടാരുന്നു. അവന്റെ കയ്യില്‍ കിടിലം ഒരു മൊബൈല്‍. അവനിപ്പോ പാസ്പോര്‍ട്ട്‌നു അപ്ലൈ ചെയ്തിട്ട് നില്‍ക്കുവാ. പാസ്പോര്‍ട്ട്‌ കിട്ടിയില്ലേല്‍ ആകെ കുഴപ്പമാകും. അവനു കുവൈറ്റില്‍ ഒരു ജോലി ശരിയായിട്ടുണ്ട്. അവന്റെ അനിയനാണെങ്കില്‍ കാലൊടിഞ്ഞു ഹോസ്പിറ്റലില്‍ കിടക്കുവാ. എന്ത് ചെയ്യാനാ. മനുഷ്യന്റെ കാര്യങ്ങളല്ലേ"

ആകെ കുടുങ്ങി.അവന്‍ നാക്ക്‌ ഫിഫ്ത്ത് ഗിയറില്‍ ഇട്ടു.മനുവിന്റെ വൈവിധ്യമാര്‍ന്ന സംഭാഷണങ്ങള്‍ കേട്ട്, ചോദ്യം ചോദിക്കുന്നവന്‍ പിന്നെ മൌനത്തിലേക്ക്‌ ഊളിയിടും . വിഷയം കൈവിട്ടു പോയിരിക്കുന്നു. വയാഗ്രയില്‍ തുടങ്ങിയ സംസാരം നയാഗ്രയില്‍ പോയി ഒരു ചെറു കുളിയും പാസ്സാക്കി നില്‍ക്കുന്നു. ഈ രീതിയിലുള്ള സംഭാഷണം ഒരു പത്തു മിനിറ്റ് കഴിഞ്ഞതിനു ശേഷം നമ്മള്‍ വീണ്ടും ആ പഴയ ചോദ്യം ചോദിച്ചാല്‍ ചിലപ്പോ മറുപടി കിട്ടിയെന്നിരിക്കും.

"എടാ അപ്പൊ നീ എവിടെ പോകുവാ?"
"ഞാന്‍ ചുമ്മാ നടക്കാന്‍ ഇറങ്ങിയതാ.."

ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങള്‍.!!!!

ഇന്ത്യ ക്രിക്കറ്റ്‌ മാച്ച് ജയിച്ചാല്‍ അതിനെ 'ഇന്ത്യ മൊരിഞ്ഞു' എന്നും തോറ്റാല്‍ 'ഇന്ത്യ സ്പാറി' എന്നും ഒക്കെയാണ് പുള്ളിയുടെ ഭാഷകള്‍. ജയിച്ചോ തോറ്റോ എന്നറിയണമെങ്കില്‍ നമ്മള്‍ വല്ല പത്രത്തിലോ മറ്റോ നോക്കണം. അവന്റെ കോഡുകള്‍ ഡീകോഡ് ചെയ്തു ചെയ്തു ഞങ്ങള്‍ ചെന്നയിലെ കനത്ത ചൂടിലും കുളിര് കൊണ്ടു.

ഒരിക്കല്‍ മനു എന്നോട് ഒരു ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു കൊടുക്കാന്‍ പറഞ്ഞു. അവന്റെ ഓണ്‍ലൈന്‍ അക്കൗണ്ട്‌ എന്തോ പ്രോബ്ലം ആണെന്നും പറഞ്ഞു. എല്ലാ DETAILS ഉം മെയിലില്‍ അയച്ചു തന്നത് കൊണ്ട് കുഴപ്പമില്ലാതെ ബുക്ക്‌ ചെയ്തു. നേരിട്ട് പറഞ്ഞു തന്നിരുന്നേല്‍, ചെന്നൈയില്‍ നിന്നും എറണാകുളം പോകാനുള്ള ടിക്കറ്റ്‌ നു പകരം അങ്കമാലീന്നും ജോളാര്‍പെട്ടയിലേക്ക് ബുക്കിയേനെ. അത്രയ്ക്കാണ് അദ്ധേഹത്തിന്റെ 'കാര്യങ്ങള്‍ വളച്ചു പറയല്‍' സ്കില്‍ !!!!

അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു.. അന്നാണ് മനുവിന് യാത്ര ചെയ്യേണ്ടത്. വൈകിട്ട് എട്ടു മണിയ്ക്കാണ് ട്രെയിന്‍. പക്ഷെ രാവിലെ തന്നെ അവന്‍ ആകെ നിരാശന്‍ ആയി കാണപ്പെട്ടു. പിറ്റേന്ന് ഞങ്ങള്‍ കാറില്‍ പോണ്ടിച്ചേരിയില്‍ പോകുന്നുണ്ടെന്ന നഗ്ന സത്യം അവനു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. അവനെ കൊതിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. 'പോണ്ടിച്ചേരിയില്‍ ചെന്നിട്ടു ദദ് ചെയ്യും, ദിദ് ചെയ്യും, തലയും കുത്തി നില്‍ക്കും, മദാമ്മമാരോടോത്ത് ബീച്ച് വോളിബോള്‍ കളിക്കും, അതിനു ശേഷം അവരുടെ കൂടെത്തന്നെ സണ്‍ ബാത്ത് നടത്തും, etc etc'.

ഇതൊക്കെ ഇമാജിന്‍ ചെയ്തു അവനു വട്ടായി.
ഒടുവില്‍ സഹികെട്ട് അവന്‍ എന്നോട് പറഞ്ഞു:

"എടാ നീ ബുക്ക്‌ ചെയ്ത ആ ടിക്കറ്റ്‌ ഇല്ലേ.. ഇന്ന് വൈകിട്ട് വരുമ്പോ അതങ്ങ് കശക്കിയേരെ"
"കശക്കാനോ?" ഒന്നും മനസ്സിലാകാത്തത് കൊണ്ട് ഞാന്‍ ചോദിച്ചു.
"നീ വൈകിട്ട് വരുമ്പോ അതിന്റെ പരിപ്പെടുത്തോണ്ട് വാ. ഇപ്പൊ തന്നെ ടൈം ഓവര്‍ ആയി..ഇനിയെങ്കിലും അത് ചെയ്തില്ലെങ്കില്‍ കുഴപ്പമാ.."
ഓ അതുശരി, അപ്പൊ അവന്‍ ഞങ്ങളുടെ കൂടെ പോണ്ടിച്ചേരിയില്‍ വരാന്‍ തന്നെ തീരുമാനിച്ചു. ശരി, കശക്കിയേക്കാം.. നമ്മുടെ പയ്യനല്ലേ.. മാത്രവുമല്ല അവന്‍ കൂടെ ഉണ്ടെങ്കില്‍ പിന്നെ പൂരപ്പാട്ട് പാടാന്‍ വെളീന്ന് വേറെ ആളെ വിളിക്കേണ്ട കാര്യവുമില്ല.

ഓഫീസിലെത്തി നേരെ തന്നെ അക്കൗണ്ട്‌ ലോഗിന്‍ ചെയ്തു കയറി ആ കാര്യം അങ്ങ് സാധിച്ചു.. ടിക്കറ്റ്‌ നല്ല വെടിപ്പായി അങ്ങ് കശക്കി. ഇനിയും ലേറ്റ് ആയാല്‍ തിരിച്ചു കിട്ടുന്ന തുക കുറയും. REFUND amount Rs . 242 നാല് ദിവസത്തിനുള്ളില്‍ നമ്മുടെ അക്കൌണ്ടില്‍ വരുന്നതാണെന്ന് എന്ന് എഴുതി കാണിച്ചു..ചെറിയ ഒരു മനസ്സമാധാനം.. ജീവിതത്തില്‍ ഒരു ഉപകാരം കൂടി അങ്ങ് ചെയ്തു. ഈശ്വരാ.. എനിക്ക് ഇതൊക്കെ തുടരുവാനുള്ള ആയുസ്സും ആരോഗ്യവും ഓജസ്സും നല്‍കണേ.. മനമുരുകി പ്രാര്‍ഥിച്ചു..

വൈകിട്ട് വീട്ടിലെത്തിയപ്പോ മനു അവിടെയുണ്ട്.

"എടാ കശക്കിയോ?"
"രാവിലെ തന്നെ കശക്കിയാരുന്നു"
"എങ്കില്‍ ഇങ്ങു തന്നേരെ.."
"എടാ refund ചെയ്യാന്‍ മൂന്ന് നാല് ദിവസം എങ്കിലും എടുക്കും. കാശ് കിട്ടുമ്പോ ഞാന്‍ തരാം"
" REFUND ഓ? പ്രിന്‍റ് എടുക്കുന്നതിന് എന്തിനാ REFUND? "
"printo?. ക്യാന്‍സല്‍ ചെയ്യാനല്ലേ നീ പറഞ്ഞത്.. ഞാന്‍ ടിക്കറ്റ്‌ അങ്ങ് ക്യാന്‍സല്‍ ചെയ്തു.."
" എടാ *&*&&$%@@@#$#$$$#$.. നാളെ എനിക്ക് വീട്ടില്‍ ചെല്ലേണ്ടതാ.. നീയെന്തു പണിയാ കാണിച്ചേ? ഇനി ഞാനെങ്ങനെ വീട്ടിപ്പോകും?
"നീ കശക്കാന്‍ പറഞ്ഞപ്പോ ഞാന്‍ കരുതി ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞതാണെന്ന്.."
"പോടാ *&&&%%#$$#@@$$#$.. ഇവനോടൊക്കെ പറഞ്ഞ എന്നെ വേണം അടിക്കാന്‍.. #$%*%%?$$###^^%%$%###@@ "

ഇനി രക്ഷയില്ല.. ഇവന്റെ കയ്യീന്ന് ഞാന്‍ ഇപ്പൊ മേടിച്ചു കെട്ടും. തെറി മോഡ് ON ചെയ്താല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല... അപ്പോഴാണ് ദൈവദൂതനെ പോലെ ശ്രീജിത്ത്‌ അങ്ങോട്ട്‌ വന്നത്..

" നിന്റെ സംസാരം കേട്ടാല്‍ ആരായാലും ക്യാന്‍സല്‍ ചെയ്തു പോകും.. ഞാനും വിചാരിച്ചത് ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞതാണെന്നാ. മനുഷ്യന് മനസ്സിലാവാത്ത കുറെ വാക്കുകളുമായി ഇറങ്ങിക്കോളും. ടിക്കറ്റ്‌ കശക്കണം പോലും.."

ഭാഗ്യം.. ശ്രീജിത്തിന്റെ ഡയലോഗ് കേട്ടപ്പോ മനു ഒന്ന് അയഞ്ഞു. എന്നെയിട്ട്‌ അലക്കുന്നത്‌ നിര്‍ത്തി..കുറെ നേരം അവിടെയൊക്കെ കറങ്ങി കറങ്ങി നിന്ന ശേഷം ജനറല്‍ ടിക്കറ്റ്‌ എടുത്തു പോകാം എന്നും പറഞ്ഞു എന്റെ നേര്‍ക്ക്‌ ഒരു കലിപ്പ് നോട്ടവും പാസാക്കി അവന്‍ പടിയിറങ്ങി!!!!

ഈ സംഭവത്തിന്‌ ശേഷം മനുവിന്റെ സംഭാഷണത്തില്‍ കാതലായ രണ്ടു മാറ്റം സംഭവിച്ചു

1. അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒരു ചെറിയ 'അശ്വമേധം' പരിപാടി പോലെ മൂന്നോ നാലോ ചോദ്യങ്ങള്‍ക്കുള്ളില്‍ ഒരു പരിധിവരെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു..!!!
2. രണ്ടു മണിക്കൂറുള്ള സിനിമാക്കഥ നാല് മണിക്കൂറു കൊണ്ട് പറഞ്ഞിരുന്നത്, ഒരു രണ്ടു രണ്ടര മണിക്കൂര്‍ ആയി കുറക്കാന്‍ അവന് സാധിച്ചു!!!!

30 comments:

 1. മനു, നീ ഈ പോസ്റ്റ്‌ വായിക്കുകയാണെങ്കില്‍, എനിക്കയക്കുന്ന തെറി മെയില്‍ ഒരു രണ്ടു വരിയില്‍ ഒതുക്കണേ...!!!

  ReplyDelete
 2. ആശാനെ,
  മനു നന്നായല്ലോ അതുമതി.
  പിന്നെ, മനു തെറി അയ്ക്കുവാനേല്‍ പറയണെ...
  അത് കൂടി വായിച്ചു ചിരിക്കാനാ

  ReplyDelete
 3. മനു എന്ന പേര് ഒറിജിനലാണോ?

  ReplyDelete
 4. ഒരു രണ്ടു പ്രാവശ്യം കൂടി കശക്കിയാല്‍ പുള്ളി പിന്നെ മിണ്ടാനേ സാധ്യതയില്ല...ഹ ഹ...

  ReplyDelete
 5. ആശാനെ കലക്കി കപ്പലോടിച്ചു...ഏറ്റവും ഇഷ്ടപ്പെട്ട ടച്ചിങ്ങ്സ് താഴെ പേസ്റ്റുന്നു...
  "വയാഗ്രയില്‍ തുടങ്ങിയ സംസാരം നയാഗ്രയില്‍ പോയി ഒരു ചെറു കുളിയും പാസ്സാക്കി നില്‍ക്കുന്നു"
  "അവന്റെ കോഡുകള്‍ ഡീകോഡ് ചെയ്തു ചെയ്തു ഞങ്ങള്‍ ചെന്നയിലെ കനത്ത ചൂടിലും കുളിര് കൊണ്ടു."
  "അവന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഒരു ചെറിയ 'അശ്വമേധം' പരിപാടി പോലെ മൂന്നോ നാലോ ചോദ്യങ്ങള്‍ക്കുള്ളില്‍ ഒരു പരിധിവരെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു..!!!"

  -- വെറും ചാണ്ടി..

  ReplyDelete
 6. രസായിട്ടുണ്ട് ട്ടാ. നായാഗ്രയിലെ കുളി തകർത്തു!

  ReplyDelete
 7. ആശാനെ..റ്റോംസ് കോനുമഠത്തിനെ പോലെ ഞാനും മനുവിന്റെ കമന്റിനായി കാത്തിരിക്കുന്നു....മനൂ..നീ എവിടെ...വരൂ..കമന്റൂ...

  ReplyDelete
 8. ഹൊ!!!
  വായിച്ചിട്ടു വിജ്ര്ംഭിച്ച് പോയി..
  ലവന്‍, യാത് നാട്ട്ആരനാ ഡെയ്?

  ജെ.കെ

  ReplyDelete
 9. വളച്ചുകെട്ടില്ലാതെ കാര്യം പറയാനുള്ള മനുവിന്റെ കഴിവ് അപാരം തന്നെ! ആശാനവന്റെ ഭാഷ അറിയാത്തതുകൊണ്ട് വെറുതെ ആ പാ‍വത്തിനെ ചുറ്റിക്കുന്നു.

  വായിച്ചു വായിച്ചു കശങ്ങിപ്പോയി.

  ReplyDelete
 10. തിരക്കായതുകൊണ്ട്‌ മുഴുവനും വായിച്ചില്ല . ഒരു കശക്കു എടുത്തിട്ട് വീട്ടില്‍ പോയി വറുക്കാം .

  ReplyDelete
 11. ഈയിനത്തിൽ പെട്ട ചിലരുണ്ട്. വളച്ചു കെട്ടുമാത്രമല്ല, ഒരിക്കലും സത്യം പറയുകയുമില്ല!

  മനു ആളു മെച്ചം, ഇമ്പ്രൂവ് ചെയ്തില്ലേ!

  നല്ല രസികൻ അവതരണം!

  ReplyDelete
 12. കശക്കിക്കീട്ടാ ചുള്ളാ.. :)

  ReplyDelete
 13. ആശാനേ..ആശാന്റെ ഒരു കൂട്ടുകാരന്‍ മനുവിനെ എനിക്കറിയാം. ആ മനുവാണോ ഈ മനു? ഏയ്! ആ മനു ആള്‌ ഈ ടൈപ്പല്ല.:) എന്തായാലും ആ സംഭവത്തോടെ കൂട്ടുകാരന്‍ കുറച്ച് നന്നായതില്‍ സന്തോഷം.

  ReplyDelete
 14. വാട്ടര്‍ടീച്ചറെ, ഈ കമന്റു കശക്കി ഒന്നു പരിപ്പെടുക്കണേ...
  -- മനു

  ReplyDelete
 15. ടിക്കറ്റ് കശക്കിയ പോലെ പോസ്റ്റും കശക്കി.! അല്ല കാര്യങ്ങള്‍ മനു എത്ര ഈസിയായി വളച്ചുകെട്ടിലാതെ കശക്കുന്നു.!

  ReplyDelete
 16. ആശാൻ കാസ്പറി

  ReplyDelete
 17. ആശാനങ്ങിനെ നാട് മുഴുവന്‍ ഓടി നടന്നു പഠിപ്പിക്കുകയല്ലേ.
  ഒടുവില്‍ ഞാനും സ്വീകരിച്ചു അങ്ങയുടെ ശിഷ്യത്വം.
  അനുഗ്രഹിച്ചാലും ഗുരോ.
  അവിടെയും ഇവിടെയുമൊക്കെ ഈ പേര് കണ്ടിരുന്നു. ഇപ്പോഴാ ശിഷ്യത്തം സ്വീകരിക്കാന്‍ സമയമുണ്ടായാത്.
  അതങ്ങിനെയാ. ഓരോന്നിനും അതിന്റേതായ സമയം ഇല്ലേ ദാസാ.
  ഇത്തരം "കത്തികളെ" സഹിക്കേണ്ടി വരുന്ന ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്.
  നല്ല വിവരണം. ഇനിയും വരും.

  ReplyDelete
 18. nalla polappan post...

  ReplyDelete
 19. ഒന്നു മനുവിന്റെ ശിഷ്യത്വം കിട്ടിയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു. ഒന്നു കശക്കാമായിരുന്നു....
  സദാ വെള്ളത്തിലായ ആശാന് മലയാളം കേട്ടാ മനസ്സിലാവാത്തതിന് പാവം മനുവെന്ത് പിഴച്ചൂ??

  ReplyDelete
 20. ടോംസ്,
  നന്ദി.. മനുവിന്റെ തെറിയും പ്രതീക്ഷിച്ചാണ് ഞാനും ദിനങ്ങള്‍ തള്ളി നീക്കുന്നത്.. അളിയന്‍ ഇതുവരെ വായിച്ചിട്ടില്ലെന്നു തോന്നുന്നു.. :) :)
  മനു,
  ഈ മനുവല്ല ആ മനു.. അത് മനു കൈനടി.. 'വാചക രാജ'.:).. നന്ദി..
  ചാണ്ടി,
  ഈ പോസ്റ്റ്‌ വായിച്ചു അവന്‍ എന്റെ പരിപ്പെടുക്കാന്‍ പോകുവാ എന്ന് ആരൊക്കെയോ പറയുന്ന കേട്ടു..എന്തെക്കെയാണ് ആവൊ നടക്കുക..:)
  അനോണി,
  നന്ദി ..!!!
  വിശാല മനസ്കാ,
  താങ്കളുടെ ഒരു പൊളപ്പന്‍ ആരാധകന്‍ ആണ് ഞാന്‍. വന്നതിനും ഈ പോസ്റ്റ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിനും എല്ലാം നൂറു നൂറു നന്ദികള്‍..
  പരമു,
  മനുവിനെ കാണുകയാണെങ്കില്‍ ആശാനെ കുനിച്ചു നിര്‍ത്തി കൂമ്പിനു ഇടിക്കല്ലേ എന്ന് ഒന്ന് പറഞ്ഞേക്കണേ.. !!!

  ReplyDelete
 21. പാവം ചില്ലറ പണി വല്ലതുമാണൊ കിട്ടിയത് എങ്ങനെ നന്നാവാതിരിക്കും .പോസ്റ്റ് രസിച്ചു

  ReplyDelete
 22. കലക്കി കേട്ടോ ....

  ReplyDelete
 23. ആദ്യമായിട്ടു വന്നതാ വന്നപ്പോ കശക്കി കെട്ടോ... നന്നായി പറഞ്ഞിരിക്കുന്നു.. കാര്യങ്ങൾ .. ആശംസകൾ

  ReplyDelete
 24. വിനു,
  നന്ദി..
  റവീന,
  നന്ദി..
  ഉമ്മു,
  നന്ദി...


  ഇനിയും വരിക.. കമന്റുകള്‍ തന്നു സഹായിക്കുക.. :)

  ReplyDelete
 25. ..
  ഇങ്ങനൊരു കഥാപാത്രം എല്ലാ നാട്ടിലുമുണ്ടകുമല്ലെ.
  നുറുങ്ങുകള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിലാണ് കാര്യം

  നന്നായി,
  പിന്നെ നയാഗ്രയില്‍ തുടങ്ങി വയാഗ്രയിലവസാനിപ്പിച്ചിരുന്നെങ്കില്‍
  ഒന്നുകൂടി രസമായേനെ എന്ന് “എനിക്ക് മാത്രം” തോന്നുന്നു..

  ആശംസകള്‍
  ..

  ReplyDelete
 26. എന്റുമ്മോ.. ചിരിച്ചു ചിരിച്ചു വയാഗ്ര ഇളകിപ്പോയി മാഷേ..

  ReplyDelete
 27. കൊള്ളാം...
  ചിരിയെ തൊട്ടുണർത്തുന്ന വയാഗ്ര തന്നെയാനല്ലോ ഈ ആശാൻ

  ReplyDelete

മിണ്ടാതെ പോയാല്‍ ആശാന് വിഷമമാകുവേ... എന്തെങ്കിലും ഒന്ന് കുറിച്ചിട്ടു പോകു മാഷെ...